യു.എസിനെ മാത്രം ആശ്രയിച്ചിട്ട് കാര്യമില്ല; മിഡില്‍ ഈസ്റ്റില്‍ ഇന്ന് നിര്‍ണായക നീക്കങ്ങള്‍; സഊദിയും തുര്‍ക്കിയും പാകിസ്താനും തമ്മില്‍ സംയുക്ത പ്രതിരോധ കരാര്‍

malayalampress
2 Min Read

ജിദ്ദ: ഇറാനെ യുഎസും ഇസ്റാഈലും ചേര്‍ന്ന് ആക്രമിച്ചതിനെത്തുടര്‍ന്ന് പശ്ചിമേഷ്യയില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷസാഹചര്യങ്ങള്‍ക്കിടെ ഇന്ന് സഊദി യിൽ നിർണ്ണായക കൂടിക്കാഴ്ച. സഊദിയുമായി നടത്തുന്ന നിർണ്ണായക നീക്കങ്ങൾക്കിടെ സഊദി അറേബ്യയും തുര്‍ക്കിയും പാകിസ്താനും സംയുക്ത പ്രതിരോധ കരാറില്‍ ഒപ്പുവയ്ക്കും. ഇന്ന് ജിദ്ദയില്‍ നടക്കുന്ന ചടങ്ങില്‍ കരാര്‍ ഒപ്പുവയ്ക്കുമെന്നാണ് സൗദി സൈന്യത്തോടും സര്‍ക്കാരിനോടും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തത്. കരാറിന്റെ വിശദമായ വ്യവസ്ഥകളും ലക്ഷ്യങ്ങളും ഇതുവരെ പുറത്തുവിട്ടിട്ടില്ല.

സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍, തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍, പാകിസ്താന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ശരീഫ് എന്നിവര്‍ ജിദ്ദയില്‍ എത്തുന്നുണ്ട്. ഷഹ്ബാസ് ശരീഫും പാകിസ്താന്‍ സൈനിക മേധാവി അസിം മുനീറും ഇന്നലെ തന്നെ സഊദിയിലെത്തി.

പ്രാദേശിക സുരക്ഷാ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ പ്രതിരോധ ധാരണയെന്നാണ് സൂചന. പശ്ചിമേഷ്യയിലെ നിലവിലെ സംഘര്‍ഷങ്ങളും ഗള്‍ഫ് മേഖലയിലെ സുരക്ഷാ ആശങ്കകളും പുതിയ നീക്കത്തിന് വേഗം കൂട്ടിയെന്നാണ് സഊദി സൈന്യവുമായി അടുത്ത വൃത്തം എഎഫ്പിയോട് പറഞ്ഞത്.

സഊദിയും പാകിസ്താനും നേരത്തെ തന്നെ പ്രതിരോധ സഹകരണം ശക്തമാക്കിയിട്ടുണ്ട്. അതിനിടെ തുര്‍ക്കിയെ കൂടി ഉള്‍പ്പെടുത്തി പുതിയ ത്രിരാഷ്ട്ര പ്രതിരോധ സഹകരണത്തിന് നീക്കം നടക്കുന്നത് മേഖലയില്‍ ശ്രദ്ധേയമായ മാറ്റമായാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം ഇന്ന് ഒപ്പിടുമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പുതിയ കരാറിന്റെ കൃത്യമായ പരിധിയും സംയുക്ത പ്രതിരോധ ബാധ്യതകളും സംബന്ധിച്ച വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല.

അമേരിക്കയുമായുള്ള ദീര്‍ഘകാല സുരക്ഷാ പങ്കാളിത്തം നിലനിര്‍ത്തിക്കൊണ്ടുതന്നെ സഊദി അറേബ്യ പ്രാദേശികവും അന്തര്‍ദേശീയവുമായ മറ്റ് ശക്തികളുമായുള്ള പ്രതിരോധ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ സൂചനയായും പുതിയ നീക്കത്തെ കാണുന്നുണ്ട്. പ്രത്യേകിച്ച് ഇറാനുമായുള്ള സംഘര്‍ഷങ്ങള്‍ക്കിടെ അമേരിക്കന്‍ സുരക്ഷാ പങ്കാളിത്തം ഉണ്ടായിട്ടും സഊദി നേരിട്ട സുരക്ഷാ വെല്ലുവിളികള്‍ റിയാദിനെ സ്വന്തം പ്രതിരോധ ശേഷിയും ബദല്‍ സുരക്ഷാ പങ്കാളിത്തങ്ങളും ശക്തിപ്പെടുത്തുന്നതിലേക്ക് എത്തിക്കുകയായിരുന്നു. പാകിസ്താന്റെ സൈനിക ശേഷിയും തുര്‍ക്കിയുടെ പ്രതിരോധ വ്യവസായവും സഊദിക്ക് പ്രാധാന്യമുള്ളതിനാല്‍, ഇരുരാജ്യങ്ങളുമായുള്ള സഹകരണം ശക്തമാക്കുന്നത് അമേരിക്കയെ പൂര്‍ണമായി അകറ്റുന്നതിനേക്കാള്‍ ഒരൊറ്റ ശക്തിയെ മാത്രം ആശ്രയിക്കാത്ത ബഹുമുഖ സുരക്ഷാ തന്ത്രത്തിന്റെ ഭാഗമായാണ് കാണുന്നത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!