കോടീശ്വരനായ വ്യവസായ പ്രമുഖനാണെന്ന് വിശ്വസിപ്പിച്ചു; യുവതിയെ പീഡിപ്പിച്ച് തട്ടിയെടുത്തത് 41.25 ലക്ഷം

News Desk
1 Min Read

മുംബൈ: കോടീശ്വരനായ വ്യവസായ പ്രമുഖനാണെന്ന് വിശ്വസിപ്പിച്ച് യുവതിയെ പീഡിപ്പിക്കുകയും 41.25 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത യുവാവിനെതിരെ പൊലീസ് കേസ്. മഹാരാഷ്ട്രയിലെ നന്ദുർബാർ സ്വദേശിയായ 38 കാരനെതിരെയാണ് താനെ ജില്ലയിലെ കോൾസെവാടി പൊലീസ് കേസെടുത്തത്. താനെ കല്യാൺ ഈസ്റ്റ് സ്വദേശിനിയും വിവാഹമോചിതയുമായ 36 കാരിയുടെ പരാതിയിലാണ് നടപടി. 

ഒരു കുട്ടിയുടെ അമ്മയായ യുവതിയുമായി മാട്രിമോണിയൽ സൈറ്റ് വഴിയാണ് പ്രതി സൗഹൃദം സ്ഥാപിച്ചത്. താൻ വലിയൊരു ഹോട്ടൽ ഉടമയും സിവിൽ എൻജിനീയറുമാണെന്നാണ് പ്രതി യുവതിയെ ധരിപ്പിച്ചത്. യുവതിയെ വിവാഹം കഴിക്കാമെന്നും കുട്ടിയെ സ്വന്തം മകനെപ്പോലെ വളർത്താമെന്നും പറഞ്ഞ് പ്രതി ഇവരുടെ വിശ്വാസം പിടിച്ചുപറ്റി. തുടർന്ന് നവി മുംബൈയിലെ പൻവേലിലുള്ള വിവിധ ഹോട്ടലുകളിലും യുവതിയുടെ കല്യാണിലുള്ള വീട്ടിലും വച്ച് പ്രതി ഇവരെ നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പൊലീസ് പറഞ്ഞു. 

വിശ്വാസം മുതലെടുത്ത് പലതവണയായി 41.25 ലക്ഷം രൂപയാണ് പ്രതി യുവതിയിൽ നിന്ന് തട്ടിയെടുത്തത്. ഇതിനുപുറമേ വ്യാജ രേഖകൾ ചമച്ച് യുവതിയുടെ ഉടമസ്ഥതയിലുള്ള ഒരു കാർ വിൽക്കുകയും, മറ്റൊരു വാഹനം അനുവാദമില്ലാതെ കൈക്കലാക്കുകയും ചെയ്തതായി എഫ്ഐആറിൽ വ്യക്തമാക്കുന്നു. സമാനമായ രീതിയിൽ പ്രതി കൂടുതൽ സ്ത്രീകളെ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഒളിവിൽ പോയ പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article