പ്രവാസികൾക്ക് ഒരു കോടി വരെ പരിരക്ഷ; നോർക്ക കെയർ പ്ലസ് രണ്ടാം ഘട്ടം ആഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 18 വരെ

malayalampress
2 Min Read
  • നോർക്ക പ്രവാസി ഐ.ഡി.യോ, സ്റ്റുഡന്റ് ഐ.ഡി.യോ, എൻ.ആർ.കെ ഐ.ഡി.യോ ഉള്ള പ്രവാസികൾക്കാണ് എൻറോൾ ചെയ്യാവുക

ഗൾഫ് ഡസ്ക്: പ്രവാസികേരളീയർക്കായുള്ള സമഗ്ര ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയർ പ്ലസ്സിന്റെ രണ്ടാം ഘട്ട എൻറോൾമെന്റിന്റെയും ഇതിനായുള്ള പോർട്ടലിന്റെയും ഉദ്ഘാടനം 2026 ഓഗസ്റ്റ് 18 ന് മുഖ്യമന്ത്രി വി.ഡി സതീശൻ നിർവ്വഹിക്കും. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ രാജേഷ് മാധവനാണ് ഇക്കാര്യം അറിയിച്ചത്.

2026 ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 18 വരെയാണ് രണ്ടാംഘട്ട എൻറോൾമെന്റിന് അവസരം. 2026 ഏപ്രിൽ 15 ന് പ്രാബല്യത്തിൽ വന്ന നോർക്ക കെയർ പ്ലസ്സിന്റെ ശേഷിക്കുന്ന എട്ടു മാസത്തേയ്ക്കാണ് (2027 ഏപ്രിൽ 14 വരെ) എൻറോൾമെന്റിന് അവസരം. പ്രീമിയത്തിലും ഇതിനനുസരിച്ച് മാറ്റങ്ങളുണ്ടാകും. അഞ്ചു ലക്ഷം, 10 ലക്ഷം, 15 ലക്ഷം, 20 ലക്ഷം, 25 ലക്ഷം, 50 ലക്ഷം ഒരു കോടി രൂപ എന്നിങ്ങനെയുള്ള 07 വിവിധ സ്ലാബുകളിൽ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുന്നതാണ് നോർക്ക കെയർ പ്ലസ് പദ്ധതി.

18 മുതൽ 70 വയസ്സുവരെയുള്ള സാധുവായ നോർക്ക പ്രവാസി ഐ.ഡി.യോ, സ്റ്റുഡന്റ് ഐ.ഡി.യോ, എൻ.ആർ.കെ ഐ.ഡി.യോ ഉള്ള പ്രവാസികൾക്കാണ് എൻറോൾ ചെയ്യാവുക. 10 ലക്ഷം മുതൽ ഒരു കോടി രൂപ വരെയുള്ള പോളിസികളിൽ പോളിസി ഉടമയുടെയോ പങ്കാളിയുടെയോ മാതാപിതാക്കളെയും (80 വയസ്സു വരെ) ഉൾപ്പെടുത്താനാകും.

നോർക്ക റൂട്ട്സ് വെബ്സൈറ്റ് സന്ദർശിച്ചോ (www.norkaroots.kerala.gov.in) നോർക്ക കെയർ പ്ലസ് മൊബൈൽ ആപ്ലിക്കേഷനുകൾ (ആപ്പിൾ ആപ്പ് സ്റ്റോർ, ഗൂഗിൾ പ്ലേ സ്റ്റോർ) വഴിയോ എൻറോൾ ചെയ്യാവുന്നതാണ്.

കേരളത്തിലെ 688 ലധികം ആശുപത്രികൾ ഉൾപ്പെടെ രാജ്യത്തെ 24,000 ത്തോളം ആശുപത്രികൾ വഴി ക്യാഷ്ലെസ് ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി. നോർക്ക കെയർ, നോർക്ക കെയർ പ്ലസ് പദ്ധതികളിലായി 138 രാജ്യങ്ങളിൽ നിന്നുള്ള 1,62,000 ത്തോളം പ്രവാസി കുടുംബങ്ങളാണ് ഇതുവരെ എൻറോൾ ചെയ്തത്.

2026 ജൂലൈ 31 വരെ 31,660 പോളിസി ഉടമകൾക്ക് 227 കോടി രൂപ ക്ലെയിം ഇനത്തിൽ നൽകി. 99.38% ക്ലെയിമുകളും തീർപ്പായി എന്ന മികച്ച നേട്ടത്തോടെയാണ് നോർക്ക കെയർ പ്ലസ് രണ്ടാംഘട്ട എൻറോൾമെന്റിലേക്ക് കടക്കുന്നത്. പ്രമുഖ പൊതുമേഖലാ സ്ഥാപനമായ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുമായി സഹകരിച്ചാണ് നോർക്ക കെയർ പ്ലസ് നടപ്പിലാക്കുന്നത്.

പത്രസമ്മേളനത്തിൽ നോർക്ക റൂട്ട്സ് ജനറൽ മാനേജർ പ്രകാശ് പി ജോസഫ്, സെക്ഷൻ ഓഫീസർ രമണി കെ എന്നിവരും സംബന്ധിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article