വയനാട്: പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ച തൊണ്ടിമുതലായ ലഹരിവസ്തു മോഷ്ടിച്ച പോലീസുകാരന് ഒളിവില്‍. സുല്‍ത്താന്‍ ബത്തേരി പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന ഏഴ് ചാക്കോളം വരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കവര്‍ന്ന സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സബിത്താണ് കേസെടുത്തതോടെ ഒളിവില്‍ പോയത്.
ചെക്ക്പോസ്റ്റില്‍ നിന്ന് പിടികൂടി കോടതി ഉത്തരവുപ്രകാരം പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലാണ്, കഴിഞ്ഞ ദിവസം റൈറ്ററും അസിസ്റ്റന്റ് റൈറ്ററും പരിശോധനയ്ക്കായി എത്തിയപ്പോള്‍ കാണാനില്ലെന്ന വിവരം അറിയുന്നത്. സ്റ്റേഷന്റെ പൂട്ടു പൊളിക്കാതെ റൈറ്ററുടെ പക്കലുണ്ടായിരുന്ന താക്കോല്‍ ഉപയോഗിച്ചാണ് മുറി തുറന്ന് മോഷണം നടത്തിയതെന്ന് കണ്ടെത്തിയിരുന്നു.
ഇതോടെ സ്റ്റേഷനിലുള്ള പോലീസുകാരിലേക്ക് തന്നെ സംശയം നീളുകയായിരുന്നു. കാറിലെത്തി ചാക്കുകള്‍ കടത്തിക്കൊണ്ടുപോകുന്ന സി സി ടി വി ദൃശ്യം ലഭിച്ചിരുന്നു. ഈ ദൃശ്യം കേന്ദ്രീകരിച്ച് സുല്‍ത്താന്‍ ബത്തേരി ഡിവൈ എസ് പിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വൈത്തിരി സ്വദേശിയായ സി സി പി ഒ സബിത്താണ് മോഷണത്തിന് പിന്നിലെന്ന് വ്യക്തമായത്. ഒളിവില്‍ കഴിയുന്ന പ്രതിക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
