കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഉദ്ഘാടന ചടങ്ങിനിടെ ക്രിസ്ത്യന്‍ പള്ളിക്കു നേരെ ആക്രമണം. ബിഷപ്പും വൈദികരും വിശ്വാസികളുമടങ്ങുന്നവരെ മര്‍ദിച്ച് പരുക്കേല്‍പ്പിച്ചു. സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബസന്തി പോലീസ് സ്റ്റേഷന്‍ പരിധിയിലെ നാരായണ്‍താലയില്‍ ഞായറാഴ്ചയാണ് അക്രമം നടന്നത്. അക്രമികള്‍ അതിക്രമിച്ചുകയറി പള്ളി അടിച്ചുതകര്‍ക്കുകയും വിശ്വാസികളെ മര്‍ദിക്കുകയുമായിരുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുകയാണെന്ന് ആരോപിച്ചായിരുന്നു മര്‍ദനം.
ക്രിസ്ത്യന്‍ സംഘടനയായ ബംഗിയ ക്രിസ്തീയ പരിഷത്ത് (ബി സി പി) നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. 30- 35 പേര്‍ വരുന്ന അക്രമിസംഘം പള്ളിക്കുള്ളിലേക്ക് കയറി പുരോഹിതരെയും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വിശ്വാസികളെയും കൈയേറ്റം ചെയ്യുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.
പള്ളിയുടെ കുരിശുകള്‍ തകര്‍ത്ത അക്രമികള്‍ സ്ത്രീകളുടെ പരമ്പരാഗത ചിഹ്നമായ ‘ശാഖ’ (ശംഖുകൊണ്ടുള്ള വളകള്‍) ഊരിമാറ്റാന്‍ ആവശ്യപ്പെടുകയും ഇവരെ ഭീഷണിപ്പെടുത്തി പുറത്താക്കുകയും ചെയ്തു. ആക്രമണം പകര്‍ത്താന്‍ ശ്രമിച്ചവരുടെ മൊബൈല്‍ ഫോണുകള്‍ അക്രമികള്‍ പിടിച്ചുവാങ്ങുകയും നശിപ്പിക്കുകയും ചെയ്തു. 20 ഓളം പേര്‍ക്ക് പരുക്കേറ്റതായി പ്രദേശവാസി പറഞ്ഞു.
ബംഗാളില്‍ ബി ജെ പി അധികാരത്തിലെത്തിയതിനു ശേഷം ന്യൂനപക്ഷങ്ങള്‍ക്കെതിരായ ഇത്തരം ആക്രമണങ്ങള്‍ വര്‍ധിച്ചുവരികയാണെന്ന് ന്യൂനപക്ഷ സംഘടനാ പ്രതിനിധികള്‍ ആരോപിച്ചു. സംഭവത്തെ ബി സി പി അപലപിച്ചു.
രണ്ട് ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയിലെ ആഭ്യന്തര തര്‍ക്കത്തിന്റെ ഭാഗമായാണ് അക്രമസംഭവങ്ങള്‍ നടന്നതെന്നാണ് പ്രാഥമിക വിലയിരുത്തലെന്ന് പോലീസ് പറയുന്നു.
..
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
