മിന്നൽപ്രളയത്തിൽ 8 മരണം; കരകവിഞ്ഞ് നദികൾ, 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

News Desk
2 Min Read

കോട്ടയം: ഇരുട്ടിവെളുത്തപ്പോൾ മിന്നൽപ്രളയം. മഴക്കലിയിൽ വിറച്ചുനിന്ന സംസ്ഥാനം ആശങ്കയുടെ മുൾമുനയിൽ ഇന്നലെ ദിവസം തള്ളിനീക്കി. ഒരു മാസത്തെ മഴ ഒരുമിച്ചു പെയ്തിറങ്ങിയ 24 മണിക്കൂറിൽ ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളാണ് ഏറ്റവും കൂടുതൽ നാശമുണ്ടായത്. സംസ്ഥാനത്ത് 3 കുട്ടികൾ ഉൾപ്പടെ 8 പേർ മരിച്ചു. 7 പേരെ കാണാതായി. ഔദ്യോഗികമായി സ്ഥിരീകരിച്ചത് 6 മരണം. 14 ജില്ലകളിലും മഴ നാശംവിതച്ചു.

പലയിടത്തായുണ്ടായ ലഘുമേഘവിസ്ഫോടനങ്ങളാണു പെട്ടെന്നുള്ള മഴയ്ക്കു കാരണം. ഏറ്റവും കൂടുതൽ പെയ്ത്ത് പത്തനംതിട്ടയിലെ വടശേരിക്കരയിൽ (24 മണിക്കൂറിൽ 36.1 സെന്റീമീറ്റർ) ഇടുക്കി ജില്ലയിലെ വാഗമണിൽ 31.43 സെന്റീമീറ്റർ മഴ രേഖപ്പെടുത്തി. ഇടുക്കി കല്ലാർ ഉൾപ്പെടെ വിവിധ ഡാമുകൾ തുറന്നു. തിരുവനന്തപുരം, കൊല്ലം ഒഴികെ എല്ലാ ജില്ലകളിലും ഇന്ന് ഓറഞ്ച് അലർട്ട്. മിന്നൽ പ്രളയത്തിൽ റാന്നി ടൗൺ മുങ്ങി. പമ്പ, അച്ചൻകോവിൽ, മണിയാർ, കല്ലടയാർ എന്നീ നദികൾ കരകവിഞ്ഞു.

ശക്തമായ മഴയോടൊപ്പം കിഴക്കൻ വെള്ളത്തിന്റെ വരവുകൂടി വർധിച്ചതോടെ ചങ്ങനാശേരിയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിലും വെള്ളം ഉയർന്നു തുടങ്ങി. എസി കനാലിലും വെള്ളം ഉയർന്നു. 

ശക്തമായ മഴയും മലവെള്ളപ്പാച്ചിലിലും കോട്ടയം ഏറ്റുമാനൂരിലെയും സമീപ പ്രദേശങ്ങളിലെയും താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ.  ഇന്നലെ  വൈകിട്ടോടെ പേരൂർ  പായിക്കാട് ഭാഗത്ത് മീനച്ചിലാർ കരകവിഞ്ഞു. 12 വീടുകളിൽ വെള്ളം കയറി, 60 വീടുകൾ വെള്ളത്താൽ ചുറ്റപ്പെട്ടു. പാടശേഖരങ്ങളും ഇടറോഡുകളും വെള്ളക്കെട്ടിൽ‌. 2 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. 

ഇടുക്കി ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത ഉള്ളതിനാൽ വിനോദ സഞ്ചാരത്തിനു പൂർണ നിരോധനം ഏർപ്പെടുത്തിയതായി ജില്ലാ കലക്ടർ അറിയിച്ചു. റെഡ്, ഓറഞ്ച് അലർട്ടുകൾ പിൻവലിക്കുന്നതുവരെ വിനോദ സഞ്ചാരികൾ ജില്ലയിൽ സന്ദർശനം നടത്തരുത്. അത്യാവശ്യ ഘട്ടങ്ങളിലൊഴികെ യാത്രകൾ ഒഴിവാക്കണമെന്നും കലക്ടർ ആവശ്യപ്പെട്ടു. എന്നാൽ പൊതു പരീക്ഷകൾക്ക് എത്തുന്നവർക്ക് നിയന്ത്രണം ബാധകമല്ല. 

മഴ കെടുതിയിൽപ്പെട്ട കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിനു ഇടുക്കി ജില്ലയിൽ ക്യാംപുകൾ തുറന്നു. തൊടുപുഴ താലൂക്കിൽ മുട്ടം പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ തുറന്ന ക്യാംപിൽ 2 കുടുംബങ്ങളിലെ ആറ് അംഗങ്ങളാണുള്ളത്. ആലക്കോട് ചവർണ അങ്കണവാടിയിൽ 7 കുടുംബങ്ങളിലെ 33 പേർ ഉണ്ട്. കഞ്ഞിക്കുഴി പഞ്ചായത്തിലെ തട്ടേക്കണ്ണി കമ്യൂണിറ്റി ഹാളിലെ ക്യാംപിൽ നിലവിൽ 7 പേരാണുള്ളത്. ഇതിനു പുറമേ, ഇടുക്കി താലൂക്കിൽ കീരിത്തോട് ഗവ.എൽപി സ്കൂളിലും ദേവികുളം മന്നാംകണ്ടം വില്ലേജിൽ അടിമാലി ഗവ.ഹയർ സെക്കൻഡറി സ്കൂളിലും ക്യാംപ് തുറന്നിട്ടുണ്ട്. ഇവിടേക്ക് ജനങ്ങളെ മാറ്റിപ്പാർപ്പിച്ചു തുടങ്ങിയിട്ടില്ല. 

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article