‘ഏത് അമ്മയെന്ന് ആവർത്തിച്ച് ജോൺ ബ്രിട്ടാസ് എംപി, സഹികെട്ട് നിന്റെ അമ്മയെന്ന് എഐഡിഎംകെ എംപി’

News Desk
1 Min Read

ന്യൂഡല്‍ഹി: ജോണ്‍ ബ്രിട്ടാസ് എംപിയോട് ക്ഷുഭിതനായ എഐഡിഎംകെ എംപി എം. തമ്പിദുരൈയുടെ രാജ്യസഭയിലെ പ്രസംഗം ചര്‍ച്ചയാകുന്നു. നീറ്റ് വിഷയത്തിലായിരുന്നു തമ്പിദുരൈയുടെ പ്രസംഗം.

നീറ്റ് പരീക്ഷയെ എഐഡിഎംകെ ശക്തമായി എതിര്‍ക്കുന്നുവെന്നും 2017ല്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലിനെ തങ്ങള്‍ എതിര്‍ത്തിരുന്നുവെന്നുമാണ് തമ്പിദുരൈ സഭയില്‍ പറഞ്ഞത്. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത നടത്തിയ ചില ഇടപെടലുകളെ കുറിച്ചും തമ്പിദുരൈ പരാമര്‍ശിച്ചു.

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി പുരട്ചി തലവി ‘അമ്മ’ എന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു എംപിയുടെ പരാമര്‍ശം.

ഇതിനിടെ ജോണ്‍ ബ്രിട്ടാസ് മൂന്ന് തവണ തമ്പിദുരൈയോട് ‘Which Amma’ എന്ന് ആവര്‍ത്തിച്ച് ചോദിക്കുകയായിരുന്നു. മൂന്നാമതും ചോദ്യം ഉയര്‍ന്നതോടെ സഹികെട്ട തമ്പിദുരൈ ‘Your Amma’ എന്ന് മറുപടി നല്‍കി.

തുടര്‍ന്ന് ഈ മറുപടി കേട്ട് അത്ഭുതപ്പെടുന്ന ജോണ്‍ ബ്രിട്ടാസ് എംപിയുടെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു.

അതേസമയം 2010ലാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ആദ്യമായി നീറ്റ് പരീക്ഷ നോട്ടിഫൈ ചെയ്തതെന്നും 2012-13 കാലഘട്ടത്തില്‍ കോണ്‍ഗ്രസും ഡിഎംകെയും ചേര്‍ന്നാണ് ഇത് നടപ്പിലാക്കിയതെന്നുമാണ് തമ്പിദുരൈ പാര്‍ലമെന്റില്‍ പറഞ്ഞത്. യുപിഎ സര്‍ക്കാരിനെതിരെയായിരുന്നു എംപിയുടെ പരാമര്‍ശം.

അക്കാലത്ത് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന് കത്തയച്ച ജയലളിത, തമിഴ്നാടിന്റെ അഡ്മിഷന്‍ നയം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും തമ്പിദുരൈ ചൂണ്ടിക്കാട്ടിയിരുന്നു.

നീറ്റ് പരീക്ഷ നടത്താന്‍ സുപ്രിംകോടതി അനുമതി നല്‍കിയപ്പോള്‍, 2014 ജൂണിലും 2015 ഒക്ടോബറിലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജയലളിത കത്തയക്കുകയും പുനഃപരിശോധനാ ഹരജി പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നതായും അദ്ദേഹം പറഞ്ഞു.

ജയലളിതയെ ‘അമ്മ’ എന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു എംപി മുഴുവൻ സമയവും സംസാരിച്ചത്. എന്നാല്‍ തമ്പിദുരൈ പ്രസംഗം അവസാനിപ്പിച്ചതിന് പിന്നാലെ സഭയിലെ ഏതാനും നേതാക്കള്‍ ജോണ്‍ ബ്രിട്ടാസ് എംപിക്ക് നല്‍കിയ മറുപടിയില്‍ അദ്ദേഹത്തെ വിമര്‍ശിക്കുകയും ചെയ്തു.

….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article