അബുദാബി: യുഎഇയിലെ ഇന്ത്യൻ പാസ്പോർട്ട്, വീസ ഉൾപ്പെടെയുള്ള കോൺസുലർ സേവനങ്ങൾ പുറംകരാർ നൽകുന്നതിന് ഇന്ത്യൻ എംബസി പുതിയ ടെൻഡർ ക്ഷണിച്ചു. നിയമപോരാട്ടങ്ങൾക്കൊടുവിൽ പുതിയ ടെൻഡർ വിളിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടതിനെ തുടർന്നാണ് നടപടി.
അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് കോൺസുലർ സേവനങ്ങളുടെ ചുമതലയേറ്റെടുത്ത് മാസങ്ങൾക്കുള്ളിലാണ് പുതിയ ടെൻഡർ നടപടികളിലേക്ക് കടക്കുന്നത്. യുഎഇയിലുടനീളം ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകൾ (ഐസിഎസി) പ്രവർത്തിപ്പിക്കുന്നതിനായി യോഗ്യരായ ഏജൻസികളിൽനിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
മുൻപ് നടന്ന ടെൻഡർ നടപടികളിലെ സാങ്കേതിക മൂല്യനിർണയം ചോദ്യം ചെയ്ത് പുറന്തള്ളപ്പെട്ട ചില കമ്പനികൾ സമർപ്പിച്ച ഹർജിയിൽ ഡൽഹി ഹൈക്കോടതി പുതിയ ടെൻഡർ വിളിക്കാൻ ഉത്തരവിട്ടിരുന്നു. തുടർന്ന് അൽഹിന്ദിന്റെ സേവനങ്ങൾക്ക് വിലക്കേർപ്പെടുത്തിയതോടെ പ്രവാസികൾ ഏറെ ദുരിതത്തിലായി. ഈ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. പുതിയ ടെൻഡർ നടപടികൾ മൂന്നു മാസത്തിനകം പൂർത്തിയാക്കാൻ നിർദേശിച്ച സുപ്രീം കോടതി, പ്രവാസികളുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ ഇടക്കാല ആശ്വാസമെന്ന നിലയിൽ അൽഹിന്ദ് വഴി സേവനങ്ങൾ തുടരാൻ അനുവദിക്കുകയായിരുന്നു.
നിലവിൽ യുഎഇയിലുടനീളം 16 കേന്ദ്രങ്ങളിലൂടെ അൽഹിന്ദ് പാസ്പോർട്ട്, വീസ, സാക്ഷ്യപ്പെടുത്തൽ (അറ്റസ്റ്റേഷൻ) സേവനങ്ങൾ നൽകിവരുന്നുണ്ട്. ഫോം പൂരിപ്പിക്കൽ, ഫോട്ടോ, കൊറിയർ ഉൾപ്പെടെയുള്ള സൗകര്യങ്ങൾക്ക് 19 ദിർഹമാണ് ഇവർ ഈടാക്കുന്നത്. തുടക്കത്തിൽ ഏറെ തിരക്കും തീർപ്പാക്കാത്ത അപേക്ഷകളുടെ ആധിക്യവും അനുഭവപ്പെട്ടിരുന്നെങ്കിലും നിലവിൽ പ്രശ്നങ്ങൾ പരിഹരിച്ചതായും ഞായറാഴ്ചകളിലും അപേക്ഷകൾ സ്വീകരിച്ചുതുടങ്ങിയതായും അൽഹിന്ദ് വ്യക്തമാക്കുന്നു.
പുതിയ ടെൻഡർ പ്രകാരം അബുദാബി, ദുബായ്, ഷാർജ, അജ്മാൻ, ഫുജൈറ, ഉമ്മുൽഖുവൈൻ, ഖോർഫക്കാൻ, കൽബ, റാസൽഖൈമ എന്നിവിടങ്ങളിലായി 15 ഐസിഎസി കേന്ദ്രങ്ങളാണ് ആരംഭിക്കുക. മൂന്നു വർഷത്തേക്കാണ് കരാർ കാലാവധി. കരാർ ഒപ്പിട്ട് 45 ദിവസത്തിനകം പുതിയ ഏജൻസി പ്രവർത്തനം ആരംഭിക്കണം. ഒക്ടോബർ 8-നാണ് പ്രീ-ബിഡ് യോഗം. ഒക്ടോബർ 26-ന് ഉച്ചയ്ക്ക് മൂന്നു മണിവരെ അപേക്ഷകൾ സമർപ്പിക്കാം. സാങ്കേതിക, സാമ്പത്തിക മൂല്യനിർണയങ്ങൾക്ക് ശേഷം ഏറ്റവും കുറഞ്ഞ തുക വാഗ്ദാനം ചെയ്യുന്ന (എൽ1) ഏജൻസിയെയാണ് തിരഞ്ഞെടുക്കുക.
40 ലക്ഷത്തിലേറെ വരുന്ന യുഎഇയിലെ ഇന്ത്യൻ സമൂഹത്തിന് നിലവിലെ സേവനങ്ങൾ തടസ്സമില്ലാതെ തുടരുമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ ടെൻഡർ നടപടികൾ പൂർത്തിയാകുമ്പോൾ സേവനദാതാവിൽ മാറ്റം വന്നേക്കാം. കഴിഞ്ഞവർഷം നാലു ലക്ഷത്തോളം പാസ്പോർട്ട് സേവനങ്ങൾ ഉൾപ്പെടെ ആറു ലക്ഷത്തോളം കോൺസുലർ സേവനങ്ങളാണ് യുഎഇയിലെ ഇന്ത്യൻ മിഷനുകൾ വഴി നൽകിയത്. അപ്പോയിന്റ്മെന്റുകൾക്കും വിവരങ്ങൾക്കുമായി ‘കോൺസുലാർ സേവ ഇൻ യുഎഇ’ പോർട്ടൽ ഉപയോഗിക്കാമെന്നാണ് റിപോർട്ട്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
