കാറിൽ ലഹരിക്കടത്ത്; മുഖ്യവിതരണക്കാരൻ അബ്ദുൾസലീം പിടിയിൽ

News Desk
1 Min Read

പാലക്കാട്: കാറിൽ ലഹരി കടത്തുന്നതിനിടെ ഒലവക്കോട്ടുനിന്ന് നാലുപേർ പിടിയിലായ സംഭവത്തിൽ മണ്ണാർക്കാട് സ്വദേശിയുടെ അറസ്റ്റുകൂടി രേഖപ്പെടുത്തി. പള്ളിക്കുന്ന് സ്വദേശി എൻ. അബ്ദുൾസലീമിനെയാണ് (47) അറസ്റ്റുചെയ്തത്.

ഇയാളുടെ കൈയിൽനിന്ന് 0.230 ഗ്രാം എംഡിഎംഎ കണ്ടെടുത്തിരുന്നു. ലഹരിവസ്തുക്കളുടെ മുഖ്യവിതരണക്കാരനാണ് അബ്ദുൾ സലീമെന്ന് അന്വേഷണസംഘം പറഞ്ഞു. സലീമിനുവേണ്ടിയാണ് മറ്റുനാലുപേരും എംഡിഎംഎയും കൊക്കെയ്‌നുമടക്കമുള്ള ലഹരിവസ്തുക്കൾ കൊണ്ടുവന്നതെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പാലക്കാട് നോർത്ത് പോലീസും ഡാൻസാഫ് സ്‌ക്വാഡും തിങ്കളാഴ്ച പുലർച്ചെ നടത്തിയ പരിശോധനയ്ക്കിടെ ഒലവക്കോട് താണാവ് ഭാഗത്തുനിന്ന് അബ്ദുൾസലീമാണ് ആദ്യം പിടിയിലായത്. കർണാടക രജിസ്‌ട്രേഷനിലുള്ള കാറിലാണ് സലീം എത്തിയത്. ഇയാളെ ചോദ്യംചെയ്യുന്നതിനിടെയാണ് കാറിൽ മറ്റൊരുസംഘവും ഇതുവഴി വരുന്നുണ്ടെന്ന വിവരം ലഭിച്ചത്.

തുടർന്നാണ് കോട്ടയം സ്വദേശി മുഹമ്മദ് നിസിഹ് (26), മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദ് അസറുദ്ദീൻ (30), ഭാര്യ കർണാടക, ദക്ഷിണകന്നഡ സ്വദേശി ബീഫാത്തിമ (27), വാഹനത്തിന്റെ ഡ്രൈവർ കോയമ്പത്തൂർ തുടിയല്ലൂർ സ്വദേശി ഷബീർ അഹമ്മദ് (37) എന്നിവരെ 742 ഗ്രാം എംഡിഎംഎ, 15 ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, രണ്ടുഗ്രാം കൊക്കെയ്ൻ തുടങ്ങിയവ സഹിതം പിടികൂടിയത്.

കർണാടകയിൽനിന്ന് അഞ്ചുപേരും ഒരുമിച്ചാണ് രണ്ടുസംഘങ്ങളായി കോയമ്പത്തൂരിൽ എത്തിയതെന്നാണ് വിവരം. പിന്നീട് വ്യത്യസ്തസമയങ്ങളിൽ പാലക്കാട്ടേക്കെത്തി. ഇതിനിടെയാണ് എല്ലാവരും പിടിയിലായത്. കേസിലെ പ്രധാനികൾ ഇനിയും പിടിയിലാവാനുണ്ടെന്നാണ് പോലീസ് പറയുന്നത്. എല്ലാവരും ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരിക്കടത്ത് സംഘത്തിലെ കണ്ണികളാണെന്നാണ് പോലീസിന്റെ നിഗമനം. അബ്ദുൾസലീമിന്റെ പേരിൽ നേരത്തേയും ലഹരിക്കടത്തിന് കേസുണ്ടെന്നും പോലീസ് പറഞ്ഞു.

പാലക്കാട് ഡിവൈ.എസ്.പി. കെ.എം. ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article