പത്തുവര്‍ഷത്തിനിടെ കേരളത്തില്‍ നിന്നു കാണാതായ 2,891 പേര്‍ ഇന്നും കാണാമറയത്ത്

News Desk
1 Min Read

തിരുവനന്തപുരം: പത്തുവര്‍ഷത്തിനിടെ സംസ്ഥാനത്തുനിന്ന് കാണാതായവരില്‍ 2,891 പേരെ ഇതുവരെയും കണ്ടെത്താനായില്ല. 2016 മുതല്‍ 2026 മാര്‍ച്ച് വരെ പത്തുവര്‍ഷത്തിനിടെ ആകെ 1,17,733 പേരെയാണ് സംസ്ഥാനത്തുനിന്ന് കാണാതായത്. ഇതില്‍ 1,14,842 പേരെ കണ്ടെത്തി. ബാക്കിയുള്ള 2,891 പേര്‍ എവിടെ മറഞ്ഞു എന്നത് അജ്ഞാതമായി തുടരുന്നു.

വിവരാവകാശ കമ്മീഷന്റെ നിര്‍ദേശപ്രകാരം സംസ്ഥാന ക്രൈം റെക്കോഡ്‌സ് ബ്യൂറോയാണ് കാണാതായവരുടെ കണക്കുകള്‍ പുറത്തുവിട്ടത്. കാണാമറയത്ത് തുടരുന്നവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരുണ്ട്. പോലീസ് അന്വേഷണം നടത്തിയിട്ടും ഇവരെക്കുറിച്ച് യാതൊരു തുമ്പും ലഭിച്ചിട്ടില്ല.

നേരത്തേ വിവരാവകാശ നിയമപ്രകാരം വിവരാവകാശ പ്രവര്‍ത്തകന്‍ കാണാതായവരുടെ കണക്കുകള്‍ തേടി ക്രൈം റെക്കോഡ്‌സ് ബ്യൂറോയെ സമീപിച്ചിരുന്നെങ്കിലും ഇത് രഹസ്യവിവരമാണെന്നും പുറത്തുവിടാനാകില്ലെന്നുമായിരുന്നു മറുപടി. ഇതോടെ വിവരാവകാശ കമ്മീഷനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് വിവരാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരമാണ് പത്തുവര്‍ഷത്തിനിടെ കാണാതായവരുടെ കണക്കുകള്‍ പുറത്തുവിട്ടത്.

ഈ കാലയളവില്‍ കാണാതായവരെ കുറിച്ചുള്ള അന്വേഷണത്തില്‍ നിരവധി കുറ്റകൃത്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 2022 ല്‍ പത്തനംതിട്ട ജില്ലയില്‍ നടന്ന കേരളത്തെ നടുക്കിയ ഇലന്തൂര്‍ നരബലി കേസ് പുറത്തുവന്നത് കാണാതായ കാലടിയിലെ റോസ്്‌ലിന്‍, കടവന്ത്രയിലെ ലോട്ടറി വില്‍പ്പനക്കാരി പത്മം എന്നിവരുടെ തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണത്തിലായിരുന്നു.

ആയുര്‍വേദ ചികിത്സകന്‍ ഭഗവല്‍സിങ്ങ്, ഭാര്യ ലൈല ഏജന്റ് മുഹമ്മദ് ഷാഫി എന്നിവരായിരുന്നു കേസിലെ പ്രതികള്‍. ഇവരുടെ വീട്ടില്‍ നടന്ന നരബലിയുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ഈ കേസിനു പിന്നാലെ കാണാതായ സ്ത്രീകളെ തേടിയുള്ള അന്വേഷണം ശക്തിപ്പെടുത്തിയിരുന്നു.

…..

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!