വ്യാജ പ്രചാരണം; ഷാജന്‍ സ്‌കറിയക്കെതിരായ ഒരു കേസും പിന്‍വലിക്കില്ലെന്ന് ലുലു ഗ്രൂപ്പ്

News Desk
1 Min Read

ദുബൈ: ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസുഫലിക്കെതിരെ വ്യാജ പ്രചാരണം നടത്തിയ യൂട്യൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയക്കെതിരായ ഒരു കേസും പിന്‍വലിക്കില്ലെന്ന് ഗ്രൂപ്പിന്റെ ഗ്ലോബല്‍ മാര്‍ക്കറ്റിങ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി നന്ദകുമാര്‍.

ഷാജന്‍ സ്‌കറിയയുടെ മാപ്പപേക്ഷയും ഖേദപ്രകടനവുമൊക്കെ അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണെന്നും അതില്‍ തങ്ങള്‍ക്ക് പ്രത്യേകിച്ചൊന്നും പറയാനില്ലെന്നും നന്ദകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യയിലെ നിയമസംവിധാനത്തിലും ജുഡീഷ്യറിയിലുമാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ബ്രാന്‍ഡിനോ ചെയര്‍മാനോ എതിരായ ഒരു വ്യാജ ആരോപണം പോലും അനുവദിക്കില്ല. അത്തരത്തിലുള്ള എല്ലാ കേസുകളും നിയമപരമായി നേരിടും. കോടതിക്ക് പുറത്തുള്ള ഒത്തുതീര്‍പ്പുകള്‍ക്കില്ല. ലൈക്കും ഷെയറും ക്ലിക്കുമാണ് ഇത്തരം വ്യാജ വാര്‍ത്തകള്‍ക്കും ആരോപണങ്ങള്‍ക്കും പിന്നിലുള്ള പ്രധാന കാരണമെന്നും വി നന്ദകുമാര്‍ പറഞ്ഞു.

കേരളത്തില്‍ പ്രമാദമായ സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് 2020 നവംബര്‍ 21നാണ് മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനലില്‍ യൂസുഫലിക്കെതിരെ വ്യാജ വീഡിയോ വന്നത്. ഇക്കാര്യത്തില്‍ തെറ്റുകള്‍ മനസ്സിലാക്കി ഷാജന്‍ സ്‌കറിയ കഴിഞ്ഞ ദിവസം പരസ്യമായി മാപ്പുപറഞ്ഞിരുന്നു. പത്ത് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എറണാകുളം സബ് കോടതിയിലാണ് ലുലു ഗ്രൂപ്പ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിട്ടുള്ളത്.
…

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!