പത്തനംതിട്ട: കോഴഞ്ചേരി മാരാമൺ റിസോർട്ടിൽ കൊലപാതകം. റിസോർട്ടിലെ റിസപ്ഷനിസ്റ്റ് ദിൽഷയെ (20) ആണ് സുഹൃത്ത് ജിത്തു കൊലപ്പെടുത്തിയത്. കുളത്തൂപ്പുഴ സ്വദേശിയാണ് മരിച്ച ദിൽഷ. കീഴൂകര സ്വദേശിയാണ് പിടിയിലായ ജിത്തു. പ്രണയ നൈരാശ്യമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഉച്ചയ്ക്ക് ഒന്നരയോടെ ജിത്തു സംഭവസ്ഥലത്തെത്തി ദിൽഷയെ ഹോട്ടലിനു മുന്നിലേക്ക് വിളിക്കുകയായിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ വാക്തർക്കമുണ്ടാവുകയും ദിൽഷയെ കൊലപ്പെടുത്തുകയുമായിരുന്നു. ഉടൻ ദിൽഷയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ദിൽഷ പ്രണയത്തിൽ നിന്ന് പിന്മാറിയതാണ് ജിത്തുവിന്റെ പകയ്ക്ക് കാരണമെന്ന് പൊലീസ് പറയുന്നു. പ്രതി യുവതിയെ കൊല്ലണമെന്ന് തീരുമാനിച്ച് ഉറപ്പിച്ചാണ് റിസോർട്ടിലേക്ക് എത്തിയത്. തന്നെ വഞ്ചിച്ചു എന്ന് ഉറക്കെ വിളിച്ചുപറഞ്ഞായിരുന്നു ജിത്തു ദിൽഷയുടെ കഴുത്തിൽ പലതവണ കുത്തിയത്.
പത്തു മിനിറ്റോളം പുറത്ത് നിന്ന് സംസാരിച്ച ശേഷമാണ് പ്രതി യുവതിയെ ആക്രമിച്ചതെന്നാണ് വിവരം. കൊലപാതകത്തിന് ഉപയോഗിച്ച കത്തി പ്രതി ഓൺലൈനായി വാങ്ങിയതാണെന്ന് പൊലീസ് പറയുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴും ദിൽഷയ്ക്ക് ജീവൻ ഉണ്ടായിരുന്നു. ആശുപത്രിയിൽ എത്തിയ ശേഷം ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
