സംഘർഷ സാഹചര്യം: വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നു; പ്രവാസികൾക്ക് യാത്രാദുരിതം

News Desk
2 Min Read

റിയാദ്: ഗൾഫ് മേഖലയിലെ സംഘർഷ സാഹചര്യത്തിൽ വിമാന സർവീസുകൾ വെട്ടിച്ചുരുക്കിയതോടെ സൗദി അറേബ്യയിലേക്കുള്ള യാത്രാനിരക്കു വർധന തുടരുന്നു. ഹൂതി ആക്രമണ പശ്ചാത്തലത്തിൽ ഇന്ത്യൻ വിമാനകമ്പനികളാകട്ടെ  സൗദിയിലേക്കുള്ള സർവീസുകൾ പൂർണമായും തൽക്കാലത്തേക്ക് നിർത്തിയ സാഹചര്യമാണുള്ളത്.  

ഇതിനിടെ നാട്ടിലേക്ക് പോകുന്നതിനും തിരികെ മടങ്ങുന്നതിനും വലിയ നിരക്കാണ് ടിക്കറ്റുകൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇൻഡിഗോയും എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും വിവിധ സൗദി റൂട്ടുകളിലെ സർവീസ് നിയന്ത്രണം തുടരുകയാണ്. പ്രമുഖ ഇന്ത്യൻ എയർലൈനുകൾ സർവീസുകൾ നിർത്തിയതും അവധിക്കാലത്തിനു ശേഷം പ്രവാസികളുടെ മടക്കയാത്ര ഇതുവരെ പ്രത്യേക സാഹചര്യത്തിൽ പൂർണമാകാത്തതുമാണ് നിരക്ക് ഉയർന്നുനിൽക്കാൻ പ്രധാന കാരണം. 

കേരളത്തിൽ നിന്നു ഗൾഫിലേക്കുള്ള യാത്രക്കാരിൽ 40% പേരും സൗദിയിലേക്കുള്ളവരാണ്. ആകാശ എയർ നവംബർ 30 വരെയും  ജിദ്ദയിലേക്ക് നവംബർ 10 വരെയും സർവീസുകൾ നിർത്തിവച്ചിരിക്കുന്നു. എന്നാൽ വിവിധ സൗദിഎയർ ലൈനുകൾ കേരളത്തിലേക്കും ഇന്ത്യയിലെ ഇതര വിമാനത്താവളങ്ങളിലേക്കും റിയാദ് ഒഴികെയുള്ള വിമാനത്താവളങ്ങളിൽ നിന്നും രാജ്യാന്തര സർവീസ് തുടരുന്നുണ്ട്. റിയാദിൽ നിന്നും ദമാമിൽ നിന്നുമുള്ളവർ റോഡ് മാർഗ്ഗം കോസ് വേ കടന്ന് ബഹ്റൈനിൽ എത്തി  നാട്ടിലേക്കും തിരിച്ചും യാത്ര ചെയ്യുന്നുണ്ട്. അത്തരത്തിൽ യാത്ര ചെയ്യുന്നതിന് ബഹ്റൈൻ വീസ എടുക്കേണ്ടതായുണ്ട്.

വിമാനടിക്കറ്റ് ചിലവ്  രണ്ടിരട്ടിയിലേറെ വർധിച്ചതോടെ ഒട്ടുമിക്ക കമ്പനികളും തങ്ങളുടെ ജീവനക്കാരുടെ യാത്രകൾ മാറ്റിവെക്കാൻ നിർദേശം നൽകിയിട്ടുണ്ട്. പ്രത്യേകിച്ച് എയർ ഇന്ത്യ, എയർ ഇന്ത്യാ എക്സ്പ്രസ്, ഇൻഡിഗോ പോലുള്ള ഇന്ത്യൻ വിമാനകമ്പനികളെ ആശ്രയിച്ച് നാട്ടിലേക്ക് പോകുവാനും തിരികെ മടങ്ങാനും ടിക്കറ്റെടുത്തവരാണ് വെട്ടിലായത്. 

