ദുബായ്: സൗദി അറേബ്യയുടെ അതിപ്രധാനമായ കിഴക്കു-പടിഞ്ഞാറന്‍ എണ്ണ പൈപ്പ്‌ലൈൻ ഉടൻ പ്രവർത്തന ക്ഷമമാക്കിയില്ലെങ്ങൽ വൻ ഇന്ധനക്ഷാമമുണ്ടാകുമെന്ന് മുന്നറിയിപ്പ്.
കഴിഞ്ഞ ദിവസം ഡ്രോണ്‍ ആക്രമണമുണ്ടായതോടെ എണ്ണ പൈപ്പ്‌ലൈൻ അടച്ചുപൂട്ടിയിരുന്നു. ദിവസങ്ങൾക്കുള്ളിൽ പൈപ്പ് ലൈൻ വഴി എണ്ണ വിതരണം പുനരാരംഭിച്ചില്ലെങ്കിൽ സൗദി അറേബ്യയുടെ കയറ്റുമതിക്കുള്ള എണ്ണശേഖരം തീർന്നുപോകുമെന്ന് വ്യാപാരികൾ പറയുന്നു.
യാൻബു തുറമുഖത്തെ നിലവിലുള്ള ശേഖരം ഉപയോഗിച്ച് അഞ്ച് മുതൽ ഏഴ് ദിവസത്തേക്ക് മാത്രമേ ഇനി കയറ്റുമതി തുടരാനാകൂ. യാൻബുവിലെ സംഭരണ ശേഷി ഏകദേശം 35 ദശലക്ഷം ബാരലാണ്. പൈപ്പ്‌ലൈൻ പ്രവർത്തനം വേഗത്തിൽ പുനരാരംഭിച്ചില്ലെങ്കിൽ സൗദിയുടെ കയറ്റുമതിക്കുള്ള എണ്ണശേഖരം പൂർണ്ണമായും തീരും. ഇത് ആഗോള വിതരണത്തിൽ 4 ശതമാനം വരെ കുറവുണ്ടാക്കും. അതേസമയം, ആക്രമണത്തിലും തുടർന്നുണ്ടായ തീപിടിത്തത്തിലും തകർന്ന പൈപ്പ്ലൈൻ സംവിധാനത്തിലെ കേടുപാടുകൾ പരിഹരിക്കാൻ അഞ്ച് മുതൽ ആറ് ആഴ്ച വരെ എടുത്തേക്കാമെന്നാണ് വിവരം.
പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതിന് ശേഷം ദിനവും എണ്ണവില കുത്തനെ ഉയരുകയാണ്. തിങ്കളാഴ്ച എണ്ണവില 3 ശതമാനത്തിലധികം ഉയർന്നു. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ 3.21 ഡോളർ വർധിച്ച് ബാരലിന് 107.82 ഡോളറിലെത്തി. സൗദിയിൽ നിന്നുള്ള എണ്ണവിതരണം തടസപ്പെടുന്നതോടെ ആഗോളതലത്തിൽ വീണ്ടും എണ്ണവില ഉയരാൻ കാരണമാകും. ഫെബ്രുവരിയിൽ പ്രതിദിനം 10.9 ദശലക്ഷം ബാരലായിരുന്ന സൗദിയുടെ എണ്ണ ഉൽപ്പാദനം ആഗസ്തിൽ 6.2 ദശലക്ഷം ബാരലായി കുറഞ്ഞു. ഹോർമുസ് കടലിടുക്കിലെ അടച്ചിടലും ചെങ്കടലിലെ ഹൂതി പോരാളികളുടെ ഭീഷണിയുമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
