‘തമിഴ് അമ്മയെപ്പോലെ’, തമിഴ് തായ് വാഴ്ത്തുപാട്ട് നിര്‍ബന്ധം; പ്രമേയം പാസാക്കി തമിഴ്‌നാട് നിയമസഭ

News Desk
1 Min Read

ചെന്നൈ: പൊതുപരിപാടികളില്‍ തമിഴ് തായ് വാഴ്ത്ത് നിര്‍ബന്ധമാക്കുന്ന പ്രമേയം തമിഴ്‌നാട് നിയമസഭ പാസാക്കി. മുഖ്യമന്ത്രി ജോസഫ് വിജയ് ആണ് പ്രമേയം സഭയില്‍ അവതരിപ്പിച്ചത്. തമിഴ് അമ്മയെപ്പോലെയാണെന്നും തമിഴരുടെ ജീവനും വികാരവുമാണെന്നും വിജയ് പറഞ്ഞു.

‘ഭാഷ എല്ലാക്കാലവും തുടരാനുള്ളതാണ്. അത് ആരും മറക്കരുത്. തമിഴ് ഒരു ഭാഷ മാത്രമല്ല, അത് നമ്മുടെ ജീവനും വികാരവുമാണ്. തമിഴ് സംസ്ഥാനഗീതത്തിന്റെ ബഹുമാനം സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. തമിഴ്‌നാടിന്റെ സ്വത്വമായ ഈ വിഷയത്തെ ദേശീയ ചര്‍ച്ചയാക്കി മാറ്റേണ്ട ആവശ്യവുമില്ല,’ വിജയ് പറഞ്ഞു.

ലോകത്തിലെ ഏറ്റവും പ്രാചീനമായ ക്ലാസിക്കല്‍ ഭാഷകളിലൊന്നാണ് തമിഴെന്നും ലോകസംസ്‌കാരത്തിലെ ഏറ്റവും പ്രൗഢമായ ഒന്നാണ് തമിഴ് സംസ്‌കാരമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയകക്ഷി വ്യത്യാസങ്ങള്‍ക്കപ്പുറം പ്രമേയത്തെ എല്ലാ അംഗങ്ങളും പിന്തുണയ്ക്കണമെന്നും വിജയ് ആവശ്യപ്പെട്ടു.

ഡി.എം.കെ.യും എ.ഐ.എ.ഡി.എം.കെ.യും പ്രമേയത്തിന് പിന്തുണ അറിയിച്ചു. തമിഴ് തായ് വാഴ്ത്ത് ആദ്യം ആലപിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ ആദ്യമായി പ്രമേയം കൊണ്ടുവന്നത് ഡി.എം.കെ. സര്‍ക്കാരാണെന്ന് പാര്‍ട്ടിയെ പ്രതിനിധീകരിച്ച് സംസാരിച്ച ഗോവി ചെഴിയന്‍ പറഞ്ഞു. തമിഴിന്റെ കാര്യം വരുമ്പോള്‍ എല്ലാവരും ഒരേസ്വരത്തില്‍ സംസാരിക്കണമെന്ന് എ.ഐ.എ.ഡി.എം.കെ. നേതാവ് എടപ്പാടി പളനിസ്വാമിയും പറഞ്ഞു.

സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവ സംഘടിപ്പിക്കുന്ന പരിപാടികളുടെ തുടക്കത്തില്‍ തമിഴ് തായ് വാഴ്ത്ത് നിര്‍ബന്ധമായും ആലപിക്കണമെന്നാണ് പ്രമേയത്തിലെ നിര്‍ദേശം.

മുഖ്യമന്ത്രി ജോസഫ് വിജയിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഉള്‍പ്പെടെ സംസ്ഥാനത്ത് അടുത്തിടെ നടന്ന വിവിധ ചടങ്ങുകളില്‍ വന്ദേമാതരത്തിനും ദേശീയഗാനത്തിനും ശേഷമാണ് തമിഴ് തായ് വാഴ്ത്ത് ആലപിച്ചത്. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ പ്രമേയം കൊണ്ടുവന്നത്.

1891ല്‍ മനോന്മണീയം സുന്ദരനാര്‍ രചിച്ച ‘മനോന്മണീയം’ എന്ന നാടകത്തിന്റെ ആമുഖത്തില്‍ നിന്നുള്ള വരികളാണ് തമിഴ് തായ് വാഴ്ത്ത്. സര്‍ക്കാര്‍ ചടങ്ങുകളില്‍ ഇത് ആദ്യഗാനമായി ആലപിക്കണമെന്ന ഉത്തരവ് 1970 നവംബര്‍ 23നാണ് തമിഴ്‌നാട് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article