പിഷാരടി വലിയ മാനസിക വിഷമത്തിൽ, ശ്വേത ഇത്രയും വലിയ ക്രൂരത ചെയ്യാൻ പാടില്ലായിരുന്നു: ഉഷ

News Desk
4 Min Read

താരസംഘടനയായ ‘അമ്മ’യിലെ അഡ്ഹോക്ക് കമ്മിറ്റി കൺവീനറായിരുന്ന എംഎൽഎ രമേഷ് പിഷാരടിയും സംഘടനയുടെ പ്രസിഡന്റ് ശ്വേതാ മേനോനും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തുവന്ന സംഭവത്തിൽ ശ്വേതാ മേനോനെതിരെ രൂക്ഷവിമർശനവുമായി നടി ഉഷ ഹസീന.

യാഥാർഥ്യം മനസ്സിലാക്കാതെ രമേഷ് പിഷാരടിയ്ക്കെതിരെ ഇപ്പോൾ നടക്കുന്ന സൈബർ ആക്രമണം തികച്ചും ഖേദകരമാണെന്നും പിഷാരടിയ്ക്ക് തന്റെ പൂർണ പിന്തുണയുണ്ടെന്നും ഉഷ ഹസീന വ്യക്തമാക്കി. സ്വാർഥ താല്പര്യങ്ങൾക്ക് വേണ്ടി മറ്റുള്ളവരെ ചതിക്കുന്നവർ കേരളീയ സമൂഹം ഒരിക്കലും വിശ്വസിക്കില്ലെന്നും രമേഷ് പിഷാരടിക്ക് അമ്മയിലെ അംഗങ്ങളുടെയും ജനങ്ങളുടെയും പൂർണ പിന്തുണ ഉണ്ടായിരിക്കുമെന്നും ഉഷ ഹസീന പറയുന്നു.

മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും പിന്തുണ തനിക്കുണ്ടെന്ന ശ്വേതാ മേനോന്റെ വാദങ്ങൾ വെറും കള്ളമാണെന്ന് ഉഷ ഹസീന പറഞ്ഞു. പാവപ്പെട്ട ‘അമ്മ’യിലെ അംഗങ്ങൾക്ക് വെൽഫെയറും ഇൻഷുറൻസും കൈനീട്ടവും നൽകാനാണ് അവർ എപ്പോഴും സംഘടനയ്ക്കൊപ്പം നിന്നിട്ടുള്ളത്. സഹപ്രവർത്തകനെ ചതിച്ച ശ്വേതയെ അവർ പിന്തുണയ്ക്കുമെന്ന് ‘അമ്മ’യിലെ ഒരംഗം പോലും വിശ്വസിക്കില്ല എന്നും ഇനി അത് വിശ്വസിക്കണമെന്നുണ്ടെങ്കിൽ മമ്മൂട്ടിയും മോഹൻലാലും ഈ വിഷയത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്നും ഉഷ ഹസീന പറഞ്ഞു.

എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് സംഘടനയിൽ പ്രശ്നങ്ങളുണ്ടാക്കിയത്. ജനറൽ ബോഡിയിൽ കണക്ക് ചോദിച്ച സാധാരണ അംഗങ്ങളെയാണ് ഇവർ ‘പവർ ഗ്രൂപ്പ്’ എന്ന് വിളിക്കുന്നത്. യഥാർഥ പവർ ഗ്രൂപ്പ് കോർപ്പറേറ്റുകളിൽ നിന്ന് കോടികൾ വാഗ്ദാനം ചെയ്ത് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവരാണെന്ന് ഉഷ ഹസീന ആരോപിച്ചു. മുമ്പ് മഴവിൽ മനോരമ ഷോ നടത്തി പണം സമാഹരിച്ചതല്ലാതെ മറ്റൊരു കോർപ്പറേറ്റിൽ നിന്നും ‘അമ്മ’ പണം വാങ്ങിയിട്ടില്ലെന്നും, തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നവർ അത് തെളിയിക്കണമെന്നും മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ ഉഷ ഹസീന പറഞ്ഞു.

