കാണാതായിട്ട് ഒന്‍പത് ദിവസം; ശിവസൂര്യയ്ക്കായി എസ്.ഐ.ടി രൂപീകരിച്ച് അന്വേഷണം

News Desk
1 Min Read

കണ്ണൂർ പെരിങ്ങത്തൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയ്ക്കായി എസ്.ഐ.ടി രൂപീകരിച്ച് അന്വേഷണം. കണ്ണൂർ കമ്മീഷണറുടെ നേതൃത്വത്തിൽ അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കി. സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണ ഉദ്യോഗസ്ഥർ കുട്ടിയെ തിരഞ്ഞ് പുറപ്പെട്ടു. അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ബാലാവകാശ കമ്മീഷനും ആവശ്യപ്പെട്ടിട്ടുണ്ട്.

ശിവസൂര്യയെ കാണാതായിട്ട് ഇന്നേക്ക് ഒന്‍പത് ദിവസമായി. വീടിനടുത്തുള്ള സിസിടിവി ക്യാമറകൾ എല്ലാം പൊലീസ് പല ആവർത്തി പരിശോധിച്ചു. കുട്ടി വീടുവിട്ടത് ഉച്ചയ്ക്ക് ഒരു മണിക്കാണ്. ഇതിന് അടുത്തുള്ള സമയങ്ങളിലെ ദൃശ്യമാണ് പൊലീസ് പരിശോധിച്ചത്. പരിശോധനയിൽ ഒന്നും കണ്ടെത്താൻ കഴിയാത്തതിനാൽ ബാക്കി മണിക്കൂറുകളിലെ ദൃശ്യങ്ങളും പരിശോധിച്ചു തുടങ്ങി. തലശ്ശേരി റെയിൽവേ സ്റ്റേഷനിലെ ദൃശ്യങ്ങളും പല കുറി പരിശോധിച്ചിട്ടും തുമ്പൊന്നും കിട്ടിയിട്ടില്ല. ഇതിനു പിന്നാലെയാണ് അടുത്തുള്ള പ്രധാന ഇതര സംസ്ഥാന നഗരം എന്ന നിലയ്ക്ക് മൈസൂരുവിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നത്.

ഇതുവരെ തലശ്ശേരി എസ്പിയുടെ സ്ക്വാഡും ചൊക്ലി പൊലീസും നടത്തിയ അന്വേഷണത്തിൽ പുരോഗതി ഇല്ലാത്തതിനാൽ എസ്.ഐ.ടി രൂപീകരിക്കാൻ തീരുമാനമായി. സ്നിഫർ ഡോഗുകളെ ഉപയോഗിച്ച് കുട്ടിയുടെ വീട്ടിൽ വീണ്ടും പരിശോധന നടത്തി. നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സംസ്ഥാന ബാലാവകാശ കമ്മീഷൻ അധ്യക്ഷൻ ശിവസൂര്യയുടെ വീട്ടിലും ചൊക്ലി പൊലീസ് സ്റ്റേഷനിലും എത്തി അന്വേഷണ പുരോഗതി വിലയിരുത്തി. അന്വേഷണത്തിൽ തൃപ്തിയെന്ന് അധ്യക്ഷൻ കെ.വി.മനോജ് കുമാർ പറഞ്ഞു.

കുട്ടിയെ കാണാതായി 10 ദിവസം ആകുമ്പോഴും കണ്ടെത്താനാകാത്തതിനാൽ കുടുംബവും നാട്ടുകാരും ഒരുപോലെ ആശങ്കയിലാണ്. 3000 രൂപയും രണ്ടു ജോഡി വസ്ത്രവും എടുത്താണ് കാശിയിലേക്ക് പോകുന്നു എന്ന് കുറിപ്പെഴുതിവെച്ച് കുട്ടി വീടുവിട്ടത്. അമിത മൊബൈൽ ഗെയിം ഉപയോഗം തടഞ്ഞതിനു പിന്നാലെ ആയിരുന്നു കുട്ടിയുടെ ഇറങ്ങിപ്പോക്ക്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article