ഇന്ത്യൻ വിമാന കമ്പനികൾ സർവീസ് നിർത്തുകയും ടിക്കറ്റ് മാറ്റുന്നതിനോ, റീഫണ്ടിനോ ഉള്ള ഓപ്ഷനാണ് മുന്നോട്ട് വച്ചിരിക്കുന്നത്. സ്വന്തം നിലയിൽ ടിക്കറ്റെടുത്ത് യാത്ര ആസൂത്രണം ചെയ്തവർക്കുപോലും മറ്റ് ഇതര വിമാനകമ്പനികളുടെ ടിക്കറ്റ് എടുക്കുന്നതിന് ഉയർന്ന നിരക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തുന്നത്.

നിരക്ക് കുറയുമെന്ന കണക്കുകൂട്ടലിൽ 6 മാസങ്ങൾക്ക് മുൻപ് വരെയും കുറഞ്ഞ നിരക്കിൽ നവംബർ – ഡിസംബർ കാലത്തേക്ക് ഇന്ത്യൻ വിമാനകമ്പനികളുടെ ടിക്കറ്റ് എടുത്തവർക്കാണ് വലിയ ഷോക്ക് കിട്ടിയത്. വിമാനങ്ങൾ റദ്ദാക്കിയതോടെ രണ്ടിരട്ടിയിലേറെ തുക നൽകേണ്ടി വരുന്നതിനു പുറമെ ബഹ്റൈനിലേക്കോ മറ്റോ റോഡ് മാർഗം യാത്ര ചെയ്ത് വേണം കേരളത്തിലേക്കുള്ള വിമാനം പിടിക്കേണ്ടി വരിക. ചെറിയ കുട്ടികളടങ്ങുന്ന കുടുംബസമേതമോ, പ്രായമായവരോ ഒപ്പമുള്ളവരൊ ഇത്തരത്തിൽ യാത്ര ചെയ്യുന്നതും ഏറെ ക്ലേശകരമാകും.

സൗദി എയർ ലൈൻസിൽ സാധാരണ ജിദ്ദ– കാലിക്കറ്റ് വിമാന നിരക്ക് 18,000–25,000 രൂപ ആയിരുന്നത് ഇപ്പോൾ 45,000നും 50,000നും ഇടയിലാണ്. സാധാരണയായി സെപ്റ്റംബർ അവസാനത്തോടെ നിരക്കുകൾ കുറയാറുണ്ടെങ്കിലും, ഇത്തവണ യുദ്ധസാഹചര്യവും വിമാനങ്ങളുടെ റദ്ദാക്കലും കാരണം ഒക്ടോബറിലും നിരക്കു താഴ്ന്നിട്ടില്ല. ഇന്ത്യൻ വിമാനക്കമ്പനികൾ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി സർവീസുകൾ നിർത്തിയിരിക്കുകയാണ്. ഗൾഫ് എയർ ഉൾപ്പെടെയുള്ള സർവീസുകളിലും നിയന്ത്രണങ്ങൾ വന്നതോടെയാണു യാത്രക്കാർ പ്രതിസന്ധിയിലായത്.

അതേസമയം ടിക്കറ്റ് നിരക്കു മൂന്നു ലക്ഷം രൂപയിലേക്ക് ഉയർന്നെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് കേരളത്തിൽ നിന്നുള്ള ട്രാവൽ ഏജൻസി പ്രതിനിധികൾ വ്യക്തമാക്കി. സർവീസുകൾ റദ്ദാക്കുന്നതു കൊണ്ടും ഷെഡ്യൂളുകൾ കുറയ്ക്കുന്നതു കൊണ്ടും ഉണ്ടാകാവുന്ന വർധന മാത്രമാണ് ഇപ്പോഴുള്ളതെന്നും ഇവർ പറയുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!