‘‘ശ്വേതാ മേനോനും രമേഷ് പിഷാരടിയും തമ്മിൽ നടത്തിയ ഫോൺ സംഭാഷണം പുറത്തു വന്നത് വളരെ ഖേദകരമാണ്. അതിന്റെ ചുവടുപിടിച്ച് പിഷാരടിയ്ക്കെതിരെ ഇപ്പോൾ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് നടക്കുന്നത്. ‘അമ്മ’യിലെ അംഗങ്ങൾക്കെല്ലാം തന്നെ ഇതിൽ ഭയങ്കരമായ പ്രതിഷേധവും സങ്കടവുമുണ്ട്. ആ സംഘടനയിലെ പ്രസിഡന്റ് ആയിരിക്കുന്ന ഒരാളാണ് സ്വന്തം അംഗത്തെ ഇങ്ങനെ ജനങ്ങൾക്ക് മുന്നിൽ മോശക്കാരനാക്കി അപമാനിക്കുന്നത്.

അവർ പ്ലാൻ ചെയ്ത് ചെയ്ത ഓഡിയോ ആണെന്നുള്ളത് അതിനകത്ത് വ്യക്തമാണ്. അവർ പറഞ്ഞ പല കാര്യങ്ങളും അതിനകത്ത് മ്യൂട്ട് ചെയ്തിട്ടുമുണ്ട്. അത് വാട്സ്ആപ്പ് കോൾ ആയിരുന്നു, സാധാരണ വാട്സ്ആപ്പ് കോൾ റെക്കോർഡ് ചെയ്യാൻ പറ്റില്ലല്ലോ. അപ്പോൾ മറ്റൊരു ഫോൺ വച്ച് റെക്കോർഡ് ചെയ്തതാണ്. അവർ നമ്മളെയൊക്കെ വിളിക്കുമ്പോഴും സാധാരണ വാട്സ്ആപ്പ് കോളാണ് വിളിക്കാറുള്ളത്.

ശ്വേതയും പിഷാരടിയും തമ്മിലുള്ള ആ സംഭാഷണത്തിന്റെ അവസാനം വന്ന ഓഡിയോ കട്ട് ചെയ്ത് ഒരു പി.ആർ ടീമാണ് ഇപ്പോൾ പബ്ലിഷ് ചെയ്തുകൊണ്ടിരിക്കുന്നത്. എവിടെയൊക്കെ എത്തിക്കാൻ പറ്റുമോ അവിടെയൊക്കെ അവർ ഇത് എത്തിക്കുകയാണ്. അവരുടെ ഫോണിൽ റെക്കോർഡ് ചെയ്തത് അവരുടെ കയ്യിൽ നിന്ന് തന്നെയല്ലേ പുറത്തുപോകൂ? ഹാക്ക് ചെയ്തതാണെന്ന് അവർ പറയുന്നത് ചുമ്മാ പച്ചക്കള്ളമാണ്. ഒരു പി.ആർ വർക്ക് നടത്തി ആ ഗ്രൂപ്പാണ് ഇത് പബ്ലിഷ് ചെയ്യുന്നത്. ഇത് വളരെ മോശവും തെറ്റുമാണ്, ശരിക്കും ഐ.ടി ആക്ട് പ്രകാരം വലിയൊരു ക്രൈം ആണ്.

