700 കോടി കടന്ന് ചരിത്രം കുറിച്ച് ‘ജയിലർ 2’; തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ ബോക്‌സ് ഓഫീസ് ഹിറ്റ്!

News Desk
2 Min Read

രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ‘ജയിലർ 2’ ബോക്‌സ് ഓഫീസിൽ സർവ്വകാല ചരിത്ര വിജയം കുറിക്കുന്നു. റിലീസ് ചെയ്ത് വെറും 11 ദിവസങ്ങൾ കൊണ്ട് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ നിന്ന് 700 കോടിയിലധികം രൂപ കലക്ട് ചെയ്താണ് ചിത്രം ഈ അപൂർവ്വ നേട്ടം കൈവരിച്ചത്.

ഇതോടെ തമിഴ് സിനിമാ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടുന്ന ചിത്രമായി ‘ജയിലർ 2’ മാറി. എട്ട് വർഷങ്ങൾക്ക് മുമ്പ് റിലീസ് ചെയ്ത രജനികാന്ത് ചിത്രം ‘2.0’ സ്ഥാപിച്ച 691 കോടി രൂപയുടെ വേൾഡ് വൈഡ് കലക്ഷൻ റെക്കോർഡാണ് ‘ജയിലർ 2’ മറികടന്നത്. 2023ൽ പുറത്തിറങ്ങിയ ആദ്യ ഭാഗം ‘ജയിലർ’ (604 കോടി), വിജയ് ചിത്രം ‘ലിയോ’ (605 കോടി) എന്നിവയുടെ കലക്ഷൻ റെക്കോർഡുകൾ കഴിഞ്ഞ ആഴ്ച തന്നെ ‘ജയിലർ 2’ തകർത്തിരുന്നു.

700 കോടി ക്ലബ്ബിൽ ഇടം നേടുന്ന ആദ്യ കോളിവുഡ് ചിത്രം കൂടിയാണ് ഇത്. മൊത്തം ഇന്ത്യൻ സിനിമകളിൽ ഈ നേട്ടം കൈവരിക്കുന്ന 18-ാമത് ചിത്രമാണിത്. 11 ദിവസം കൊണ്ട് ആഗോളതലത്തിൽ ചിത്രം 710 കോടി രൂപ നേടി കഴിഞ്ഞു. വിദേശ വിപണിയിൽ നിന്ന് മാത്രം 25.6 മില്യൺ ഡോളറാണ് (ഏകദേശം 213 കോടി രൂപ) ചിത്രം വാരി കൂട്ടിയത്.

ഇന്ത്യയിൽ നിന്ന് മാത്രം ഇതുവരെ 398 കോടി രൂപ നെറ്റ് കലക്ഷൻ (466.85 കോടി ഗ്രോസ്) നേടാൻ ചിത്രത്തിന് സാധിച്ചു. റിലീസ് ചെയ്ത രണ്ടാം ഞായറാഴ്ച മാത്രം ആഗോളതലത്തിൽ 44 കോടിയിലധികം രൂപയാണ് ചിത്രം നേടിയത്. ഈ കുതിപ്പ് തുടർന്നാൽ ചിത്രം 800-900 കോടി ക്ലബ്ബിലേക്ക് എത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.

തന്റെ കരിയറിൽ അപൂർവ്വമായി മാത്രം സീക്വലുകൾക്ക് (സെക്കൻഡ് പാർട്ട്) സമ്മതിക്കാറുള്ള രജനികാന്ത്, ആദ്യ ഭാഗത്തിന്റെ വൻ വിജയത്തിന് ശേഷമാണ് നെൽസൺ ചിത്രത്തിന് വീണ്ടും പച്ചക്കൊടി കാട്ടിയത്. ‘ടൈഗർ’ മുത്തുവേൽ പാണ്ഡ്യൻ എന്ന റിട്ടയേർഡ് ജയിലർ കഥാപാത്രമായി രജനികാന്ത് വീണ്ടും സ്ക്രീനിൽ തകർത്താടുകയായിരുന്നു. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിച്ച ചിത്രത്തിന് അനിരുദ്ധ് രവിചന്ദറാണ് സംഗീതം നൽകിയിരിക്കുന്നത്.

രമ്യാ കൃഷ്ണൻ, യോഗി ബാബു, മിർണ, ഋത്വിക് എന്നിവർ ആദ്യ ഭാഗത്തിലെ കഥാപാത്രങ്ങളെ നിലനിർത്തിയപ്പോൾ എസ്.ജെ. സൂര്യ, മിഥുൻ ചക്രവർത്തി, സൂരജ് വെഞ്ഞാറമൂട്, വിദ്യാ ബാലൻ, അന്നാ രാജൻ, ജതിൻ സർണ്ണ എന്നിവരും പ്രധാന വേഷങ്ങളിൽ അണിനിരന്നു. ഇതിനുപുറമെ മോഹൻലാൽ, ഹൃതിക് റോഷൻ, ശിവരാജ് കുമാർ, ജാക്കി ഷ്രോഫ് എന്നിവരുടെ തകർപ്പൻ കാമിയോ റോളുകളും ചിത്രത്തിന്‍റെ ഹൈപ്പ് കൂട്ടിയിട്ടുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!