അബുദാബി: യുഎഇ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വീണ്ടും ഇന്ത്യക്കാരന് സമ്മാനനേട്ടം. തമിഴ്നാട്ടിൽ നിന്നുള്ള അരവിന്ദൻ കെ എന്ന 35കാരനായ എഞ്ചിനീയറെയാണ് ഇത്തവണ ഭാഗ്യം കടാക്ഷിച്ചത്. 25,000 ദിർഹം (6.3 ലക്ഷം രൂപ) ആണ് സമ്മാനം. അരവിന്ദൻ തന്റെ അമ്മയുടെ ചികിത്സയ്ക്കായി പണം സ്വരൂപിക്കവേയാണ് നറുക്കെടുപ്പിലൂടെ ഭാഗ്യാനുഗ്രഹമെത്തിയത്. അരവിന്ദനും സഹോദരനും ചേർന്നാണ് ടിക്കറ്റ് വാങ്ങിയത്.
കഴിഞ്ഞവർഷം ജോലി സംബന്ധമായി അരവിന്ദൻ അബുദാബിയിലെത്തിയിരുന്നു. ആറുമാസം ഇവിടെ തങ്ങുകയും ചെയ്തു. സാധാരണ സുഹൃത്തുക്കൾക്കൊപ്പമാണ് അരവിന്ദൻ ടിക്കറ്റ് വാങ്ങാറുള്ളത്. എന്നാൽ ഇത്തവണ സഹോദരനൊപ്പം ഭാഗ്യം പരീക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. ജ്യോതിഷപ്രകാരമാണ് ടിക്കറ്റ് നമ്പർ തിരഞ്ഞെടുത്തതെന്ന് അരവിന്ദൻ പറഞ്ഞു.
നവംബർ മൂന്നാം വാരത്തിലെ നറുക്കെടുപ്പിൽ അരവിന്ദന് പുറമെ മൂന്ന് ഇന്ത്യക്കാർ കൂടി 25,000 ദിർഹമിന്റെ സമ്മാനത്തിനർഹരായി. ഷാർജയിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസിയായ മകരന്ദ് നിവൃത്തി പാട്ടീൽ, യുഎഇയിൽ ജോലി ചെയ്യുന്ന ഷറഫുദ്ധീൻ കാസിം, അബുദാബിയിൽ താമസിക്കുന്ന ക്വാളിറ്റി കൺട്രോൾ ഇൻസ്പെക്ടർ പ്രീതി ആന്റോ ആന്റണി അന്തിക്കാട്ട് വക്കോ എന്നിവരാണ് മറ്റ് വിജയികൾ. ഡിസംബർ മൂന്നിന് നടക്കുന്ന തത്സമയ നറുക്കെടുപ്പിലൂടെയാണ് വിജയികളെ പ്രഖ്യാപിക്കുന്നത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
