- ‘മക്ക കരാറിൽ’ ഒപ്പുവെച്ച രാജ്യങ്ങൾ, സംഘർഷം ലഘൂകരിക്കുന്നതിനുള്ള വഴികൾ ചർച്ച ചെയ്യുന്നതിനും ഖത്തർ, പാകിസ്ഥാൻ എന്നിവയുടെ മധ്യസ്ഥ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനുമായി ടെഹ്റാനിൽ ഒത്തുചേരുന്നു.
തെഹ്റാൻ: ‘മക്ക സംയുക്ത പ്രതിരോധ കരാറിൽ’ (Makkah Agreement for Joint Defense) ഉൾപ്പെട്ട രാജ്യങ്ങളും ഇറാനിയൻ ഉദ്യോഗസ്ഥരും തമ്മിൽ തെഹ്റാനിൽ ഇന്ന് ചർച്ചകൾ നടക്കും. തിങ്കളാഴ്ച നടക്കുന്ന ചർച്ചകളിൽ സഊദി അറേബ്യയുടെ പ്രതിനിധി സംഘത്തെ പ്രതിരോധ മന്ത്രി പ്രിൻസ് ഖാലിദ് ബിൻ സൽമാൻ നയിക്കുമെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ പബ്ലിക് ഡിപ്ലോമസി അണ്ടർ സെക്രട്ടറി ഡോ. റായിദ് ഖർമാലി അറിയിച്ചു. സംഘർഷം കുറയ്ക്കുന്നതിനും മേഖലയിലെ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനുമുള്ള വഴികൾ ചർച്ച ചെയ്യുകയാണ് ഈ കൂടിക്കാഴ്ചയുടെ ലക്ഷ്യം.
മേഖലയിൽ സുരക്ഷയും സ്ഥിരതയും സ്ഥാപിക്കുന്നതിൽ ‘മക്ക കരാർ’ രാജ്യങ്ങൾക്കുള്ള നിർണായക പങ്കിനെ ഈ കൂടിക്കാഴ്ച എടുത്തു കാണിക്കുന്നു. നിലവിലെ പ്രതിസന്ധിയിൽ ഉൾപ്പെട്ട കക്ഷികൾ തമ്മിലുള്ള സംഘർഷം ലഘൂകരിക്കാനും, ചർച്ചകളെയും നയതന്ത്ര പരിഹാരങ്ങളെയും പ്രോത്സാഹിപ്പിക്കാനും, ഖത്തറും പാകിസ്ഥാനും നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളെ പിന്തുണയ്ക്കാനുമുള്ള ‘മക്ക കരാർ’ രാജ്യങ്ങളുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ സന്ദർശനമെന്ന് ഡോ. ഖർമാലി വിശദീകരിച്ചു.
മേഖലയിലെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിൽ ‘മക്ക കരാർ’ രാജ്യങ്ങൾക്കുള്ള സുപ്രധാന പങ്കിനെയും, ഈ ലക്ഷ്യം കൈവരിക്കുന്നതിനായി മേഖലയിലെ എല്ലാ രാജ്യങ്ങളുമായും സഹകരിച്ച് പ്രവർത്തിക്കാനുള്ള അവരുടെ പ്രതിബദ്ധതയെയും ഈ കൂടിക്കാഴ്ച ഊന്നിപ്പറയുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതേ വിഷയത്തിൽ, പാകിസ്ഥാൻ കരസേനാ മേധാവി ആസിം മുനീർ തന്റെ രാജ്യത്തെ പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുക്കുമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. തുർക്കിയെ പ്രതിനിധീകരിച്ച് ഇന്റലിജൻസ് സർവീസ് മേധാവി ഇബ്രാഹിം കാലിൻ പങ്കെടുക്കും.
സഊദി അറേബ്യ, തുർക്കി, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധി സംഘങ്ങൾ പ്രാദേശിക സുരക്ഷാ വിഷയങ്ങളിൽ ഇറാനിയൻ കൗൺസിലുമായി ടെഹ്റാനിൽ ചർച്ചകൾ നടത്തുമെന്ന് ഇറാനിയൻ ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ ഡെപ്യൂട്ടി സെക്രട്ടറി അലി ബാഗേരി കാനിയെ ഉദ്ധരിച്ചാണ് ഇക്കാര്യം അറിയിച്ചത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
