തിരുവനന്തപുരം: ശബരിമലയിൽ കഴിഞ്ഞ മണ്ഡല-മകരവിളക്ക് സീസണിൽ മിൽമയിൽനിന്ന് വാങ്ങിയ 1.77 ലക്ഷം ലിറ്റർ നെയ്യിൽ ഭൂരിഭാഗവും സന്നിധാനത്ത് എത്തിയില്ലെന്ന് സംശയം. ഈ സാധ്യത കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് വിജിലൻസ്. ആദ്യഘട്ടത്തിൽ ഭക്ഷ്യസുരക്ഷാ പരിശോധനയില്ലാതെ നാല് ബാച്ച് നെയ്യ് സന്നിധാനത്തേക്ക് കടത്തിയെന്നായിരുന്നു സംശയമെങ്കിൽ, ഇപ്പോൾ നാല് ബാച്ചുകളും പമ്പയിലെ പരിശോധനാകേന്ദ്രത്തിലെത്തിയിട്ടില്ലെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
മിൽമയിൽനിന്ന് കയറ്റിവിട്ട യഥാർഥ നെയ്യ് വഴിമധ്യേ മറ്റൊരിടത്തേക്ക് മാറ്റാനുള്ള സാധ്യതയാണ് തെളിയുന്നത്. ആദ്യ പരിശോധനയ്ക്ക് നൽകിയ രണ്ടു ബാച്ചുകളിൽ സാംപിളായി നൽകിയത് മിൽമ നെയ്യ് തന്നെയായിരുന്നെന്നാണ് വിവരം. പരിശോധനാഫലം ലഭിച്ചശേഷം സന്നിധാനത്ത് എത്തിച്ചത് വ്യാജനെയ്യാണെന്ന സൂചനയാണ് പുറത്തുവരുന്നത്. ശേഷിച്ച നാല് ബാച്ചുകളിലെ യഥാർഥ നെയ്യ് സന്നിധാനത്തേക്ക് കൊണ്ടുപോയിട്ടില്ലെന്നും സംശയമുണ്ട്.
കഴിഞ്ഞ മണ്ഡല സീസണിൽ ഭക്തർ കൊണ്ടുവന്ന നെയ്യ് കാരണം സന്നിധാനത്തെ സംഭരണികൾ നിറഞ്ഞിരുന്നതായും പുറത്തുനിന്നുള്ള നെയ്യ് ആവശ്യമില്ലെന്ന സന്ദേശം ബന്ധപ്പെട്ടവർക്ക് ലഭിച്ചതായും സൂചനയുണ്ട്. മിൽമയിൽനിന്ന് പുറപ്പെട്ട ചില വാഹനങ്ങൾ പമ്പയ്ക്കുപകരം മറ്റൊരിടത്തേക്കാണ് പോയതെന്നാണ് നിഗമനം.
മിൽമയിൽനിന്ന് ലിറ്ററിന് 510 രൂപ നിരക്കിൽ വാങ്ങിയ നെയ്യ് വഴിമധ്യേ മാറ്റി, തമിഴ്‌നാട്ടിൽനിന്നുള്ള നിലവാരംകുറഞ്ഞ നെയ്യ് പകരംവെച്ചശേഷം യഥാർഥ നെയ്യ് ലിറ്ററിന് 720 രൂപ നിരക്കിൽ മറിച്ചുവിറ്റോയെന്നും അന്വേഷിക്കുന്നുണ്ട്.
നെയ്യ് ക്രമക്കേട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ക്ഷീരവികസന വകുപ്പ് തിരുവനന്തപുരം മെഡിക്കൽകോളേജ് പോലീസിൽ പരാതി നൽകി. സംശയങ്ങളേറെയുണ്ടെന്നും സത്യമറിയണമെന്നും പരാതിയിൽ പറയുന്നു.
…..
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
