‘പെട്രോൾ, ഡീസൽ വില ഉടനെയൊന്നും കുറയ്ക്കാൻ കഴിയില്ല, വേണമെങ്കിൽ സംസ്ഥാനങ്ങൾ കുറയ്ക്കട്ടെ’: സുരേഷ് ഗോപി

News Desk
1 Min Read

ചെന്നൈ: പെട്രോളിന്റെയും ഡീസലിന്റെയും വില സമീപകാലത്ത് കുറയ്ക്കാൻ കഴിയുന്ന സ്ഥിതിയില്ലെന്ന് കേന്ദ്ര പെട്രോളിയം – പ്രകൃതിവാതക സഹമന്ത്രി സുരേഷ് ഗോപി. 42,000 കോടി രൂപയുടെ നഷ്ടമാണ് എണ്ണക്കമ്പനികൾ നേരിട്ടതെന്നും പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിതരണത്തിൽ വലിയ പ്രതിസന്ധിയുണ്ടെന്നും സുരേഷ് ഗോപി മീനാമ്പക്കത്ത് പറഞ്ഞു.

ധനസ്ഥിതി നോക്കി പെട്രോളിന് മേൽ ഏർപ്പെടുത്തിയിരിക്കുന്ന നികുതി കുറയ്ക്കാൻ സംസ്ഥാനങ്ങൾക്ക് സ്വന്തം നിലയ്ക്ക് അധികാരമുണ്ടെന്നും എണ്ണ വിലയിൽ ഏതെങ്കിലും തരത്തിൽ കുറവ് വരുത്തുന്നതിന് മുൻപ് എണ്ണക്കമ്പനികളെ കണക്കിലെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

‘വില നാളെ മുതൽ കുറയണമെന്നാണ് നമ്മുടെയെല്ലാം ആഗ്രഹം. സാങ്കേതികമായി അത് സാദ്ധ്യമല്ല. 42,000 കോടിയുടെ നഷ്ടം ഇപ്പോൾ എണ്ണക്കമ്പനികൾക്കുണ്ട്. അത് പരിഹരിക്കേണ്ടതുണ്ട്. ഇന്ധനവില കുറയ്ക്കാൻ കേന്ദ്രം എന്ത് നടപടി സ്വീകരിച്ചാലും ആദ്യം എണ്ണക്കമ്പനികളെ പരിഗണിക്കേണ്ടിവരും. കേരളത്തിലും കർണാടകയിലുമെല്ലാം പെട്രോളിന് നന്നായി വില വർദ്ധിച്ചിട്ടുണ്ട്. പെട്രോളിന്റെയും പെട്രോളിയം ഉൽപ്പന്നങ്ങളുടെയും വിതരണത്തിൽ നേരിടുന്ന പ്രതിസന്ധികൾ യഥാസമയം പരിഹരിക്കാൻ കേന്ദ്രസർക്കാർ മതിയായ നടപടികൾ സ്വീകരിക്കുന്നുണ്ട്’- സുരേഷ് ഗോപി വ്യക്തമാക്കി.

നേരത്തെ എഥനോൾ മേഖലയിലുണ്ടായ പ്രതിസന്ധിക്ക് കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തി കർണാടക വ്യവസായ മന്ത്രി എം ബി പാട്ടീൽ രംഗത്തെത്തിയിരുന്നു. മതിയായ സംഭരണം ഉറപ്പാക്കാതെ ഉൽപ്പാദനം വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ പ്രോത്സാഹിപ്പിച്ചുവെന്നും എഥനോൾ മിശ്രണത്തിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നുമാണ് അദ്ദേഹം ആരോപിച്ചത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!