ഷുഹൈബ് വധം: ആകാശ് തില്ലങ്കേരി ഉൾപ്പെടെയുള്ള പ്രതികൾക്ക് തിരിച്ചടി; കേസിന്റെ വിചാരണകോടതിയിൽ മാറ്റമില്ല

News Desk
1 Min Read

തലശ്ശേരി: ഷുഹൈബ് വധക്കേസിൽ വിചാരണകോടതി മാറ്റണമെന്ന ആകാശ് തില്ലങ്കേരി അടക്കമുള്ള പ്രതികളുടെ ഹരജി ഹൈകോടതി തള്ളി. ഇതുപ്രകാരം തലശ്ശേരി അഡീഷണൽ സെഷൻ കോടതിയിൽ തന്നെ വിചാരണ പൂർത്തിയാക്കാനും കോടതി നിർദേശം നൽകി.

എട്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ 2026 മേയിലായിരുന്നു കേസിന്റെ വിചാരണ ആരംഭിച്ചത്. എന്നാൽ വിചാരണ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ കോടതിയോട് നിസ്സഹകരണം തുടരുകയും കോടതിയിൽ ഹാജരാകാതിരിക്കുകയും ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട പ്രോസിക്യൂട്ടറും വിചാരണ വേളയിൽ ഹാജരാകാതിരുന്നിരുന്നു.

വിചാരണ കോടതി കേസിൽ പക്ഷം ചേർന്ന് ഇടപെടുന്നു എന്നായിരുന്നു പ്രതികളുടെ പ്രധാന പരാതി. ഇത് ചോദ്യം ചെയ്ത് പ്രതികൾ വിചാരണകോടതിയെ സമീപിക്കുകയും എന്നാൽ കോടതി ഈ ഹരജി തള്ളുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ തലശ്ശേരി അഡീഷണൽ സെഷൻ കോടതിയിൽ നിന്നും വിചാരണ മാറ്റണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയാണ് ഹൈകോടതി തള്ളിയത്.

കേസുമായി ബന്ധപ്പെട്ട് വിചാരണ വേളയിൽ കോടതിയിൽ ഹാജരാകാതിരുന്നതിനാൽ പ്രതികളുടെ ജാമ്യമടക്കം തലശ്ശേരി കോടതി റദ്ദാക്കിയിരുന്നു. എന്നാൽ ഹൈകോടതി, സെഷൻ കോടതി ജാമ്യം റദ്ദാക്കിയ നടപടിക്ക് സ്റ്റേ നൽകി. തുടർന്നാണ് പ്രതികൾ വിചാരണ തലശ്ശേരി കോടതിയിൽ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹരജി സമർപ്പിച്ചത്.

സംഭവത്തിൽ സംസ്ഥാന സർക്കാർ ഹരജിയെ ശക്തമായി എതിർത്തു. വിചാരണവേളയിൽ ജഡ്ജ് പക്ഷം ചേർന്ന് വാദം കേട്ടിട്ടില്ലായെന്നും ഇതിനാവശ്യമായ തെളിവുകൾ പ്രതിഭാഗത്തിന് ഹാജരാക്കാൻ സാധിച്ചിട്ടില്ലായെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഇതെല്ലം കൃത്യമായി പരിശോധിച്ച ശേഷമാണ് ഹൈകോടതി ഹരജി തള്ളിയത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!