വിജയ്​ ദം ദം ബിരിയാണി ​ഗ്രാൻഡ്​ ഫിനാലെ സമാപിച്ചു; കാർത്തിക്​ നായർ ബിരിയാണി രാജ, ഷഫാഹു റമീസ് ബിരിയാണി ദം സ്​റ്റാർ

News Desk
3 Min Read

റിയാദ്: ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും പ്രവാസി മലയാളികളുടെ ചരിത്രത്തിൽ പുതിയ നാഴികക്കല്ല് കുറിച്ച് ‘വിജയ് ദം ദം ബിരിയാണി’ മത്സരത്തിന് തിരശ്ശീല വീണു. റിയാദ് മലസിലെ ലുലു ഹൈപ്പർമാർക്കറ്റ് റൂഫ് ടോപ്പിൽ തിങ്ങിനിറഞ്ഞ വൻജനാവലിയെയും അന്താരാഷ്​ട്ര ഷെഫുകളെയും പ്രമുഖ വ്യവസായികളെയും സാക്ഷിനിർത്തിയാണ് 10 മാസമായി സൗദി അറേബ്യയിൽ നടന്നുവന്ന മത്സരത്തി​െൻറ ഗ്രാൻഡ് ഫിനാലെ അരങ്ങേറിയത്.

പ്രവാസലോകം കണ്ട ഏറ്റവും വലിയ ഭക്ഷണോത്സവങ്ങളിലൊന്നായി മാറിയ ഈ സംഗമം, സൗദിയിലെ മലയാളി കൂട്ടായ്മകൾക്ക് പുതിയൊരു മാനം നൽകി. സൗദിയിലെ ബിരിയാണി പാചകകലയിലെ രാജാവും റാണിയും ആരെന്നറിയാനുള്ള കാത്തിരിപ്പിന് ഒടുവിൽ വിരാമമായി. 20 പ്രതിഭകൾ മാറ്റുരച്ച വാശിയേറിയ കലാശപ്പോരിനൊടുവിൽ പാചകകലയിലെ പുത്തൻ താരങ്ങൾ പ്രവാസി ആകാശത്ത് വെട്ടിത്തിളങ്ങി.
മത്സരത്തിൽ തിരുവനന്തപുരം സ്വദേശി കാർത്തിക് സി. നായർ ‘ബിരിയാണി രാജാ’യായും തലശ്ശേരി സ്വദേശിനി ഷഫാഹു റമീസ് ‘ബിരിയാണി ദം സ്​റ്റാറാ’യും തിരഞ്ഞെടുക്കപ്പെട്ടു. വർഷങ്ങളായി റിയാദിൽ പ്രവാസിയായ കാർത്തിക് സി. നായർ സാബിക്കിൽ ഫെസിലിറ്റീസ് മാനേജ്‌മെൻറ്​ സൂപ്പർവൈസറാണ്.

ഭാര്യ എം.എസ്. പ്രവീണ സുഭാഷ് റിയാദ് യാര ഇൻറർനാഷനൽ സ്‌കൂളിലെ ഫിസിക്കൽ എജുക്കേഷൻ അധ്യാപികയാണ്. പ്രമുഖ ഷെഫ് ആബിദ റഷീദി​െൻറ ബിരിയാണി രീതികളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് താൻ ഈ രംഗത്തേക്ക് എത്തിയതെന്ന് കാർത്തിക് വ്യക്തമാക്കി. മസാല കുറച്ച് മികച്ച ഫ്ലേവറോടെ തയ്യാറാക്കിയ കാർത്തിക്കി​െൻറ ബിരിയാണി ഏറെ സ്വാദിഷ്​ടമായിരുന്നുവെന്ന് വിധികർത്താവായ ഷെഫ് സുരേഷ് പിള്ള പ്രശംസിച്ചു.

