ഡെഹ്‌റാഡൂൺ: ഉത്തരാഖണ്ഡിലെ പ്രശസ്തമായ ജിം കോർബെറ്റ് ദേശീയ ഉദ്യാനത്തിന്റെ പ്രവേശന കവാടമായ രാംനഗറിലെ ലക്ഷ്വറി റിസോർട്ടിൽ പോലീസും പ്രത്യേക അന്വേഷണ സംഘവും ചേർന്ന് നടത്തിയ റെയ്ഡിൽ പെൺവാണിഭ സംഘം പിടിയിൽ.
സംഭവവുമായി ബന്ധപ്പെട്ട് 52 പേരെ പോലീസ് അറസ്റ്റ് ചെയ്തു. റിസോർട്ടിൽ നിന്ന് ഒരു പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ പത്ത് സ്ത്രീകളെ പോലീസ് സംഘം രക്ഷപ്പെടുത്തിയിട്ടുണ്ട്. ആൻറി ഹ്യൂമൻ ട്രാഫിക്കിങ് യൂണിറ്റ് (Anti Human Trafficking Unit), സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (Special Operations Group), രാംനഗർ പോലീസ് എന്നിവർ സംയുക്തമായാണ് ആഡംബര റിസോർട്ടിൽ പരിശോധന നടത്തിയത്. റെയ്ഡിന് പിന്നാലെ ഈ റിസോർട്ട് പോലീസ് പൂർണ്ണമായും പൂട്ടി സീൽ ചെയ്തു.
ടൂറിസത്തിന്റെ മറവിൽ റിസോർട്ട് കേന്ദ്രീകരിച്ച് വലിയ രീതിയിലുള്ള പെൺവാണിഭ സംഘം പ്രവർത്തിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് റെയ്ഡ് നടത്തിയത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നും എത്തിച്ച സ്ത്രീകളെ ഉപയോഗിച്ചാണ് ഇവിടെ അനാശാസ്യ പ്രവർത്തനങ്ങൾ നടത്തിയിരുന്നതെന്ന് പോലീസ് വ്യക്തമാക്കി. പോലീസ് സംഘം റിസോർട്ടിൽ എത്തുമ്പോൾ വലിയ രീതിയിലുള്ള മദ്യസൽക്കാരം നടക്കുകയായിരുന്നു. സ്ത്രീകൾ അശ്ലീല നൃത്തം ചെയ്യുന്നതായും അതിഥികൾ ഇവർക്ക് നേരെ പണം എറിയുന്നതായും പോലീസ് കണ്ടെത്തി.
മീററ്റിൽ നിന്നുള്ള വ്യവസായിയായ ഉമേന്ദ്ര കുമാർ എന്നയാളാണ് ഈ പരിപാടിയുടെ പ്രധാന സംഘാടകനെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. തന്റെ കീടനാശിനി നിർമ്മാണ ബിസിനസുമായി ബന്ധപ്പെട്ട ആളുകൾക്ക് വിനോദ പരിപാടി ഒരുക്കുന്നതിനായി ജൂലൈ 4, 5 തീയതികളിൽ ഏകദേശം 2.20 ലക്ഷം രൂപ ചെലവഴിച്ചാണ് റിസോർട്ട് ബുക്ക് ചെയ്തതെന്ന് ഇയാൾ സമ്മതിച്ചതായി പോലീസ് പറഞ്ഞു. പരിപാടിക്കെത്തിച്ച ഓരോ സ്ത്രീക്കും 10,000 രൂപ വീതമാണ് പ്രതിഫലം നിശ്ചയിച്ചിരുന്നത്.
അതേസമയം, കേസിൽ തെളിവ് നശിപ്പിക്കാൻ റിസോർട്ട് അധികൃതർ ശ്രമിച്ചതായും പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. റിസോർട്ടിലെത്തുന്ന അതിഥികളുടെയോ സ്ത്രീകളുടെയോ വിവരങ്ങൾ സന്ദർശക രജിസ്റ്ററിൽ രേഖപ്പെടുത്തരുതെന്ന് റിസോർട്ട് ജനറൽ മാനേജർ ജീവനക്കാർക്ക് കർശന നിർദേശം നൽകിയിരുന്നു. ഇത് തെളിവുകൾ മറച്ചുവെക്കാനുള്ള ബോധപൂർവമായ ശ്രമമായി കണക്കാക്കിയാണ് പോലീസ് റിസോർട്ട് പൂട്ടി സീൽ ചെയ്തത്. പിടിയിലായ പ്രതികൾക്കെതിരെ ഭാരതീയ ന്യായ സംഹിത (Bharatiya Nyaya Sanhita), അനധികൃത കടത്ത് തടയൽ നിയമം, പോക്സോ (POCSO) നിയമം, എക്സൈസ് നിയമം, ജുവനൈൽ ജസ്റ്റിസ് നിയമം എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
