ജിദ്ദ: ഒന്നര മാസത്തിലേറെയായി ഇന്ത്യൻ വിമാനക്കമ്പനികൾ സഊദി അറേബ്യയിലേക്കുള്ള സർവീസുകൾ നിർത്തിവെച്ചതിനെത്തുടർന്ന് പ്രവാസികൾ നേരിടുന്ന കടുത്ത യാത്രാപ്രതിസന്ധിയിൽ കേന്ദ്ര സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഡോ. ശശി തരൂർ എം.പി രംഗത്തെത്തി. ഒ.ഐ.സി.സി മിഡിൽ ഈസ്റ്റ് കൺവീനർ കെ.ടി.എ. മുനീർ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിനും വ്യോമയാന മന്ത്രി കിഞ്ചരാപ്പു റാം മോഹൻ നായിഡുവിനുമാണ് അദ്ദേഹം കത്തയച്ചത്.
ഒക്ടോബർ ആദ്യവാരം മുതൽ എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, ആകാശ് എയർ എന്നിവ സർവീസുകൾ റദ്ദാക്കിയതോടെ ടിക്കറ്റ് നിരക്ക് രണ്ടിരട്ടിയിലധികം വർധിക്കുകയും അടിയന്തര യാത്രക്കാരും വിസ കാലാവധി തീരാറായവരും കടുത്ത പ്രതിസന്ധിയിലാകുകയും ചെയ്തിരുന്നു. നാരോബോഡി വിമാനങ്ങൾക്ക് ഇന്ത്യൻ വിമാനത്താവളങ്ങളിൽ സാങ്കേതിക സ്റ്റോപ്പുകൾ അനുവദിച്ച് സർവീസുകൾ പുനരാരംഭിക്കുക, അമിത നിരക്ക് തടയാൻ ഫെയർ ക്യാപ് ഏർപ്പെടുത്തുക, വിസ കാലാവധി കഴിയുന്ന പ്രവാസികൾക്ക് പിഴയില്ലാതെ സമയം നീട്ടിനൽകാൻ സഊദി അധികൃതരുമായി നയതന്ത്ര ചർച്ച നടത്തുക തുടങ്ങിയ പ്രധാന നിർദേശങ്ങളാണ് ശശി തരൂർ മുന്നോട്ടുവെച്ചത്.
ഇടപെടലുകൾക്ക് ഭാഗിക ആശ്വാസമായി ഇൻഡിഗോ ഡിസംബർ 1 മുതൽ കോഴിക്കോട് – ജിദ്ദ, മുംബൈ – ജിദ്ദ, മുംബൈ – മദീന, ഹൈദരാബാദ് – ജിദ്ദ റൂട്ടുകളിൽ പ്രതിദിന സർവീസുകൾ പുനരാരംഭിക്കുമെന്ന് അറിയിച്ചു. അതേസമയം, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകളുടെ വിലക്ക് നവംബർ 30 വരെയും, ആകാശ് എയറിന്റെ ജിദ്ദ സർവീസ് ഡിസം. 14 വരെയും നിർത്തിവെച്ചിരിക്കുകയാണ്.
കോഴിക്കോട് ജിദ്ദ സർവീസ് ആശ്വാസമാണെങ്കിലും കൊച്ചി, തിരുവനന്തപുരം, റിയാദ്, ദമ്മാം സെക്ടറുകളിലെ പ്രതിസന്ധി പരിഹരിക്കാൻ മുഴുവൻ വിമാനക്കമ്പനികളും ഉടൻ സർവീസ് തുടങ്ങണമെന്ന് ഒ.ഐ.സി.സി മിഡിൽ ഈസ്റ്റ് കൺവീനർ കെ.ടി.എ. മുനീർ ആവശ്യപ്പെട്ടു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
