ആഡംബര ജീവിതം നയിക്കാൻ കുഞ്ഞിനെ വിറ്റ് മാതാപിതാക്കൾ: കുഞ്ഞിനെ കണ്ടെത്തി മഹാരാഷ്ട്ര പോലീസ്

News Desk
1 Min Read

മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗർ സ്വദേശികളായ ദമ്പതികൾ ഒരു മാസം പ്രായമുള്ള കുഞ്ഞിനെ ഒരു ലക്ഷം രൂപയിലധികം തുകയ്ക്ക് വിറ്റു. മർദനമേറ്റെന്നു കാട്ടി കുഞ്ഞിന്റെ അമ്മ നൽകിയ പരാതിയിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് കുഞ്ഞിനെ വിറ്റ സംഭവം ഇവർ വെളിപ്പെടുത്തിയത്.

തുടർന്ന് ഇവരെ അറസ്റ്റു ചെയ്ത പൊലീസ് ഛത്രപതി സംഭാജിനഗറിൽ നിന്ന് 550 കിലോമീറ്ററിലധികം ദൂരെയുള്ള ഹൈദരാബാദിൽ നിന്ന് കുഞ്ഞിനെ കണ്ടെത്തുകയും ചെയ്തു. ഈ കേസിൽ ഉൾപ്പെട്ട മറ്റ് വ്യക്തികളെയും അറസ്റ്റ് ചെയ്തു. ലിവ് ഇൻ റിലേഷനിലായിരുന്ന മാതാപിതാക്കൾ ആഡംബര ജീവിതത്തിനു പണം കണ്ടെത്തുന്നതിനാണ് കുഞ്ഞിനെ വിറ്റതെന്ന് പൊലീസ് പറഞ്ഞു. മൊബൈൽ ഫോണുകളും സ്വർണ്ണമാലയും വാങ്ങുകയായിരുന്നു പ്രധാന ലക്ഷ്യം. 

കുഞ്ഞിനെ രക്ഷപ്പെടുത്തുന്നതിന് മുൻപ് നാലു തവണ കൈമാറ്റം നടന്നതായി പൊലീസ് പറഞ്ഞു. മാതാപിതാക്കൾ‌ കുഞ്ഞിനെ സീമാ രേഷ്‌വാൾ എന്ന ഇടനിലക്കാരിക്ക് 1.2 ലക്ഷം രൂപയ്‌ക്കാണ് വിറ്റത്. സീമ പാഡെഗാവ് സ്വദേശിയായ മറ്റൊരു ഇടനിലക്കാരിയായ സംഗീത അവ്ഹാദിന് 2.7 ലക്ഷം രൂപയ്ക്കും, സംഗീത സുരേഷ് ഗുണ്ടുക്ക എന്ന പേരിലുള്ള ഒരു വ്യാജ ഡോക്ടർക്ക് 3.5 ലക്ഷം രൂപയ്‌ക്കും കുഞ്ഞിനെ വിറ്റു.

ഇയാൾ കുഞ്ഞിനെ ഹൈദരാബാദിൽ താമസിക്കുന്ന ഉമാ ഖട്കാം എന്ന ബന്ധുവിന് 3.5 ലക്ഷം രൂപയ്ക്ക് കൈമാറി. കുഞ്ഞിനെ അവസാനമായി വിറ്റത് ഹൈദരാബാദിലെ താമസക്കാരിക്ക് ആയതിനാൽ, പൊലീസ് ഹൈദരാബാദിലെത്തി കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു.

കേസിലെ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യാൻ നടപടികൾ ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു. മാതാപിതാക്കൾ, സീമാ രേഷ്‌വാൾ, സംഗീത അവ്ഹാദ്, സുരേഷ് ഗുണ്ടുക്ക എന്നിവരടക്കം ഏഴു പേരെ അറസ്റ്റ് ചെയ്‌തു.

കുഞ്ഞിനെ വിറ്റ് കിട്ടിയ പണം ഉപയോഗിച്ച് മാതാപിതാക്കൾ വാങ്ങിയ രണ്ടു പുതിയ വിലകൂടിയ മൊബൈൽ ഫോണുകളും സ്വർണ്ണമാലയും പൊലീസ് പിടിച്ചെടുത്തു. വ്യാജ ഡോക്ടർ ഉൾപ്പെടെയുള്ളവർ മുൻപും കുട്ടികളെ വിറ്റിട്ടുണ്ടോ എന്ന് കണ്ടെത്താൻ വിശദമായ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് പറഞ്ഞു. 

….

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!