ലക്‌നൗ: നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദ ഇൻ ദി ഇന്ത്യൻ സബ് കോണ്ടിനന്റിന്റെ (എക്യുഐഎസ്) ആശയങ്ങൾ പ്രചരിപ്പിച്ച 19കാരൻ അറസ്റ്റിൽ. ഉത്തർപ്രദേശ് ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് (എടിഎസ്) ആണ് അസംഘട്ടിൽ നിന്നുള്ള യുവാവിനെ പിടികൂടിയത്.
ഇയാൾ സമൂഹമാദ്ധ്യമങ്ങളിലൂടെ തീവ്രവാദ സംഘടനയിലേയ്ക്ക് ചെറുപ്പക്കാരെ റിക്രൂട്ട് ചെയ്യാനും ശ്രമിച്ചിരുന്നു. ഇതിന്റെ തെളിവുകൾ ലഭിച്ചതായി എടിഎസ് പറഞ്ഞു.
ചിതാരാ ഗ്രാമത്തിലെ മുഹമ്മദ് ഡാനിഷിന്റെ മകൻ മുഹമ്മദ് നബീൽ ആണ് പിടിയിലായത്. സമൂഹമാദ്ധ്യമങ്ങളിലൂടെ ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്താൻ നബീൽ ഗൂഢാലോചന നടത്തിയതായി രഹസ്യവിവരം ലഭിച്ചതായി എടിഎസ് പറയുന്നു. അൽ ക്വയിദ നേതാവ് അൻവർ അൽ അവ്‌ലാക്കിയുടെ ആശയങ്ങളിലാണ് ഇയാൾ ആകൃഷ്ടനായതെന്നും എടിഎസ് വ്യക്തമാക്കി.
ജമ്മു കാശ്‌മീരിൽ നിന്നും വിദേശത്തുനിന്നുമുള്ള ചെറുപ്പക്കാരെ അംഗങ്ങളാക്കിയുള്ള സമൂഹമാദ്ധ്യമ ഗ്രൂപ്പുകൾ രൂപീകരിച്ചതായും എടിഎസ് കണ്ടെത്തി.
സംഭവത്തിൽ യുപി എടിഎസ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. നബീലിന്റെ ഫോൺ പരിശോധിച്ചതിൽ നിന്നും അൽ ക്വയിദയുമായുള്ള ബന്ധത്തിന്റെ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. അറബിക് വാചകങ്ങൾ ഉപയോഗിച്ചാണ് ഇയാൾ വാട്‌സാപ്പിൽ ഗ്രൂപ്പ് രൂപീകരിച്ചിരിക്കുന്നത്. അംഗങ്ങളെ മുജാഹീദികൾ എന്നാണ് ഇയാൾ വിശേഷിപ്പിച്ചിരിക്കുന്നത്. തീവ്രവാദവുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് ഗ്രൂപ്പിലെ അംഗങ്ങൾ കോഡ് ഭാഷയിലാണ് സംവദിച്ചിരിക്കുന്നതെന്നും ഉദ്യോഗസ്ഥർ കണ്ടെത്തി. അൽ ക്വയിദയുമായി ബന്ധപ്പെട്ട എഴുത്തുകളും ഇയാൾ അംഗങ്ങൾക്ക് നൽകിയതായി എടിഎസ് പറഞ്ഞു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
