- ഹൂതി ആക്രമണം രൂക്ഷമായ സാഹചര്യത്തിലാണ് റിയാദിലെ വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്ത് വിവിധ രാജ്യങ്ങളുടെ അംബാസഡർമാരെ വിളിച്ചു വരുത്തി സഊദി അവസ്ഥ വിശദീകരിച്ചത്
റിയാദ്: രാജ്യത്തിന്റെ സുരക്ഷയും പൗരന്മാരുടെയും വിദേശികളുടെയും സംരക്ഷണവും ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് സഊദി അറേബ്യ വ്യക്തമാക്കി. റിയാദിലെ വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്ത് വിവിധ രാജ്യങ്ങളുടെ അംബാസഡർമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രാഷ്ട്രീയകാര്യ അണ്ടർ സെക്രട്ടറി ഡോ. സഊദ് അൽ സാതി ഇക്കാര്യം അറിയിച്ചത്.
സഊദിയിലെ സാധാരണക്കാരെയും സിവിലിയൻ കേന്ദ്രങ്ങളെയും സുപ്രധാന അടിസ്ഥാനസൗകര്യങ്ങളെയും ലക്ഷ്യമിട്ട് ഹൂതികൾ നടത്തിയ ആക്രമണങ്ങളിലെ പുതിയ സംഭവവികാസങ്ങൾ അൽ സാതി അംബാസഡർമാരെ ധരിപ്പിച്ചു. രാജ്യാന്തര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് ഈ ആക്രമണങ്ങളെന്നും സാധാരണക്കാരുടെ ജീവനും സുരക്ഷയ്ക്കും അവ ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.
ഹൂതി ആക്രമണങ്ങളെ നേരിടാൻ യമൻ ജനതയ്ക്കും അവിടത്തെ നിയമാനുസൃത സർക്കാരിനും സഊദി പിന്തുണ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. യെമനിലെ ഔദ്യോഗിക ഭരണകൂടത്തെ പിന്തുണയ്ക്കുന്ന സഖ്യസേനയുടെ വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലിക്കിയും ഈ കൂടിക്കാഴ്ചകളിൽ പങ്കെടുത്തു.
സഊദിക്കെതിരായ ആക്രമണങ്ങളെ തങ്ങളുടെ രാജ്യങ്ങൾ അപലപിക്കുന്നതായി അംബാസഡർമാർ ആവർത്തിച്ചു. ആക്രമണങ്ങളെ നേരിടുന്നതിനും രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനും പൗരന്മാരെയും താമസക്കാരെയും സംരക്ഷിക്കുന്നതിനും സഊദി സ്വീകരിക്കുന്ന നടപടികൾക്ക് അവർ പിന്തുണ അറിയിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
