രാജസ്ഥാനിലെ 18 കൗൺസിലർമാരെ കാണാനില്ല; ഹരിയാണ പോലീസ് കസ്റ്റഡിയിൽ എടുത്തതെന്ന് കോൺഗ്രസ്

News Desk
2 Min Read

ജയ്പുർ: രാജസ്ഥാനിൽനിന്നുള്ള പതിനെട്ട് കൗൺസിലർമാരെ കാണാനില്ലെന്ന് പരാതിക്ക് പിന്നാലെ വൻ രാഷ്ട്രീയവിവാദം. മുൻസിപ്പൽ കൗൺസിൽ ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പിൽ തങ്ങൾക്ക് അനുകൂലമായി വോട്ട് ചെയ്യാനിരുന്ന 18 സ്വതന്ത്ര കൗൺസിലർമാരെയാണ് കാണാതായതെന്ന് കോൺഗ്രസ് പറയുന്നു.

ഹരിയാണയിൽവെച്ചാണ് കൗൺസിലർമാരെ കാണാതായത്. രാജസ്ഥാനിലെ തിജാര മുൻസിപ്പിൽ കൗൺസിലിൽനിന്നുള്ള അംഗങ്ങളാണ് ഇവർ. ഇന്ന്(തിങ്കളാഴ്ച) നടക്കുന്ന ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ ഹിമാചൽ പ്രദേശിൽനിന്ന് മടങ്ങവേ ഹരിയാണയിൽവെച്ചാണ് ഇവരെ കാണാതായത്.

ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പ് ഏറെ നിർണായകമായതിനാൽ ഈ കൗൺസിലർമാർ എല്ലാവരും ഹിമാചൽ പ്രദേശിൽ ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. സംഭവത്തിൽ ഹരിയാണ പോലീസ് അന്വേഷണം ആരംഭിച്ചു.

അതേസമയം ഹിമാചൽപ്രദേശിൽനിന്ന് ഹരിയാണവഴി മടങ്ങിയ തങ്ങളുടെ കൗൺസിലർമാരെ ഹരിയാണ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി. ഹരിയാണയിലെ പഞ്ച്കുള ജില്ലയിലെ ചാന്ദിമന്ദിർ-സൂരജ്പുർ ടോൾ പ്ലാസയ്ക്ക് സമീപത്തുവെച്ചുവെച്ചായിരുന്നു നടപടിയെന്നും പോലീസ് വാഹനത്തിലാണ് കൗൺസിലർമാരെ കൊണ്ടുപോയതെന്നും കോൺഗ്രസ് ആരോപിക്കുന്നു. ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പിൽ പങ്കെടുക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്നും കോൺഗ്രസ് കൂട്ടിച്ചേർത്തു. 

കോൺഗ്രസിന്റെ ആരോപണത്തിന് പിന്നാലെ പിഞ്ചോർ പോലീസ് സ്‌റ്റേഷന് മുന്നിൽ പാർട്ടിപ്രവർത്തകർ പ്രതിഷേധവുമായെത്തി. കൗൺസിലർമാരെക്കുറിച്ചുള്ള വിവരങ്ങൾ നൽകണമെന്ന് മുതിർന്ന നേതാക്കൾ ആവശ്യപ്പെടുകയും ചെയ്തു.

തിജാര മുൻസിപ്പൽ കൗൺസിലിലെ തങ്ങളുടെ സ്ഥാനാർഥിക്ക് 19 കൗൺസിലർമാരുടെ പിന്തുണയുണ്ടെന്നും അവരെ ഹിമാചൽ പ്രദേശിലേക്ക് ഒരു ട്രിപ്പിന് കൊണ്ടുപോയതായിരുന്നെന്നും കോൺഗ്രസ് നേതാവും കൽക മണ്ഡലത്തിലെ മുൻ എംഎൽഎയുമായ പ്രദീപ് ചൗധരി പറഞ്ഞു. അവർ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം രാത്രി രാജസ്ഥാനിലേക്ക് മടങ്ങിവരവേ, പിഞ്ചോറിലെ ടോൾ പ്ലാസയ്ക്ക് സമീപത്തുവെച്ച് വാഹനങ്ങൾ തടയുകയും നിർബന്ധപൂർവം പോലീസ് വാഹനത്തിൽ കയറ്റി കൊണ്ടുപോയി, പ്രദീപ് ആരോപിച്ചു.

ബിജെപിയെ പരാജയപ്പെടുത്തി വിജയിക്കുകയും ചെയർപേഴ്‌സൺ തിരഞ്ഞടുപ്പിൽ കോൺഗ്രസിന് വോട്ട് ചെയ്യണമെന്ന് താത്പര്യപ്പെടുകയും ചെയ്ത കൗൺസിലർമാരെ അതിൽനിന്ന് തടയുകയാണെന്നും പ്രദീപ് പറഞ്ഞു. അതേസമയം, സംഭവവവുമായി യാതൊരു ബന്ധവുമില്ലെന്ന് കോൺഗ്രസ് ആരോപണം നിഷേധിച്ച് ഹരിയാണ പോലീസ് പറഞ്ഞു. കൗൺസിലർമാരെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും എസിപി രാംകുമാർ പറഞ്ഞു.

35 വാർഡുകളുള്ള തിജാര മുൻസിപ്പൽ കൗൺസിലിൽ മുപ്പത്തൊന്നിടത്തും വിജയിച്ചത് സ്വതന്ത്രരാണ്. ബിജെപിക്ക് മൂന്ന് സീറ്റിലും കോൺഗ്രസിന് ഒരു സീറ്റിലുമാണ് ജയിക്കാനായത്. പാർട്ടി ചിഹ്നത്തിൽ മത്സരിച്ച് ജയിച്ചത് ഒരംഗം മാത്രമാണെങ്കിലും 18 സ്വതന്ത്രർ തങ്ങളെയാണ് പിന്തുണയ്ക്കുന്നതെന്ന് കോൺഗ്രസ് അവകാശപ്പെടുന്നു.

….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!