ന്യൂഡൽഹി: സൗദിഅറേബ്യയിലെ റിയാദ്, ദമ്മാം നഗരങ്ങളിലേക്കുള്ള വിമാന സർവീസുകളുടെ വിലക്ക് ഡിസംബർ ഏഴുവരെ നീട്ടി ഇൻഡിഗോ. പശ്ചിമേഷ്യയിലെ സുരക്ഷാസാഹചര്യങ്ങൾ കണക്കിലെടുത്താണിത്.
ജിദ്ദ, മദീന എന്നിവിടങ്ങളിലേക്കുള്ള തിരഞ്ഞെടുത്ത സർവീസുകൾ പുനരാരംഭിച്ചു. നവംബർ 30വരെയായിരുന്നു നാല് നഗരങ്ങളിലേക്കുമുള്ള സർവീസുകൾ നിറുത്തിവെച്ചിരുന്നത്. സാഹചര്യവും പ്രവർത്തനക്ഷമതയും വിലയിരുത്തിയാണ് തീരുമാനം. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും ഇൻഡിഗോ അറിയിച്ചു.വിമാനങ്ങൾ റദ്ദാക്കിയത് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ നൽകിയ ഫോൺ നമ്പറിലും ഇമെയിലിലും അറിയിക്കുന്നുണ്ട്.
വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ സർവീസ് സ്റ്റാറ്റസ് പരിശോധിച്ച് ഉറപ്പുവരുത്തണം.
മറ്റ് വിമാനക്കമ്പനികൾ:
ആകാശഎയർ: സൗദി സർവീസുകളുടെ വിലക്ക് 2027 ജനുവരിയിലേക്ക് നീട്ടി. ജിദ്ദയിലേക്കുള്ള സർവീസുകൾ ജനുവരി 10 വരെയും റിയാദ് സർവീസുകൾ ജനുവരി 31വരെയും റദ്ദാക്കി. ടിക്കറ്റ് തുക പൂർണ്ണമായി തിരികെ വാങ്ങാനോ മറ്റൊരു തീയതിയിലേക്ക് യാത്ര മാറ്റാനോ സൗകര്യമുണ്ട്.
എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്: ജിദ്ദ, റിയാദ്, ദമ്മാം എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ നവംബർ 30വരെയാണ് നിറുത്തിവെച്ചിരിക്കുന്നത്. പുതുക്കിയ തീരുമാനം പിന്നീട്.
..
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
