ജിദ്ദ: 2027 (ഹിജ്റ 1448) ഹജ്ജ് തീർത്ഥാടനത്തിന് മുന്നോടിയായി 74 വിദേശ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ഹജ്ജ് കരാറുകൾ സഊദി ഹജ്ജ്-ഉംറ മന്ത്രാലയം ഔദ്യോഗികമായി പൂർത്തിയാക്കി.
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് വിശ്വാസികൾക്ക് സുഗമവും സുരക്ഷിതവുമായ തീർത്ഥാടനം ഉറപ്പാക്കുന്നതിനായി പ്രവർത്തന ചട്ടക്കൂടുകൾ, സേവന നിലവാരം, വിവിധ രാജ്യങ്ങൾക്കുള്ള തീർത്ഥാടക ക്വാട്ട എന്നിവ ഈ കരാറുകളിലൂടെ നിശ്ചയിച്ചിട്ടുണ്ട്.
ജിദ്ദ സൂപ്പർഡോമിൽ സമാപിച്ച ആറാമത് വാർഷിക ഹജ്ജ് കോൺഫറൻസിലും പ്രദർശനത്തിലുമാണ് കരാറുകൾ അന്തിമമാക്കിയത്. സഊദി വിഷൻ 2030, ‘പിൽഗ്രിം എക്സ്പീരിയൻസ് പ്രോഗ്രാം’ എന്നിവയുടെ ഭാഗമായി സംഘടിപ്പിച്ച നാലുദിവസത്തെ സമ്മേളനത്തിൽ 150-ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും രണ്ട് ലക്ഷത്തിലധികം സന്ദർശകരും പങ്കെടുത്തു. സർക്കാർ, സ്വകാര്യ, ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന മേഖലകളിലായി ആകെ 2,553 സേവന കരാറുകളിലാണ് സമ്മേളനത്തിൽ ഒപ്പുവെച്ചത്.
ഉഭയകക്ഷി ചട്ടക്കൂട് പ്രകാരം, ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപ്പറേഷൻ (OIC) മാനദണ്ഡമായ ‘പത്ത് ലക്ഷം മുസ്ലിം ജനസംഖ്യയ്ക്ക് 1,000 തീർത്ഥാടകർ’ എന്ന അനുപാതത്തിലാണ് സഊദി അറേബ്യ വിവിധ രാജ്യങ്ങൾക്ക് വാർഷിക ക്വാട്ട അനുവദിക്കുന്നത്. മിന, അറഫ, മുസ്ദലിഫ എന്നീ പുണ്യസ്ഥലങ്ങളിലെ ജനത്തിരക്ക് നിയന്ത്രിക്കുന്നതിനും ആരോഗ്യ-താമസ സൗകര്യങ്ങൾ കൃത്യമായി ഒരുക്കുന്നതിനും ഈ ക്വാട്ട സമ്പ്രദായം സഹായിക്കുന്നു.
ജിദ്ദയിൽ ഒപ്പുവെച്ച പ്രധാന ഉഭയകക്ഷി കരാറുകളിൽ ഇന്ത്യയുടെ 2027-ലെ ഹജ്ജ് കരാറും ഉൾപ്പെടുന്നു. സഊദി ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽ-റബീഅയും കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജുവും ചേർന്നാണ് കരാറിൽ ഒപ്പുവെച്ചത്. കരാർ പ്രകാരം ഇന്ത്യയുടെ ഔദ്യോഗിക ക്വാട്ട 1,75,025 തീർത്ഥാടകരായി നിലനിർത്തി. ഇതോടെ ഇന്തോനേഷ്യയ്ക്കും പാകിസ്ഥാനും ഒപ്പം ഏറ്റവും കൂടുതൽ തീർത്ഥാടകരെ അയക്കുന്ന ആദ്യ മൂന്ന് രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ തുടരും.മാപ്പുകൾ കാണുക
2027 സീസണിലെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ഹജ്ജ് ക്വാട്ട ലഭിച്ചത് ഇന്തോനേഷ്യയ്ക്കാണ് (2,21,000 തീർത്ഥാടകർ). 1,79,210 ക്വാട്ടയുമായി പാകിസ്ഥാൻ രണ്ടാമതും, 1,75,025 ക്വാട്ടയുമായി ഇന്ത്യ മൂന്നാമതുമാണ്. ഇറാൻ (87,550), ബംഗ്ലാദേശ് (78,500), നൈജീരിയ (50,000), എത്യോപ്യ (43,000), അൾജീരിയ (41,300), തുർക്കി (37,770), ഈജിപ്ത് (35,375) എന്നിവയാണ് ഉയർന്ന ക്വാട്ട ലഭിച്ച മറ്റ് പ്രധാന രാജ്യങ്ങൾ.മാപ്പുകൾ കാണുക
ജിദ്ദ ഉച്ചകോടിയിൽ കസാക്കിസ്ഥാനുമായി 4,300 തീർത്ഥാടകരുടെ ക്വാട്ട ഉറപ്പാക്കുന്ന കരാറും, ഒമാൻ, നൈജീരിയ എന്നീ രാജ്യങ്ങളുമായി പുതുക്കിയ പ്രവർത്തന കരാറുകളും ഒപ്പുവെച്ചു. അതേസമയം, അമേരിക്ക, യുകെ, ഓസ്ട്രേലിയ, യൂറോപ്യൻ രാജ്യങ്ങൾ തുടങ്ങി മുസ്ലിം ന്യൂനപക്ഷമുള്ള പാശ്ചാത്യ രാജ്യങ്ങളിലെ അപേക്ഷകർക്ക് പ്രത്യേക രാജ്യാടിസ്ഥാനത്തിലുള്ള ക്വാട്ട ബാധകമല്ല. അതേസമയം ഇവർ ‘നുസുക് ഹജ്ജ്’ പോർട്ടൽ വഴി നേരിട്ടാണ് അപേക്ഷിക്കേണ്ടത്.
2027 ഹജ്ജ് തീർത്ഥാടനത്തിലെ പ്രധാന പരിഷ്കാരങ്ങളിലൊന്ന് ‘നുസുക് മസാർ’ (Nusuk Masar) പ്ലാറ്റ്ഫോം വഴിയുള്ള ഏകീകൃത ഇലക്ട്രോണിക് കരാർ സംവിധാനമാണ്. വിവിധ സേവനങ്ങൾക്കായി വെവ്വേറെ കരാറുകളിൽ ഏർപ്പെടുന്നതിന് പകരം, പുണ്യസ്ഥലങ്ങളിലെ സേവനങ്ങൾ, മക്കയിലെയും മദീനയിലെയും താമസം, ഗതാഗതം, ഭക്ഷണം എന്നിവ ഒരൊറ്റ ഡിജിറ്റൽ അപേക്ഷയിലൂടെ ഉറപ്പാക്കാൻ വിദേശ ഹജ്ജ് മിഷനുകൾക്ക് ഇതിലൂടെ സാധിക്കും.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
