മംഗൽപാടി (കാസർകോട്): കടം വാങ്ങിയ പണം തിരികെത്തരാമെന്നു പറഞ്ഞ് വ്യാപാരിയെ വീട്ടിലേക്കു വിളിച്ചുവരുത്തി കിടപ്പുമുറിയിൽ പൂട്ടിയിട്ട് സ്വകാര്യദൃശ്യങ്ങൾ പകർത്തി പണവും കാറും എടിഎം കാർഡുകളും കവർന്ന കേസിൽ മൂന്നുപേർ അറസ്റ്റിൽ. കുബണൂർ സ്വദേശിനി റിസ്‌വാന (28), ഇവരുടെ ഭർത്താവ് ഹസൻ ആസിഫ് (33), മൊഗ്രാൽ സ്വദേശിയും ഇപ്പോൾ അഡ്കയിലെ താമസക്കാരനുമായ മുഹമ്മദ് സിറാജ് (32) എന്നിവരെയാണ് കുമ്പള എസ്ഐ അനൂപും സംഘവും പിടികൂടിയത്.
മംഗൽപാടി മുട്ടം ബങ്കര സാരംഗ് മൻസിലിലെ വ്യാപാരിയായ ഖാദർ മുഹമ്മദിന്റെ (64) പരാതിയിലാണു നടപടി. കടയിൽ ജോലി ആവശ്യപ്പെട്ടെത്തിയ റിസ്‌വാന, സാമ്പത്തികമായി വലിയ കഷ്ടപ്പാടിലാണെന്നു പറഞ്ഞതിനെ തുടർന്ന് ഇദ്ദേഹം 1500 രൂപ കടമായി നൽകിയിരുന്നു. ഈ പണം തിരികെ നൽകാമെന്നു പറഞ്ഞ് ഈ മാസം 16ന് രാത്രി 7.30നാണ് ഇയാളെ റിസ്‌വാന താമസിക്കുന്ന കുബണൂരിലെ വീട്ടിലേക്കു വിളിച്ചുവരുത്തിയത്. വീട്ടിലെത്തിയ ഖാദർ മുഹമ്മദിനെ മറ്റ് പ്രതികളായ മുഹമ്മദ് സിറാജും ഹസ്സൻ ആസിഫും ചേർന്ന് തടഞ്ഞുവച്ച് ബലമായി കിടപ്പുമുറിയിലേക്കു കൊണ്ടുപോയി. ഭീഷണിപ്പെടുത്തി ഫോട്ടോകളും വിഡിയോകളും മൊബൈലിൽ പകർത്തി. ഇതിനുശേഷം ഇയാളുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണും 1500 രൂപയും കാറിന്റെ താക്കോലും കൈക്കലാക്കി. കാറിൽ സൂക്ഷിച്ചിരുന്ന 25,000 രൂപ വിലമതിക്കുന്ന മൊബൈൽ ഫോണും 2 എടിഎം കാർഡുകളും സംഘം കവർന്നു.
തുടർന്ന് ഭീഷണിപ്പെടുത്തി എടിഎം പിൻനമ്പർ മനസ്സിലാക്കിയ പ്രതികൾ അക്കൗണ്ടിൽനിന്ന് 7200 രൂപ പിൻവലിച്ചു. പിറ്റേദിവസം മുഹമ്മദ് സിറാജ് ഖാദർ മുഹമ്മദിന്റെ കടയിലെത്തി ഭീഷണിപ്പെടുത്തി 5000 രൂപ കൂടി വാങ്ങി. പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി 2 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടതോടെയാണ് വ്യാപാരി പൊലീസിൽ പരാതി നൽകിയത്. പരാതിയിൽ കേസെടുത്ത പൊലീസ് 3 പ്രതികളെയും പിടികൂടുകയായിരുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