അവരുടെ സംഭാഷണം കേട്ടാൽ ഇതുവരെ ഒന്നുമറിയാത്ത ഭൂമിയിലോട്ട് ഇപ്പോൾ പിറന്നുവീണ ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയോട് കൂടിയാണ് അവർ സംസാരിക്കുന്നത്. പക്ഷേ, അവർ ഒരുപാട് തമാശകൾ പലപ്പോഴും അവിടെയിരുന്ന് പറഞ്ഞ് ചിരിച്ചിട്ടുള്ള ഒരാളാണ്. അവരുമായിട്ട് സൗഹൃദമുള്ള പലരും പറയുന്നുണ്ട്, ഇതിനേക്കാളും വലിയ കൗണ്ടറടിച്ച്, വലിയ ഡബിൾ മീനിങ് ഉള്ള കാര്യങ്ങൾ പറഞ്ഞ് അവർ മുൻപ് പൊട്ടിപ്പൊട്ടി ചിരിച്ചിട്ടുണ്ടെന്ന്. സഹപ്രവർത്തകർ തമ്മിൽ തമ്മിൽ അങ്ങനെയുള്ള ഫ്രീഡം ഉള്ളതുകൊണ്ടല്ലേ പിഷാരടിയും തമാശയ്ക്ക് അങ്ങനെ സംസാരിച്ചത്? പിഷാരടിയെക്കുറിച്ച് ഞങ്ങൾക്ക് എല്ലാവർക്കും വളരെ നല്ല അഭിപ്രായമാണ്. അദ്ദേഹം അങ്ങനെയുള്ള ഒരു വ്യക്തിയൊന്നുമല്ല. എത്രയോ വർഷങ്ങളായിട്ട് പിഷാരടിയെ എനിക്കറിയാം. ഉഷസ് ഓർക്കസ്ട്ര എന്ന് പറഞ്ഞ് എനിക്കൊരു ട്രൂപ്പ് ഉണ്ടായിരുന്നു, അതിൽ ആങ്കറായിട്ട് വന്നിട്ടുള്ള ആളാണ് പിഷാരടി. അദ്ദേഹം ഒരു നിലവിട്ട് നമ്മളോടൊന്നും സംസാരിക്കുക പോലുമില്ല, തമാശയ്ക്ക് പോലും ഒന്നും പറയാറില്ല.

ഇത് വ്യക്തമായ മാനിപുലേഷൻ ആണ്. കോടതിയിൽ സമർപ്പിക്കാൻ വേണ്ടിയിട്ട്, അഡ്ഹോക്ക് കമ്മിറ്റിയുടെ കൺവീനറുമായിട്ട് പോലും ഞാൻ ഇതേക്കുറിച്ച് സംസാരിച്ചിട്ടുണ്ടെന്ന് വരുത്തിത്തീർക്കാൻ വേണ്ടി പ്ലാൻ ചെയ്ത് ചെയ്ത ഒരു കോളായിട്ടാണ് എനിക്ക് തോന്നുന്നത്. തീർച്ചയായിട്ടും ഇത് വളരെ മോശമായിപ്പോയി. ‘അമ്മ’യിലെ ഒരു അംഗത്തെ ആ സംഘടനയിലെ പ്രസിഡന്റ് ആയിരിക്കുന്ന ആളാണ് ചതിച്ചത്. താൻ ആ സ്ഥാനത്തേക്ക് യോഗ്യയല്ല എന്ന് അവർ ഓരോ നിമിഷവും അവരുടെ പ്രവർത്തിയിലൂടെ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങനെയുള്ള, ഇത്രയും ക്രൂക്ക്ഡ് മൈൻഡ് ഉള്ള ഒരാളെയാണോ നമ്മുടെ സംഘടനയെ നയിക്കാൻ ഇരുത്തേണ്ടത്?

ശ്വേത മേനോൻ, രമേഷ് പിഷാരടി
ലാലേട്ടനും മമ്മൂക്കയും ഒക്കെ കൂട്ടുപിടിച്ച് അവരുടെ പിന്തുണയുണ്ടെന്ന് ഇവർ പറയുന്നത് വെറുതെയാണ്, ‘അമ്മ’യിലെ അംഗങ്ങൾ ആരും അത് വിശ്വസിക്കത്തില്ല. മമ്മൂക്കയോ ലാലേട്ടനോ ഒന്നും ഇങ്ങനെയൊരാളേ പിന്തുണയ്ക്കില്ല. ഇനി നമ്മൾ അത് വിശ്വസിക്കണമെന്നുണ്ടെങ്കിൽ മമ്മൂക്കയോ ലാലേട്ടനോ നേരിട്ട് പറയണം, അവർ അവരുടെ മൗനം വെടിഞ്ഞ് സംസാരിക്കണം. ‘അമ്മ’യ്ക്ക് അഭിമാനമായി നിൽക്കുന്ന, എം.എൽ.എ ആയിട്ട് നിൽക്കുന്ന പിഷാരടിയെക്കൂടി ചതിക്കുന്ന ഇവരെ ലാലേട്ടനോ മമ്മൂക്കയോ പിന്തുണയ്ക്കുമോ എന്ന് അവർ തന്നെ വ്യക്തമാക്കട്ടെ.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article