കരിപ്പൂര്‍ – കാസര്‍ഗോഡ് ബസ് സര്‍വീസിന് ആവശ്യം ശക്തമാകുന്നു

News Desk 03
2 Min Read

ജിദ്ദ: മലബാറിലെ പ്രവാസികള്‍ കൂടുതല്‍ ആശ്രയിക്കുന്ന കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ഉത്തര മലബാര്‍ മേഖലയിലേക്ക് കെ എസ് ആര്‍ ടി സി ബസ് സര്‍വീസ് പുന:രാരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നേരത്തെ കാസര്‍ഗോഡ് നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് കെ എസ് ആര്‍ ടി സി ബസ് സര്‍വീസ് ഉണ്ടായിരുന്നു. ഇത് സാധാരണക്കാരായ പ്രവാസികള്‍ക്ക് വലിയ ആശ്വാസം ആയിരുന്നു.

മലപ്പുറം – നെടുമ്പാശ്ശേരി കെ എസ് ആര്‍ ടി സി ബസ് സര്‍വീസ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തിരുന്നു. ഇത് നെടുമ്പാശ്ശേരി വഴി യാത്ര ചെയ്യുന്നവര്‍ക്ക് സൗകര്യമാണ്. ഇത് പോലെ മലപ്പുറം ഡിപ്പോയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴി കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ് ഭാഗങ്ങളിലേക്ക് കെ എസ് ആര്‍ ടി സി യുടെ ലോ ഫ്ലോര്‍ എ. സി ബസ് സര്‍വീസ് വേണമെന്നാണ് പ്രവാസികളുടെ ആവശ്യം. ഇക്കാര്യം സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കും എന്നാണ് പ്രവാസികളുടെ പ്രതീക്ഷ.

നിലവില്‍ കരിപ്പൂരില്‍ വിമാനമിറങ്ങിയ ശേഷം കോഴിക്കോട് നിന്നും ട്രെയിന്‍ മാര്‍ഗമാണ് പ്രവാസികള്‍ കണ്ണൂര്‍, കാസര്‍ഗോഡ് ഭാഗത്തേക്ക് പോകുന്നത്. കണ്ണൂര്‍, കാസര്‍ഗോഡ് ഭാഗത്തേക്ക്
കെ എസ് ആര്‍ ടി സി ബസ് സര്‍വീസ് ആരംഭിച്ചാല്‍ അത് പ്രവാസികള്‍ക്ക് വലിയ ആശ്വാസമാകും എന്ന് മാത്രമല്ല കെ എസ് ആര്‍ ടി സി ക്ക് നല്ല വരുമാനവും ലഭിക്കും. ഇത് പോലെ പാലക്കാട്, നിലമ്പൂര്‍, പൊന്നാനി ഭാഗങ്ങളില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് ബസ് സര്‍വീസ് വേണമെന്നും പ്രവാസികള്‍ ആവശ്യപ്പെടുന്നു.

ഡിസംബർ മാസം മുതല്‍ സഊദി എയര്‍ലൈന്‍സ് ജിദ്ദ – കോഴിക്കോട് സര്‍വീസ് പുനരാരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സഊദി എയര്‍ലൈന്‍സിന്റെ കോഴിക്കോട് സര്‍വീസ് ആരംഭിക്കുന്നതോടെ പ്രവാസികള്‍ മാത്രമല്ല മലബാറിലെ ഉംറ തീര്‍ത്ഥാടകര്‍ക്കും ബസ് സര്‍വീസ് വലിയ അനുഗ്രഹമാവും. മലപ്പുറം നെടുമ്പാശ്ശേരി ബസ് സര്‍വീസ് ആരംഭിച്ചത് പോലെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും മലബാറിന്റെ വിവിധ ഭാഗങ്ങളിലേക്ക് കെ എസ് ആര്‍ ടി സി ബസ് ആരംഭിക്കാന്‍ ജനപ്രതിനിധികള്‍ ഇടപെടണമെന്ന് പ്രവാസികള്‍ ആവശ്യപ്പെടുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!