റിയാദ്: കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിന് നേരെ ഇന്നലെ ഉണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട 12 പേരിൽ സൗദി അറേബ്യയിലെ ഫ്ലൈനാസ് എയർലൈൻസിലെ ഈജിപ്ഷ്യൻ വിമാന ജീവനക്കാരിയും. അസ്സ റംസി മുഹമ്മദ് ഹസൻ (28) ആണ് ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് മരിച്ചത്. ഈജിപ്ഷ്യൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ആക്രമണത്തിൽ നാല് സൗദി പൗരന്മാരും എട്ട് വിദേശികളുമാണ് കൊല്ലപ്പെട്ടത്. ഇതിൽ ഇന്ത്യക്കാരില്ല. കൂടാതെ 309 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇതിൽ ചിലരുടെ നില ഗുരുതരമാണ്. സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (ഗാക) ആണ് മരണസംഖ്യ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. കൊല്ലപ്പെട്ട വിദേശികളിൽ രണ്ട് ബംഗ്ലാദേശ് പൗരന്മാരും ഈജിപ്ത്, അമേരിക്ക, ജോർദാൻ, സിറിയ, പലസ്തീൻ, സുഡാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തരും ഉൾപ്പെടുന്നു.
ഇന്നലെ ഉച്ചയോടെയാണ് റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിൽ ആക്രമണം ഉണ്ടായത്. സംഭവത്തെ തുടർന്ന് വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു. സുരക്ഷാ പരുശോധനകൾക്കും തകരാറുകൾ വിലയിരുത്തുന്നതിനുമാണ് സർവീസുകൾ തടസ്സപ്പെടുത്തിയത്. ഇത് വ്യോമയാന മേഖലയിൽ കനത്ത ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
യെമനിലെ നിയമവാഴ്ചയെ പിന്തുണയ്ക്കുന്ന സൗദി നേതൃത്വത്തിലുള്ള സഖ്യസേന ആക്രമണത്തെ ശക്തമായി അപലപിച്ചു. സാധാരണക്കാരുടെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ഹൂതി വിഭാഗം നടത്തിയ ഭീകരാക്രമണം യുദ്ധക്കുറ്റമാണെന്ന് സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി വ്യക്തമാക്കി. രാജ്യാന്തര മാനുഷിക നിയമങ്ങളുടെ ലംഘനമായ ഈ നടപടിക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് അദ്ദേഹം പറഞ്ഞു. മുൻപും റിയാദ് വിമാനത്താവളത്തിനും ഒരു സൗദി വിമാനത്തിനും നേരെ സമാനമായ ആക്രമണങ്ങൾ നടന്നിരുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
