ലക്നൗ: ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയ്ക്കുനേരെ വ്യാപക സൈബർ ആക്രമണവും ഭീഷണിയും. യോഗി ആദിത്യനാഥിന്റെ വാർത്താസമ്മേളനത്തിനിടെ ചോദ്യം ചോദിക്കാൻ ശ്രമിച്ച സ്വതന്ത്ര മാധ്യമപ്രവർത്തകയായ ദിവ്യ ശ്രീവാസ്തവയ്ക്കാണ് സൈബർ ആക്രമണം നേരിടേണ്ടി വന്നത്. ഇവരുടെ ജോലി നഷ്ടപ്പെട്ടതായും റിപ്പോർട്ടുണ്ട്.
വീട്ടിൽ ബുൾഡോസർ രാജ് നടപ്പാക്കുമെന്നടക്കം ഭീഷണി ഉയർന്നതായും ദിവ്യ ശ്രീവാസ്തവ പറയുന്നു. ലഖ്നൗവിലെ ബിജെപി ഓഫീസിൽ നടന്ന പരിപാടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് ചർച്ചയായത്.
ബിജെപി ഓഫീസിൽ മാധ്യമങ്ങളോട് സംസാരിച്ച ശേഷം ആദിത്യനാഥ് ഇറങ്ങിപ്പോകുന്നതിനിടെയാണ് ദിവ്യ ചോദ്യം ചോദിച്ചത്. മാധ്യമങ്ങൾക്ക് ചോദ്യം ചോദിക്കാൻ അവസരം നൽകണമെന്നും ചോദ്യങ്ങൾക്ക് മറുപടി നൽകാനില്ലെങ്കിൽ പരിപാടിയെ ‘പ്രസ് കോൺഫറൻസ്’ എന്നതിനു പകരം ‘പ്രസ് അഡ്രസ്’ എന്നു വിളിക്കണമെന്നും ദിവ്യ പറയുന്നത് വീഡിയോയിൽ കേൾക്കാം.
ഇതിനു പിന്നാലെയാണ് ദിവ്യയ്ക്കെതിരെ ഭീഷണി ഉയർന്നത്. ബിജെപി ഓഫീസിൽ വച്ചുതന്നെ ചിലർ തന്നെ വളഞ്ഞെന്നും ഭീഷണിപ്പെടുത്തിയെന്നും ദിവ്യ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. വീട്ടിൽ ബുൾഡോസർ രാജ് നടപ്പാക്കുമെന്ന് പറഞ്ഞെന്നും വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ ഭയമാണെന്നും ദിവ്യ വീഡിയോയിലൂടെ പറഞ്ഞു. സമാജ്വാദി പാർട്ടിയോ കോൺഗ്രസോ തന്നെ ചോദ്യം ചോദിക്കാൻ അയച്ചതാണെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടക്കുന്നുണ്ടെന്നും ദിവ്യ ആരോപിച്ചു. താൻ ഒരു സ്വതന്ത്ര മാധ്യമപ്രവർത്തകയാണെന്നും തന്റെ ചോദ്യങ്ങൾക്ക് രാഷ്ട്രീയ നിറം നൽകാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അവർ പറഞ്ഞു.
….
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
