രാത്രി താമസത്തിനായി ക്ലയന്റിന്റെ വീട്ടിലെത്തി. പിന്നാലെ തര്‍ക്കം, കയ്യാങ്കളി, കൊലപാതകം
ക്ലയന്റിന്റെ ഫ്ലാറ്റിലെത്തിയ ജിം ട്രെയിനറെ അടിച്ചുകൊന്നതായി റിപ്പോര്‍ട്ട്. ബെംഗളൂരുവിലെ യെലഹങ്ക ജക്കൂര്‍ ലേഔട്ട് സ്വദേശി നന്ദന്‍(25) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സഹപ്രവര്‍ത്തകരായ മൂന്നുപേരെയും ഫ്ലാറ്റ് ഉടമയായ ക്ലയന്റിനേയും പൊലീസ് കസ്റ്റഡിയിലെടുത്തു.
വ്യക്തിവൈരാഗ്യത്തെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. അമൃതഹള്ളി പൊലീസാണ് കേസ് അന്വേഷിക്കുന്നത്. സഹകാരനഗറിലെ ജിമ്മില്‍ ട്രെയിനറാണ് നന്ദന്‍. ഞായറാഴ്ച രാവിലെ കെംപപുരയിലെ ഫ്ലാറ്റില്‍വച്ചാണ് സംഭവം നടക്കുന്നത്. ശനിയാഴ്ച വൈകിട്ടാണ് ജിമ്മിന്റെ വാര്‍ഷികാഘോഷത്തിനു പിന്നാലെ നന്ദനും മറ്റ് ജീവനക്കാരും ക്ലയന്റ് അനുഷിന്റെ വീട്ടിലെത്തുന്നത്.
രാത്രി ഒന്നിച്ചുള്ള താമസത്തിനു പിന്നാലെ ഞായറാഴ്ച രാവിലെ ഏഴിനും ഏഴരയ്ക്കും ഇടയിലാണ് ഇവര്‍ക്കിടെയില്‍ തര്‍ക്കം ഉടലെടുക്കുന്നത്. തര്‍ക്കം പിന്നീട് കയ്യാങ്കളിയിലേക്കും കൊലപാതകത്തിലേക്കും എത്തുകയായിരുന്നു. ഗുരുതരമായി മര്‍ദനമേറ്റ നന്ദനെ ഉടന്‍ തന്നെ ഹെബ്ബാലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.
ജിമ്മിലെ ജീവനക്കാരായ വിശ്വനാഥ്, ശരത്, നിശാന്ത് എന്നിവരും ക്ലയന്റ് അനുഷും പിടിയിലായിട്ടുണ്ട്. പ്രതികളായ വിശ്വനാഥനും ശരതിനും കയ്യാങ്കളിക്കിടെ പരുക്കേറ്റിട്ടുണ്ട്.
വ്യക്തിപരമായ വിഷയങ്ങളാണ് തര്‍ക്കത്തിനു കാരണമെന്നാണ് നോർത്ത് ഈസ്റ്റ് ഡിസിപി മിഥുൻ കുമാർ അറിയിച്ചത്. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചുവരികയാണെന്നും പൊലീസ് പറയുന്നു.
….
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
