റിയാദിൽ മലയാളികളെ കെട്ടിയിട്ട് കത്തിയും കമ്പിപ്പാരയും ഉപയോഗിച്ച് മർദിച്ചു: വൻ കവർച്ച, പ്രവാസികൾക്ക് പരുക്ക്

malayalampress
2 Min Read
  • കവർന്നത് ഏ കദേശം 2.2 കോടിയിലധികം ഇന്ത്യൻ രൂപ

റിയാദ്: സഊദി തലസ്ഥാനമായ റിയാദിൽ മലയാളികളെ കെട്ടിയിട്ട് കത്തിയും കമ്പിപ്പാരയും ഉപയോഗിച്ച് മർദിച്ച് വൻ കവർച്ച. റിയാദിലെ നസീമിൽ താമസസ്ഥലം കുത്തിത്തുറന്ന് മലയാളി വ്യാപാരികളെ ആക്രമിച്ച സംഘം പത്ത് ലക്ഷത്തോളം റിയാലിന്റെ (ഏകദേശം 2.2 കോടിയിലധികം ഇന്ത്യൻ രൂപ) കവർച്ചയാണ് നടത്തിയത്.

ഉറങ്ങിക്കിടക്കുകയായിരുന്ന പ്രവാസികളെ കെട്ടിയിട്ട് ക്രൂരമായി മർദിച്ച ശേഷമായിരുന്നു മോഷണം. പരുക്കേറ്റ മലയാളികളിൽ ചിലർ വിദഗ്ധ ചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങി. രണ്ടു ദിവസം മുമ്പേ പുലർച്ചെ 2.30ഓടെയാണ് ഏറെ ഭീതിപ്പെടുത്തുന്ന സംഭവം അരങ്ങേറിയത്.

പാക്കിസ്ഥാൻ, അറബ് വംശജരടങ്ങുന്ന പതിനഞ്ചംഗ സംഘമാണ് നസീമിലെ ഫ്ലാറ്റിലേക്ക് അതിക്രമിച്ചു കയറിയത്. സിഗരറ്റ് മൊത്തവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരായ പട്ടാമ്പി നെല്ലിക്കാട്ടിരി സ്വദേശി മൂച്ചിക്കുട്ടത്തിൽ ഇസ്മായിൽ, ചങ്ങരംകുളം മൂക്കുതല സ്വദേശി മുസ്തഫ, കണ്ണൂർ സ്വദേശികളായ അസ്ലം, അനീഷ്, ശിബിൽ, അബ്ദുൽ വഹാബ്, മുസ്തഫ ബ്ലാത്തൂർ, ശംസീർ പെരുവളത്ത് പറമ്പ്, ഹാരിസ് ബ്ലാത്തൂർ എന്നിവർക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്. അൽ എർതിജാൽ സിഗരറ്റ് കമ്പനിയിലെ ജീവനക്കാരായിരുന്നു ഇവർ.

റൂമിലുണ്ടായിരുന്നവരെ കത്തിയും കമ്പിപ്പാരയും ഉപയോഗിച്ച് മർദിച്ച് അവശരാക്കിയ ശേഷമായിരുന്നു കവർച്ച. ഫ്ലാറ്റിന് മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളിൽ നിന്ന് ആറ് ലക്ഷം റിയാൽ വിലമതിക്കുന്ന സിഗരറ്റുകളും മൂന്ന് ലക്ഷം റിയാൽ പണവും കവർന്നു. കൂടാതെ ഇതേ ഫ്ലാറ്റിൽ താമസിക്കുന്ന കണ്ണൂർ സ്വദേശി ശിഹാബിന്റെ 40,000 റിയാലും ലാപ്‌ടോപ്പുകളും മൊബൈൽ ഫോണുകളും നഷ്ടപ്പെട്ടു.

കെട്ടിടത്തിന് മുന്നിലുണ്ടായിരുന്ന ടൊയോട്ട ഹെയ്സ് വാനും കൊറോള കാറും സംഘം കടത്തിക്കൊണ്ടുപോയെങ്കിലും, പിന്നീട് ജിപിഎസ് (GPS) സഹായത്തോടെ പൊലീസ് ഇവ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ചിലർ പൊലീസ് കസ്റ്റഡിയിലായതായാണ് വിവരം.

പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഗുരുതരമായി പരുക്കേറ്റ ഷംസീറും ഹാരിസും തുടർ ചികിത്സയ്ക്കായി നാട്ടിലേക്ക് തിരിച്ചു. സംഭവത്തിൽ ഇരയായവർ റിയാദ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സഊദിയിൽ വിദേശികൾ ഉൾപ്പെടുന്ന കവർച്ചാ സംഘങ്ങൾ സജീവമാണെന്നും പ്രവാസികൾ ജാഗ്രത പാലിക്കണമെന്നും കണ്ണൂർ ജില്ലാ കെഎംസിസി വെൽഫെയർ വിങ് കൺവീനർ ഇർഷാദ് കായക്കൂൽ ഓർമിപ്പിച്ചു

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!