ഹൗസ്റ്റൺ: 52 വർഷത്തിന് ശേഷമുള്ള ലോകകപ്പിലേക്ക് തിരിച്ചുവരവ്… അതിൽ തന്നെ യൂറോപ്പിലെ പ്രബല ശക്തികളായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ സമനിലയിൽ തളയ്ക്കാനാകുക… ജയത്തോളം പോന്ന ഒരു സമനില നേട്ടം! രാജ്യത്തിൻ്റെ ചരിത്രത്തിലെ ആദ്യ ലോകകപ്പ് ഗോളും ഒരു പോയിൻ്റും നേടി ലോകത്തിന് മുന്നിലൊരു വിസ്മയം തീർത്തിരിക്കുകയാണ് ഡെമാക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ! ഫിഫ റാങ്കിങ്ങിലെ അഞ്ചാം സ്ഥാനക്കാരെയാണ് 46ാം സ്ഥാനക്കാർ വിറപ്പിച്ചതെന്ന് നമ്മൾ പ്രത്യേകം ഓർക്കണം. രാജ്യത്തിൻ്റെ ഫുട്ബോളിൻ്റെ ചരിത്രത്തിലെ എക്കാലത്തേയും മികച്ച നേട്ടങ്ങളിലൊന്നായി ഈ സമനിലയെ കാലം രേഖപ്പെടുത്തും…
1974ൽ പശ്ചിമ ജർമനിയിൽ വച്ച് നടന്ന ലോകകപ്പിൽ കോംഗോ പങ്കെടുത്തിരുന്നു. അന്ന് ഇന്നത്തെ പോലെ ഗരിമയുള്ളൊരു പേരൊന്നും ആയിരുന്നില്ല അവരുടേത്… സൈർ എന്നാണ് അക്കാലത്ത് ആ രാജ്യം അറിയപ്പെട്ടിരുന്നത്. ലോകകപ്പിന് യോഗ്യത നേടുന്ന ആദ്യത്തെ സബ്-സഹാറൻ ആഫ്രിക്കൻ രാജ്യമായി സൈർ മാറി. അന്ന് ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ തോറ്റ് പുറത്താകാനായിരുന്നു വിധി. സ്കോട്ട്ലൻഡ് (0-2), യുഗോസ്ലാവിയ (0-9), ബ്രസീൽ (0-3) എന്നിവരോടൊപ്പം ആദ്യ റൗണ്ടിൽ കനത്ത തോൽവിയേറ്റു വാങ്ങിയിരുന്നു.
യുഎസ് ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിൽ കിരീട സാധ്യതയോടെയെത്തിയ… പോർച്ചുഗലിൻ്റെ സുവർണകാല ടീമെന്ന് വിശേഷിപ്പിക്കപ്പെടുന്നൊരു പോർച്ചുഗീസ് സ്ക്വാഡിനെയാണ് അവർ സമനിലയിൽ കുരുക്കിയത്. ഈ രാത്രി കോംഗോ ജനതയ്ക്ക് ആഘോഷരാവാണ്… അതേസമയം പോർച്ചുഗീസ് ടീമിന് സ്വയം വിമർശനങ്ങളിലൂടെ തിരുത്തപ്പെടാനുള്ള സുവർണാവസരവും. മത്സരത്തിൻ്റെ എല്ലാ മേഖലകളിലും പോർച്ചുഗലിനെ ഞെട്ടിക്കുന്ന പ്രകടനമാണ് ഈ സെൻട്രൽ ആഫ്രിക്കൻ രാജ്യം പുറത്തെടുത്തത്. ആഫ്രിക്കൻ വൻകരയിലെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യവും ലോകത്തെ 11ാമത്തെ ഏറ്റവും രാജ്യവുമായാണ് കോംഗോ അറിയപ്പെടുന്നത്.
ആദ്യ പകുതിയുടെ ആറാം മിനിറ്റിൽ തന്നെ ജോവോ നെവെസിൻ്റെ തകർപ്പനൊരു ഹെഡ്ഡറിലൂടെ മുന്നിലെത്തിയ പോർച്ചുഗൽ സ്ക്വാഡ് പിന്നീട് ആദ്യ പകുതിയിലുടനീളം ആലസ്യത്തിലാണ്ടു പോയി. അതിനുള്ള ഷോക്ക് ട്രീറ്റ്‌മെൻ്റ് ആദ്യപകുതിയുടെ ഇഞ്ച്വറി ടൈമിൽ കോംഗോ പറങ്കിപ്പടയ്ക്ക് നൽകുകയും ചെയ്തു. കോംഗോ താരം യോനെ വിസ്സയാണ് ഒരു കോർണറിൽ നിന്ന് ലഭിച്ച ക്രോസിൽ തലവച്ച് പോർച്ചുഗീസ് ഗോൾവല കുലുക്കിയത്. കന്നി ലോകകപ്പ് മത്സരത്തിൽ ഒരും ഗോളും ഒപ്പം നിർണായകമായ ഒരു പോയിൻ്റും നേടി ഈ ആഫ്രിക്കൻ കരുത്തർ ലോകഫുട്ബോളിൻ്റെ തറവാട്ട് മുറ്റത്ത് ഒരു കസേര വലിച്ചിട്ട് ഇരിക്കുകയാണ്.
….
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
