റിയാദ്: മിസൈലുകളെയും ഡ്രോണുകളെയും പ്രതിരോധിക്കുന്ന നടപടികളോ അവ പതിക്കുന്ന സ്ഥലങ്ങളോ സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള വിവരങ്ങൾ ചിത്രീകരിക്കുന്നതും പ്രസിദ്ധീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും രാജ്യത്തിന്റെ നിയമങ്ങളുടെ വ്യക്തമായ ലംഘനമാണെന്ന് സഊദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അത് ചെയ്യുന്നവർ നിയമനടപടിക്ക് വിധേയരാകേണ്ടി വരുമെന്നും മന്ത്രാലയം ആവർത്തിച്ച് മുന്നറിയിപ്പ് നൽകി.
രാജ്യത്തിന്റെ സുരക്ഷാ വിവരങ്ങളും ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിലൂടെയോ മറ്റു മാർഗങ്ങളിലൂടെയോ പങ്കുവെക്കുന്നതും നിയമ ലംഘനമാണെന്ന് പൊതു ജനങ്ങൾക്ക് കർശനമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും,സുരക്ഷാ നടപടികളുടെ പുരോഗതിയെ ബാധിക്കുകയോ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്യാവുന്ന ഉള്ളടക്കങ്ങൾ പ്രചരിക്കുന്നത് തടയുന്നതിനുമായി ഔദ്യോഗിക വകുപ്പുകൾ വഴി പുറത്തുവിടുന്ന വിവരങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കണമെന്നും സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.
രാജ്യത്തിന്റെ ശത്രുക്കൾക്ക് സൈനിക നീക്കങ്ങളുടെ കൃത്യമായ വിവരങ്ങൾ ലഭിക്കുന്നത് തടയാനും പൊതുസുരക്ഷ ഉറപ്പാക്കാനും വേണ്ടിയുള്ള പ്രത്യേകസുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. സഊദി അറേബ്യക്ക് പുറമെ മറ്റ് ചില ഗൾഫ് രാജ്യങ്ങളും സമാനമായ നിയന്ത്രണങ്ങൾ ഇപ്പോൾ കൂടുതൽ കർശനമാക്കിയിട്ടുണ്ട്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
