- ഓപ്പറേഷൻ തൂഫാനിൽ മദ്യത്തെ ഉൾപ്പെടുത്താത്തത് എന്തുകൊണ്ടാണെന്നും ഉമർ ഫൈസി
മലപ്പുറം: വഖഫ് വിഷയത്തിലടക്കം സംസ്ഥാന സർക്കാരിനെതിരെയും മുസ്ലിംലീഗിനെതിരെയും രൂക്ഷ വിമർശനവുമായി സിപിഎം വേദിയിൽ സമസ്ത മുഷാവറ അംഗം ഉമർ ഫൈസി മുക്കം. വഖഫ് വിഷയത്തിലാണ് ഉമർ ഫൈസി സർക്കാരിന്റെ ഇരട്ടതാപ്പിനെതിരെ തുറന്നടിച്ചത്.
വഖഫ് ബോർഡിൽ അമുസ്ലിം പ്രതിനിധികളെ വെക്കാത്തതിനാൽ അത് പൂർണ്ണമല്ലെന്നും ബോർഡ് പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് ബിജെപി വൈസ് പ്രസിഡന്റ് ഷോൺ ജോർജ് ഹൈക്കോടതിയിൽ നൽകിയ കേസിൽ സംസ്ഥാന സർക്കാർ ഷോണിനെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. രണ്ട് ആർഎസ്എസുകാരെ തന്നെ വെച്ചുകൊണ്ട് ഞങ്ങൾ ഇത് പരിഹരിച്ചോളാമെന്നാണ് സർക്കാർ എടുത്ത നിലപാട്. മുസ്ലിംലീഗിന്റെ വകുപ്പാണത്. ആ വകുപ്പിലെ അഭിഭാഷകനാണ് കോടതിയിൽ ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്നും സമസ്ത മുശാവറ അംഗം പറഞ്ഞു. മലപ്പുറത്ത് സംസ്ഥാന സർക്കാരിനെതിരെ സംഘടിപ്പിച്ച സിപിഎം പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരമൊരു നിലപാട് അവർ സ്വീകരിക്കാൻ കാരണം ഹംസയും താനുമാണെന്നും ഉമർ ഫൈസി മുക്കം പറഞ്ഞു. ‘കെ.എസ്.ഹംസയെ അവർക്ക് തൃപ്തികരമല്ല. പിന്നെയുള്ള സഖാവ് ഉമർ ഫൈസിയാണ്. ഇത് ഞാൻ പറയുന്നതല്ല. സഖാവാണെന്ന് അവരാണ് പറയുന്നത്. ഞങ്ങളുള്ള ബോർഡ് വേണ്ട എന്നാണ് അവരുടെ തീരുമാനം. മതപരമായ മൂല്യങ്ങൾ എന്തായിരുന്നാലും ശരി അത് തകർന്നാലും തരക്കടില്ല ഹംസയും ഉമർ ഫൈസയും മാറണം. അതിന് ഷോൺ ജോർജിനെ പിന്തുണച്ചാലും തരക്കേടില്ല, ആർഎസ്എസിനെ കൂടെക്കൂട്ടിയാലും തരക്കേടില്ല എന്നാണ്’ ഉമർ ഫൈസി പറഞ്ഞു.
ആർഎസ്എസിന്റെ വാദത്തിനൊപ്പംനിന്ന് തരംതാഴേണ്ട ഗതികേട് നിങ്ങൾക്ക് വന്നല്ലോയെന്നും സർക്കാരിനോടും ലീഗിനോടും ഉമർ ഫൈസി പറഞ്ഞു. മതത്തിന്റെ പേരിലുള്ള പാർട്ടികളും പൊതുജനങ്ങളും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വളരെ കെണിഞ്ഞ ശ്രമത്തിൽകൂടിയാണ് ഈ സർക്കാർ പോയിക്കൊണ്ടിരിക്കുന്നതെന്നും ഉമർ ഫൈസി ആരോപിച്ചു.
ഓപ്പറേഷൻ തൂഫാനിൽ മദ്യത്തെ ഉൾപ്പെടുത്താത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. ഇങ്ങനെ ഓരോ കാര്യത്തിലും അവർക്ക് അവർ വിചാരിക്കാതെ തന്നെ ഓരോ ആപത്ത് വന്നുകൊണ്ടിരിക്കുകയാണ്. ഇതാണ് നമ്മൾ മനസ്സിലാക്കേണ്ടത് ഈ ഒരു നിലപാടിൽ കൂടെയാണ് നമ്മൾ ഈ സർക്കാരിനെ കാണേണ്ടതെന്നും സമസ്ത നേതാവ് പറഞ്ഞു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