ദം സ്​റ്റാർ ഷഫാഹു റമീസി​െൻറ ഭർത്താവ് റമീസ് റിയാദ് ഒലയ്യയിൽ സ്വകാര്യ കമ്പനിയിൽ ഡിസൈനറായി ജോലി ചെയ്യുകയാണ്. ബിരിയാണി രാജ വിഭാഗത്തിൽ ദമ്മാമിൽ ഫാർമസിസ്​റ്റായ ഹൈദരാബാദ് സ്വദേശി അസ്ഹറുദ്ദീൻ രണ്ടാം സ്ഥാനവും ജീപ്പാസ് മിഡിൽ ഈസ്​റ്റ്​ റിയാദിൽ ഇൻവെൻററി കൺട്രോളറായ കണ്ണൂർ സ്വദേശി മുഹമ്മദ് ശഹബാസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ബിരിയാണി ദം സ്​റ്റാർ വിഭാഗത്തിൽ റിയാദിലുള്ള കണ്ണൂർ സ്വദേശി മുംതാസ് നസീർ രണ്ടാം സ്ഥാനത്തിനും അൽ ഖോബാറിൽ അധ്യാപികയായ മംഗലാപുരം സ്വദേശി ഷംഷാദ് ബീഗം മൂന്നാം സ്ഥാനത്തിനും അർഹരായി.

ഒന്നാം സ്ഥാനം നേടിയ ബിരിയാണി രാജ, ദം സ്​റ്റാർ ജേതാക്കൾക്ക് 10,000 റിയാൽ വീതവും, രണ്ടാം സ്ഥാനക്കാർക്ക് 5,000 റിയാൽ വീതവും, മൂന്നാം സ്ഥാനക്കാർക്ക് 2,000 റിയാൽ വീതവും കാഷ് പ്രൈസുകൾ സമ്മാനിച്ചു. ജേതാക്കളെ സ്വർണം, വെള്ളി, വെങ്കല വർണങ്ങളിലുള്ള കിരീടങ്ങൾ ചൂടിക്കുകയും വിന്നേഴ്‌സ് റിബണുകൾ അണിയിക്കുകയും ചെയ്തു.

ഗൾഫ് മാധ്യമവും വിജയ് മസാലയും ചേർന്ന് സമ്മാനിച്ച കാഷ് പ്രൈസിന് പുറമെ മൂന്ന് സ്ഥാനക്കാർക്കും ട്രോഫികളും ഇംപെക്സ്, സിറ്റി ഫ്ലവർ എന്നിവരുടെ വിലപിടിപ്പുള്ള സമ്മാനങ്ങളും നൽകി. ഇവരടക്കം ഫൈനലിൽ മാറ്റുരച്ച 20 പേർക്കും ആകർഷകമായ സമ്മാനങ്ങളും പ്രശംസാപത്രങ്ങളും വിതരണം ചെയ്തു.
ഷെഫ് സുരേഷ് പിള്ള, രാജ് കലേഷ്, ഗൾഫ് മാധ്യമം മിഡിൽ ഈസ്​റ്റ്​ ഹെഡ് സലീം അമ്പലൻ, റീജനൽ മാനേജർ സലീം മാഹി, കോഓഡിനേഷൻ കമ്മിറ്റി ചെയർമാൻ സദറുദ്ദീൻ കീഴിശ്ശേരി, കൺവീനർ ഷാനിദ് അലി, വിജയ് മൂലൻസ് ഗ്രൂപ്പ്, ഇംപെക്സ്, ലുലു പ്രതിനിധികൾ എന്നിവർ ചേർന്ന് വിജയികൾക്ക് ആദരഫലകങ്ങളും സമ്മാനത്തുകയും കൈമാറി.

തുറസ്സായ വേദിയും കാലാവസ്ഥയും ആളുകളുടെ തിരക്കും സൃഷ്​ടിച്ച വെല്ലുവിളികളെ അതിജീവിച്ച് മികച്ച രീതിയിലാണ് ഓരോ മത്സരാർത്ഥിയും വിഭവങ്ങൾ തയ്യാറാക്കിയതെന്ന് ഷെഫ് സുരേഷ് പിള്ള പറഞ്ഞു. 20 ഇൻഡക്ഷൻ കുക്കറുകൾ, അരിയും മാംസവുമടങ്ങുന്ന ഭക്ഷ്യധാന്യ കിറ്റുകൾ, ഗ്രൈൻഡറുകൾ, ശുദ്ധജലം, സഹായികൾ തുടങ്ങിയ എല്ലാ വൻ സജ്ജീകരണങ്ങളോടെയുമാണ് ലുലുവും ഗൾഫ് മാധ്യമവും ചേർന്ന് ഓപ്പൺ കിച്ചൺ ഒരുക്കിയത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!