ആ ബാങ്കുവിളിനാദം നിലച്ചു: മക്ക ഹറം മുഅദ്ദിൻ ശൈഖ് ഇബ്രാഹിം അൽ മദനി അന്തരിച്ചു

malayalampress
2 Min Read
  • വിടപറഞ്ഞത് ഇന്ന് സുബ്ഹി ബാങ്ക് വിളിച്ചശേഷം

മക്ക: വിശുദ്ധ മക്കയിലെ മസ്ജിദുൽ ഹറാമിലെ മുഅദ്ദിൻ ശൈഖ് ഇബ്രാഹിം ബിൻ ആദിൽ അൽ മദനി അന്തരിച്ചു. തിങ്കളാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. ഹറമൈൻ ജീവനക്കാരും അദാൻ സേവനവുമായി ബന്ധപ്പെട്ടവരും അദ്ദേഹത്തിന്റെ വിയോഗവാർത്ത പങ്കുവച്ചതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ അദ്ദേഹത്തിന്റെ അദാനും തക്ബീറുകളും വീണ്ടും വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു. 51 വയസായിരുന്നു.

മസ്ജിദുൽ ഹറാമിലെ പ്രാർത്ഥനയ്ക്കുള്ള അദ്ദേഹത്തിന്റെ അവസാന ആഹ്വാനം ഇന്നത്തെ പ്രഭാത നമസ്കാരത്തിനുള്ള (ഫജ്ർ അദാൻ) ബാങ്ക് വിളി ആയിരുന്നു, ഇസ്ലാമിലെ ഏറ്റവും പവിത്രമായ പള്ളിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ അവസാനത്തെ ആഹ്വാനം കൂടിയായിരുന്നു അത്.

മസ്ജിദുൽ ഹറാമിലെ ഔദ്യോഗിക മുഅദ്ദിൻമാരിൽ ഒരാളായിരുന്നു ശൈഖ് ഇബ്രാഹിം അൽ മദനി. പ്രത്യേകിച്ച് പ്രഭാത നമസ്കാരത്തിനുള്ള ബാങ്ക്, തക്ബീറുകൾ, നമസ്കാരത്തിനിടെ ഇമാമിന്റെ ശബ്ദം വിശ്വാസികളിലേക്ക് ആവർത്തിച്ച് വിളിച്ച് പറയുന്ന ‘തബ്ലീഗ്’ സേവനം എന്നിവയിലൂടെ അദ്ദേഹം ശ്രദ്ധേയനായിരുന്നു. മസ്ജിദുൽ ഹറാമിലെ പ്രധാന മുഅദ്ദിൻമാരിൽ ഒരാളായിരുന്ന അദ്ദേഹത്തിന്റെ ശബ്ദം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന തീർഥാടകർക്കും ഹറമിന്റെ പ്രാർത്ഥനകൾ പിന്തുടരുന്ന വിശ്വാസികൾക്കും സുപരിചിതമായിരുന്നു.

മദീനയിൽ ജനനം; 15-ാം വയസ്സിൽ ബാങ്ക് വിളിച്ചു തുടങ്ങി

1976-ൽ മദീനയിൽ ജനിച്ച ശൈഖ് ഇബ്രാഹിം മതപരമായ അന്തരീക്ഷത്തിലാണ് വളർന്നത്. ഖുർആൻ മനഃപാഠമാക്കിയിരുന്ന മുത്തച്ഛന്റെ സ്വാധീനം അദ്ദേഹത്തിന്റെ ജീവിതത്തിൽ നിർണായകമായിരുന്നുവെന്നു. പിന്നീട് ഖുർആൻ പഠനത്തിൽ അക്കാദമിക് യോഗ്യതയും നേടി.

15-ാം വയസ്സിൽ മദീനയിലെ ഒരു പ്രാദേശിക പള്ളിയിൽ മുഅദ്ദിനായാണ് അദ്ദേഹത്തിന്റെ ബാങ്ക് വിളി സേവനത്തിന് തുടക്കമായത്. പിന്നീട് അധ്യാപന ജോലികളുടെ ഭാഗമായി കുറച്ചുകാലം സേവനത്തിൽ നിന്ന് വിട്ടുനിന്ന അദ്ദേഹം 1428 ഹിജ്റയിൽ മദീനയിലെ മസ്ജിദ് അൽ മദ്ദാഹിൽ വീണ്ടും ബാങ്ക് വിളിക്കാൻ തുടങ്ങി. തുടർന്ന് മക്കയിലെ മസ്ജിദുൽ ഹറാമിൽ സേവനം ചെയ്യാനുള്ള അവസരം ലഭിക്കുകയും ഹിജ്റ 1439 ൽ (2017–2018) ഹറമിലെ മുഅദ്ദിനായി ഔദ്യോഗികമായി നിയമിക്കപ്പെടുകയും ചെയ്തു.

മദീനയിലെ ബാങ്ക് വിളി ശൈലിയുടെ സ്വാധീനം അദ്ദേഹത്തിന്റെ ആലാപനത്തിലുണ്ടായിരുന്നു. അതേസമയം, പിതാവിനൊപ്പം മക്ക സന്ദർശിച്ചിരുന്ന കാലത്ത് മസ്ജിദുൽ ഹറാമിലെ മുൻ മുഅദ്ദിൻ ശൈഖ് അബ്ദുൽ ലത്തീഫ് മുല്ലയുമായുള്ള പരിചയം മക്കയിലെ പരമ്പരാഗത ബാങ്ക് ശൈലിയെ അടുത്തറിയാനും സഹായിച്ചതായി റിപ്പോർട്ടുകളിൽ പറയുന്നു.

ശൈഖ് ഇബ്രാഹിം അൽ മദനിയുടെ ജനാസ നമസ്കാരം ഇന്ന് അസർ നമസ്കാരത്തിന് ശേഷം മസ്ജിദുൽ ഹറാമിൽ നടക്കും. തുടർന്ന് മക്കയിലെ ചരിത്രപ്രസിദ്ധമായ ജന്നത്തുൽ മുഅല്ല (Al Mualla Cemetery) ഖബർസ്ഥാനിൽ ഖബറടക്കും.

മസ്ജിദുൽ ഹറാമിന്റെ മിനാരങ്ങളിൽ നിന്ന് വർഷങ്ങളോളം ഉയർന്ന അദ്ദേഹത്തിന്റെ അദാനും തക്ബീറുകളും ലോകമെമ്പാടുമുള്ള വിശ്വാസികളുടെ ഓർമകളിൽ നിലനിൽക്കും.

 

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!