ഇറുകിയ പാന്റും ലെതർ ബെൽറ്റും കനത്ത ബൂട്ടുകളും ധരിച്ച് നിറവയറുമായി മണിക്കൂറുകൾ ജോലി ചെയ്യേണ്ടി വരുന്ന അവസ്ഥ ആലോചിച്ചുനോക്കൂ. കാണുന്നവർക്ക് തന്നെ അസ്വസ്ഥത തോന്നും അപ്പോൾ പിന്നെ ഗർഭിണികളുടെ അവസ്ഥ എന്തായിരിക്കും? അതിനൊരു പരിഹാരമായി എത്തിയിരിക്കുകയാണ് കേരള പൊലീസ്. ഗർഭിണികളായ ഉദ്യോഗസ്ഥർക്ക് ഡ്യൂട്ടി സമയത്ത് ഇനി കാക്കി സൽവാറും കമ്മിസും ഷാളും ധരിക്കാം. സ്വാതന്ത്രദിനമായ ഓഗസ്റ്റ് 15 മുതലാണ് നടപടി.
സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്റെ നിർദേശപ്രകാരം, പോലീസ് ആസ്ഥാനത്തിന്റെ ചുമതലയുള്ള മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥ ഹർഷിത അട്ടല്ലൂരിയാണ് ഇതുസംബന്ധിച്ച സുപ്രധാന സർക്കുലർ പുറപ്പെടുവിച്ചത്.
നിലവിലുള്ള സ്റ്റാൻഡിങ് ഓർഡറുകളിലോ യൂണിഫോം റൂളുകളിലോ ഗർഭകാല വസ്ത്രധാരണത്തെക്കുറിച്ച് പ്രത്യേക ഇളവുകൾ ഇല്ലാതിരുന്ന സാഹചര്യത്തിൽ നിലവിലുള്ള യൂണിഫോമിൽ സേവനം അനുഷ്ഠിക്കാൻ വനിതാ പൊലീസുകാർ നിർബന്ധിതരായിരുന്നു. മറ്റു സംസ്ഥാനങ്ങളിലെ പോലീസ് ചട്ടങ്ങളും നിലവിലെ മാനദണ്ഡങ്ങളും പരിശോധിച്ച ശേഷമാണ് തീരുമാനം. കാക്കി സൽവാർ കമ്മീസിനൊപ്പം ഷാളും, കനത്ത ബൂട്ടുകൾക്ക് പകരം ലളിതമായ ചെരുപ്പുകളും ഉപയോഗിക്കാം. പുതിയ ചട്ടം നിർബന്ധമല്ല. പൂർണ്ണമായും ഉദ്യോഗസ്ഥരുടെ സൗകര്യത്തിനനുസരിച്ച് തിരഞ്ഞെടുക്കാം.
ഭരണഘടന ഉറപ്പുനൽകുന്ന ലിംഗനീതി മുൻനിർത്തിയാണ് സേനയിൽ സ്ത്രീസൗഹാർദപരമായ തീരുമാനത്തിലേക്ക് കേരള പൊലീസ് എത്തിയിരിക്കുന്നത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
