മിസൈൽ സാങ്കേതികവിദ്യ സ്വകാര്യമേഖലയ്ക്കു കൈമാറാൻ കേന്ദ്രസർക്കാർ; അനുമതി നൽകി പ്രതിരോധ മന്ത്രാലയം

News Desk
1 Min Read

ന്യൂഡൽഹി: രാജ്യത്തെ പ്രതിരോധ നിർമാണ മേഖലയിൽ വൻ സ്വയംപര്യാപ്തത ലക്ഷ്യമിട്ടു പ്രതിരോധ മന്ത്രാലയത്തിന്റെ നിർണായക തീരുമാനം. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർ‌ഡിഒ) വികസിപ്പിച്ചെടുത്ത എല്ലാ പരമ്പരാഗത മിസൈൽ സംവിധാനങ്ങളുടെയും സാങ്കേതികവിദ്യ ആഭ്യന്തര പ്രതിരോധ കമ്പനികൾക്കു കൈമാറാൻ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അനുമതി നൽകി.

ഇന്ത്യയിലെ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾ (എംഎസ്എംഇ) ഉൾപ്പെടെയുള്ള ആഭ്യന്തര കമ്പനികൾക്കു പ്രതിരോധ വിതരണ ശൃംഖലയിൽ വലിയ പങ്കാളിത്തം ഉറപ്പാക്കാനും, വിദേശ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഈ നീക്കം സഹായിക്കും. മിസൈലുകൾ, ആർട്ടിലറി ഷെല്ലുകൾ ഉൾപ്പെടെയുള്ളവയുടെ നിർമാണം സ്വകാര്യ മേഖലയ്ക്കായി കേന്ദ്ര സർക്കാർ തുറന്നുനൽകിയതായി 2025 ഒക്ടോബറിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

ആവശ്യമായ യോഗ്യതകളും നിയന്ത്രണ മാനദണ്ഡങ്ങളും പൂർത്തിയാക്കുന്ന ഇന്ത്യൻ കമ്പനികൾക്ക് ഇനിമുതൽ മിസൈൽ ഉൽപാദനം ഏറ്റെടുക്കാം.

അയൽരാജ്യങ്ങൾ അത്യാധുനിക നിരീക്ഷണ-ആക്രമണ ശൃംഖലകൾ ശക്തമാക്കുന്ന പശ്ചാത്തലത്തിലാണ് രാജ്യത്തിന്റെ തന്ത്രപ്രധാന നീക്കം. പാക്കിസ്ഥാൻ ചൈനയുടെ സഹായത്തോടെ തങ്ങളുടെ ബഹിരാകാശ-നിരീക്ഷണ ശേഷി അതിവേഗം വർധിപ്പിക്കുന്നതായി സെന്റർ ഫോർ എയ്‌റോസ്‌പേസ് പവർ ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസ് അടുത്തിടെ പുറത്തുവിട്ട വിശകലനത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഈ സാഹചര്യത്തിൽ, വിദേശ രാജ്യങ്ങളെ ആശ്രയിക്കാതെ മിസൈൽ ഉൽപാദനം ഇന്ത്യയ്ക്കുള്ളിൽ വൻതോതിൽ വർധിപ്പിക്കേണ്ടത് രാജ്യത്തിന്റെ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമായി മാറിയിരുന്നു. 

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!