പോലീസ് സ്‌റ്റേഷന്റെ മുറ്റത്തേക്ക് കാറുകൾ ഓടിച്ചു കയറ്റി ലഹരി സംഘങ്ങൾ ഏറ്റുമുട്ടി; മൂന്നുപേർ കസ്റ്റഡിയിൽ

News Desk
1 Min Read

കോഴിക്കോട്: കുറ്റ്യാടി പോലീസ് സ്റ്റേഷൻ മുറ്റത്ത് ലഹരി സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. സ്റ്റേഷൻ വളപ്പിലേക്ക് രണ്ടു കാറുകൾ ഓടിച്ചുകയറ്റിയ ശേഷമാണ് സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. ലഹരി കൈമാറ്റവുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണ് ഏറ്റുമുട്ടലിന് കാരണമെന്നാണ് സംശയം.

തിങ്കളാഴ്ച പുലർച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. ഏറ്റുമുട്ടലിൽ കാറുകളും തകർന്നു. ഒരു കാറിൽനിന്ന് ഒൻപത് ഗ്രാം എംഡിഎംഎയും 10.5 ഗ്രാം കഞ്ചാവും പിടികൂടി. ഈ കാറിൽ ഉണ്ടായിരുന്ന മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പെരുവണ്ണാമൂഴി സ്വദേശി ആൽബിൻ സെബാസ്റ്റ്യൻ, പേരാമ്പ്ര സ്വദേശികളായ അമൽജിത്ത്, ആൽബിൻ എന്നിവരെയാണ് പിടികൂടിയത്.

പോലീസ് സ്റ്റേഷനു മുൻപിൽ സംഘം ചേർന്ന് അക്രമം അഴിച്ചുവിട്ടതിൽ എട്ടുപേർക്കെതിരെ കേസെടുത്തിട്ടുണ്ട്. കോഴിക്കോട് പാറക്കടവിൽനിന്നും വാഹനങ്ങൾ ഇടിപ്പിച്ചശേഷം ഏറ്റുമുട്ടിയ സംഘങ്ങൾ പിന്നീട് നേരെ പോലീസ് സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു. രാത്രിയിൽ കൂടുതൽ പോലീസ് എത്തിയാണ് അക്രമികളെ പിടികൂടിയത്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!