മുസ്‍ലിം യുവാവിനെ ദേശീയ സുരക്ഷാ നിയമം ചുമത്തി തടവിലിട്ട സംഭവം: യു പി സർക്കാറിന് 10 ലക്ഷം രൂപ പിഴ

News Desk
1 Min Read

ലക്നോ: സംഭാൽ ഷാഹി ജുമാ മസ്ജിദിലെ കോടതി ഉത്തരവ് പ്രകാരമുള്ള സർവേയെത്തുടർന്ന് 2024ൽ നടന്ന പ്രതിഷേധത്തിന്റെ സൂത്രധാരൻ എന്ന് ഉത്തർപ്രദേശ് (Uttar Pradesh) പോലീസ് ആരോപിച്ച മുല്ല അഫ്രോസിന്റെ കരുതൽ തടങ്കൽ സുപ്രീം കോടതി (Supreme Court) റദ്ദാക്കി.

നിയമവിരുദ്ധമായി തടങ്കൽ ഉത്തരവ് നൽകിയതിന് ഉത്തർപ്രദേശ് സർക്കാറിന് കോടതി 10 ലക്ഷം രൂപ പിഴയും ചുമത്തി. ദേശീയ സുരക്ഷാ നിയമം (NSA Act) 1980 പ്രകാരം അഫ്രോസിനെ തടങ്കലിൽ വെച്ചത് ശരിവെച്ച അലഹബാദ് ഹൈക്കോടതി വിധി ജസ്റ്റിസ് ദീപങ്കർ ദത്ത, ജസ്റ്റിസ് ശീൽ നാഗു എന്നിവരടങ്ങിയ ബെഞ്ച് റദ്ദാക്കുകയായിരുന്നു.

പോലീസ് കസ്റ്റഡിയിലിരിക്കെ ലഭിച്ച കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിൽ അഫ്രോസിതിരെ കരുതൽ തടങ്കൽ നിയമം ചുമത്താൻ ഉത്തർപ്രദേശ് സർക്കാറിന് കഴിയില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയതായി ലൈവ് ലോ റിപ്പോർട്ട് ചെയ്തു.

ചരിത്രപ്രസിദ്ധമായ ഷാഹി ജുമാ മസ്ജിദിൽ കോടതി ഉത്തരവ് പ്രകാരം സർവേ നടക്കുന്നതിനിടെ 2024 നവംബറിൽ സംഭാലിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയാണ് അഫ്രോസ്. ജയ് ശ്രീറാം എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ട് തീവ്ര ഹിന്ദുത്വ സംഘത്തിന്റെ സാന്നിധ്യത്തിലായിരുന്നു സർവേ നടന്നത്.

തുടർന്നുണ്ടായ അക്രമത്തിൽ പോലീസ് നടത്തിയ വെടിവെപ്പിൽ നാല് മുസ്‌ലിം യുവാക്കൾ കൊല്ലപ്പെട്ടിരുന്നു. സംഭവ സമയത്ത് പോലീസ് അമിതമായി ബലപ്രയോഗം നടത്തിയെന്നും തുടർന്ന് സംഭാലിലെ മുസ്‌ലിംകൾക്കെതിരെ വ്യാപക നടപടികൾ സ്വീകരിച്ചെന്നും മുസ്‌ലിം സംഘടനകളും പ്രതിപക്ഷ പാർട്ടികളും ആരോപിച്ചിരുന്നു.

സംഭവം നടന്ന് ഏകദേശം 54 ദിവസങ്ങൾക്ക് ശേഷമാണ് അഫ്രോസിനെ അറസ്റ്റ് ചെയ്തത്. പിന്നീട് അലഹബാദ് ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചെങ്കിലും കർശനമായ എൻ എസ് എ ചുമത്തി അഫ്രോസിന്റെ സ്വാതന്ത്ര്യം തടഞ്ഞു. 2025 ഒക്ടോബർ 13ന് ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെടാതെ തന്നെ തടങ്കലിൽ പാർപ്പിക്കാൻ അധികാരം നൽകുന്ന കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഈ തടങ്കൽ ഉത്തരവ് അലഹബാദ് ഹൈക്കോടതി പിന്നീട് ശരിവെച്ചതിനെ തുടർന്നാണ് അഫ്രോസ് ഇതിന്റെ നിയമസാധുത ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചത്.

….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!