ന്യൂഡൽഹി: ചീഫ് ഇലക്ഷൻ കമ്മീഷണർ (സി.ഇ.സി) ഗ്യാനേഷ് കുമാറിനെതിരെ ചൊവ്വാഴ്ച പ്രതിപക്ഷം നടത്തിയ പ്രതിഷേധ മാർച്ചിനിടെ, അനുമതിയില്ലാതെ ആകാശവാണി ഭവന്റെ വളപ്പിൽ പ്രവേശിച്ചെന്ന പരാതിയിൽ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വധ്ര, മറ്റ് എം.പിമാർ എന്നിവർക്കെതിരെ ഡൽഹി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർചെയ്തു. തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് പ്രതിപക്ഷം നടത്തിയ മാർച്ച് പൊലീസ് തടഞ്ഞതിനെത്തുടർന്ന്, നേതാക്കൾ അനുമതിയില്ലാതെ ഓഫീസ് വളപ്പിലേക്ക് കടന്നെന്നാണ് പരാതിയിൽ ആരോപിക്കുന്നതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
ബന്ധപ്പെട്ട വകുപ്പുകൾ ചുമത്തി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കേസിൽ തുടരന്വേഷണം പുരോഗമിക്കുകയാണെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷ ജനപ്രതിനിധികൾ പാർലമെന്റിൽനിന്ന് നിർവാചൻ സദനിലേക്ക് മാർച്ച് നടത്തിയതിന്റെ പിറ്റേന്നാണ് പോലീസ് നടപടി. ഇ.സി.ഐ ആസ്ഥാനത്തിന് പുറത്തുവെച്ച് പൊലീസ് മാർച്ച് തടയുകയും 250-ലധികം പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
രാവിലെ ആരംഭിച്ച മാർച്ച് സംഘർഷങ്ങൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ ആകാശവാണി ഭവനിൽ കുത്തിയിരിപ്പ് സമരമായി മാറിയിരുന്നു. ആകാശവാണി ഭവനിൽനിന്ന് രാഹുലിനെയും പ്രിയങ്കയെയും കെ.സി. വേണുഗോപാലടക്കമുള്ള മറ്റു നേതാക്കളെയും രാത്രി 7:45 ഓടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഒമ്പതുമണിക്കൂറോളമാണ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ ആകാശവാണി ഭവന് മുന്നിലെ ആൽമരത്തിന് കീഴിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. അതിനാടകീയമായ രംഗങ്ങൾക്കൊടുവിലാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്.
രാഹുൽ ഗാന്ധി, പാർട്ടി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരടക്കമുള്ളവരെ പൊലീസ് കൈയേറ്റം ചെയ്യുകയും ബസ്സിലേക്ക് വലിച്ചിഴയ്ക്കുകയും ചെയ്തതായി കോൺഗ്രസ് ആരോപിച്ചു. കസ്റ്റഡിയിലെടുത്ത നേതാക്കളെ കിംഗ്സ്വേ ക്യാമ്പിലേക്ക് മാറ്റുകയും രാത്രി 10:15-ഓടെ വിട്ടയക്കുകയും ചെയ്തു. കസ്റ്റഡിയിലെടുത്ത് രണ്ടു മണിക്കൂറിനു ശേഷമാണ് ഇരുവരെയും വിട്ടയച്ചത്. ഇവർക്കൊപ്പം കസ്റ്റഡിയിലെടുത്ത മുഴുവൻ നേതാക്കളെയും പോലീസ് വിട്ടയച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
