പൂണെ: പൂണെയിലെ മുകുന്ദ് നഗറിലുള്ള വസതിയിൽ മുപ്പത്തിമൂന്നുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. പായൽ അക്ഷയ് സാംബ്രെയാണ് മരിച്ചത്. ആറു വർഷം മുൻപ് വിവാഹിതയായ ഇവർക്ക് നാലു വയസ്സുള്ള മകളുണ്ട്.
രാവിലെ 11 മണിയോടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് എത്തിയപ്പോഴാണ് തെക്കൻ പൂണെയിൽ ഭർതൃപിതാവിന്റെ ഉടമസ്ഥതയിലുള്ള ‘സാംബ്രെ പാലസ്’ ഓഡിറ്റോറിയത്തിന് പിന്നിലെ വീട്ടിൽ പായലിന്റെ മൃതദേഹം കണ്ടത്.
യുവതിയുടെ മരണവാർത്ത അറിഞ്ഞതിനു പിന്നാലെ സ്ഥലത്ത് തടിച്ചുകൂടിയ ബന്ധുക്കൾ ഓഡിറ്റോറിയം അടിച്ചുതകർത്തു. ഭർതൃവീട്ടുകാർ പായലിനോട് നിരന്തരം സ്വർണം ആവശ്യപ്പെട്ട് സമ്മർദ്ദം ചെലുത്തിയിരുന്നതായി ബന്ധുക്കൾ ആരോപിച്ചു. കുടുംബപ്രശ്നങ്ങളാണ് മരണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന് പിന്നാലെ പായലിന്റെ ഭർത്താവും ഭർതൃവീട്ടുകാരും ഒളിവിൽ പോയതായി പൊലീസ് അറിയിച്ചു. തുടർസംഘർഷങ്ങൾ ഒഴിവാക്കാനും ക്രമസമാധാനം ഉറപ്പാക്കാനുമായി പ്രദേശത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചു.
മഹാരാഷ്ട്രയിലെ തെക്കൻ പൂണെയിൽ ഏറെ പ്രശസ്തമായ വിവാഹ-വിരുന്ന് വേദികളിലൊന്നാണ് സാംബ്രെ പാലസ്. ഖേഡ് ശിവാപൂരിലെ ‘നക്ഷത്ര പാലസ്’ ഉടമകളുടെ മകളാണ് പായൽ. ഏറെ ആർഭാടമായാണ് കുടുംബം ഇവരുടെ വിവാഹം നടത്തിയിരുന്നത്. സംഭവത്തിൽ ഭർതൃവീട്ടുകാർക്കെതിരെ പൊലീസിൽ ഔദ്യോഗികമായി പരാതി നൽകാനൊരുങ്ങുകയാണ് പായലിന്റെ കുടുംബം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
