ന്യൂഡൽഹി: ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി ഇൻഡ്യ സഖ്യം. തിങ്കളാഴ്ച എല്ലാ സഖ്യകക്ഷി നേതാക്കളെയും ഉൾപ്പെടുത്തി വമ്പൻ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും.
കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആണ് പ്രതിഷേധ മാർച്ചിന്റെ കാര്യം അറിയിച്ചത്. ഇന്ത്യൻ ജനാധിപത്യത്തിന്റെ നിലനിൽപ്പിന് ആശങ്കയുള്ള ഓരോ ഇന്ത്യക്കാരനും പ്രതിഷേധത്തിൽ പങ്കെടുക്കണമെന്നും കഴിഞ്ഞ ദിവസം എല്ലാ നേതാക്കളുമായും ചർച്ചകൾ നടത്തിയെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
സഖ്യത്തിലെ മുതിർന്ന നേതാക്കൾ ചീഫ് ജസ്റ്റിസിന് മെമ്മോറാണ്ടം നൽകുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. ഗ്യാനേഷ് രാജിവെക്കണമെന്നും ഈ ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
അതേസമയം, സിജെപി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹി നഗരത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയതിലുള്ള കോടതിയലക്ഷ്യ ഹർജി സുപ്രീംകോടതി നാളെ പരിഗണിക്കും. ഞായറാഴ്ചയായതിനാൽ പ്രത്യേക സിറ്റിങ് നടത്തിയാണ് ഹർജികൾ പരിഗണിക്കുക. ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവരാണ് ഹർജികൾ പരിഗണിക്കുക.
ശൈലേന്ദ്ര മണി ത്രിപാഠി എന്ന അഭിഭാഷകൻ നൽകിയ ഹർജിയാണ് കോടതി പരിഗണിക്കുന്നത്. കോടതിയുടെ നിർദ്ദേശങ്ങൾ മറികടന്ന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകൻ സുപ്രീംകോടതിയെ സമീപിച്ചത്. 45 മെട്രോ സ്റ്റേഷനുകളിലെ പ്രവേശനം ഡിഎംആർസി തടഞ്ഞുവെന്നും ട്രെയിൻ റദ്ദാക്കുന്നത് തുടർന്നുവെന്നും അഭിഭാഷകൻ ആരോപിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കും ഡൽഹി പൊലീസ് കമ്മീഷണർക്കും എതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും അഭിഭാഷകൻ ആവശ്യപ്പെടുന്നുണ്ട്. പ്രതിപക്ഷ നേതാക്കളെ ഡൽഹി പൊലീസ് തടങ്കലിൽ വച്ചത് ചോദ്യം ചെയ്തുള്ള ഹർജികളും പരിഗണിക്കും.
സിജെപി സമരം നേരിടാൻ കർശന നിയന്ത്രങ്ങൾ ആയിരുന്നു കേന്ദ്ര സർക്കാരും സുരക്ഷാ സേനകളും ഏർപ്പെടുത്തിയത്. കേന്ദ്ര സായുധ പൊലീസ് വിഭാഗത്തിലെ 23,000 പേരെയാണ് ഡല്ഹിയിൽ കേന്ദ്രം വിന്യസിച്ചിരുന്നത്. സമരം പൊളിക്കാനായി സമരനേതാക്കളെ നേരത്തെ കസ്റ്റഡിയിൽ എടുക്കുക എന്നതായിരുന്നു പൊലീസ് സ്വീകരിച്ച രീതി. ഇതനുസരിച്ച് സിജെപി സ്ഥാപകൻ അഭിജിത് ദീപ്കയെ വിമാനത്തിൽ നിന്ന് പൊലീസ് കസ്റ്റഡിയിൽ എടുത്തു. യൂട്യൂബർ ധ്രുവ് റാഠിയെ ഗുരുഗ്രമിലെ വസതിയിൽ നിന്നാണ് കസ്റ്റഡിയിൽ എടുത്തത്. പിന്നാലെ നിരവധി വിദ്യാർത്ഥി, ദേശീയ നേതാക്കളെയും അവർ ഉണ്ടായിരുന്നയിടത്തുനിന്ന് പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
