ഉമ്മുൽ ഖുവൈൻ: വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെ താമസസ്ഥലത്തുനിന്ന് പള്ളിയിലേക്ക് പുറപ്പെട്ട യുവ മലയാളി പ്രവാസിയായ കാസർകോട് കാഞ്ഞങ്ങാട് നോർത്ത് ചിത്താരി മീത്തൽ സ്വദേശി ടി.വി. ഫിറോസിനെ (32) വൈകുന്നേരമായിട്ടും കാണാത്തതിനെ തുടർന്നാണ് ഒപ്പം താമസിക്കുന്നവർ തിരച്ചിൽ ആരംഭിച്ചത്.
ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് രാത്രി ഒൻപതോടെ ഫിറോസ് ജോലി ചെയ്യുന്ന സ്ഥാപനത്തിന് തൊട്ടുപിന്നിലെ കച്ച (ഒഴിഞ്ഞ സ്ഥലം) പാർക്കിങ്ങിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ഡ്രൈവിങ് സീറ്റിൽ ചാരി കിടക്കുന്ന നിലയിൽ കണ്ടെത്തി.
പിന്നാലെ ആളുകൾ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസും ആംബുലൻസും സ്ഥലത്തെത്തി കാറിന്റെ ഗ്ലാസ് പൊളിച്ചാണ് ഫിറോസിനെ പുറത്തെടുത്തെങ്കിലും പ്രിയപ്പെട്ടവരെ കണ്ണീരിലാഴ്ത്തി ആ വിയോഗം സംഭവിച്ചിരുന്നു. പരിശോധനയിൽ ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്ന് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച ജുമുഅ പ്രാർഥനയ്ക്കായി താമസ സ്ഥലത്ത് നിന്ന് പോയ ഫിറോസിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തിലാണ് പ്രവാസ ലോകം.
ദുബായിൽ സഹോദരങ്ങൾക്കൊപ്പം സൂപ്പർമാർക്കറ്റ് നടത്തിവരികയായിരുന്നു ഫിറോസ്. പരേതരായ മൊയ്തീൻ ഹാജിയുടെയും മറിയമിന്റെയും മകനാണ്. ഭാര്യ: ഹാദിയ. സഹോദരങ്ങൾ: അഷ്റഫ്, സൈനുദ്ദീൻ, ഹമീദ്, ഹനീഫ, നാസർ, യൂസഫ്, ഇസ്മായിൽ, സൗദ, ഫൗസിയ.
മൃതദേഹം നിലവിൽ ഉമ്മുൽ ഖുവൈൻ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. ഔദ്യോഗിക നടപടികൾ പൂർത്തിയായ ശേഷം മയ്യിത്ത് നമസ്കാരത്തിന്റെ സമയവും സ്ഥലവും അറിയിക്കുമെന്നും ആ സമയത്ത് എല്ലാവർക്കും മൃതദേഹം കാണാനുള്ള സൗകര്യം ഒരുക്കുമെന്നും ബന്ധുക്കൾ അറിയിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
